കൊച്ചി: കേസ് കോടതിയിലെത്തും മുമ്പ് വിവരങ്ങൾ മാധ്യമങ്ങൾക്ക് കൈമാറിയതിൽ ദൂരുഹത. പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പൊലീസ് വാദത്തോട് ' ഇര'യ്ക്കും വിയോജിപ്പ്. ലിംഗ ഛേദത്തിനുപിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പൊലീസ് അന്വേഷണം നടന്നില്ല. മൊഴിയെടുത്തത് പോലും പേരിന് മാത്രം. മെഡിക്കൽ റിപ്പോർട്ടിലും പ്രതികൂലമായി ഒന്നുമില്ല. തെളിവില്ലാത്ത കേസിൽ കോടതി ഇടപെടൽ അനുകൂലമാവുമെന്നും പ്രതീക്ഷ.

തനിക്കെതിരെയുള്ള കേസിൽ ക്രൈംബ്രാഞ്ച് ഉടൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നുള്ള വാർത്തകളോട് സ്വാമി ഗംഗേശാനന്ദയുടെ പ്രതികരണം ഇങ്ങിനെ.

'കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങൾ വഴി വിവരമറിഞ്ഞത്. കേസിൽ വിദഗ്ധ നിയമോപദേശം തേടിയെന്നും ഉടൻ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും മറ്റും വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ പുറത്ത് വിട്ടതായിട്ടാണ് മനസ്സിലാവുന്നത്.

പൊതുസമൂഹത്തിൽ ഞാൻ തെറ്റുകാരനാണ് എന്ന് വരുത്തി തീർക്കുന്നതിനുള്ള പൊലീസിലെ ചിലരുടെ കളിയാണ് ഇതിന് പിന്നിലുള്ളത്. ഇത് വിലപ്പോവില്ല. ഭൂമിയിലെ കോടതിയേക്കാൾ ഞാൻ വിശ്വസിക്കുന്നത് ദൈവസന്നിധിയിലെ വിധിയിലാണ്. അത് ഇപ്പോൾ പ്രഖ്യപിക്കപ്പെട്ടു കഴിഞ്ഞു. മറ്റൊന്നിനെയും ഭയപ്പെടുന്നില്ല' സ്വാമി വ്യക്തമാക്കി.

ലിംഗം ഛേദിക്കൽ കേസിൽ വാർത്തമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന സ്വാമി, ആശുപത്രിവാസത്തിനും വിശ്രമത്തിനും ശേഷം വീണ്ടും കർമ്മ രംഗത്ത് സജീവമാവുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് നീക്കം നടത്തുന്നതായുള്ള വാർത്തകൾ പുറത്ത് വന്നിട്ടുള്ളത്. ചികത്സ ഫലിച്ചതിനൈത്തുടർന്ന തന്റെ ശാരീരിക സ്ഥിതി പൂർവ്വാവസ്ഥയിലെത്തിയതായി അടുത്തിടെ ഗംഗേശാനന്ദ അടുപ്പക്കാരെ അറിയിച്ചിരുന്നു.

ലിംഗഛേദം സംമ്പന്ധിച്ച പൊലീസ് കേസും പിന്നാലെയുള്ള ജയിൽ വാസത്തിനും ശേഷം സ്വാമി ഗംഗേശാനന്ദ തന്റെ ജീവിത ശൈലി പാടെ പരിഷ്‌കരിച്ചിരുന്നു. വേദ-വേദാന്തങ്ങൾക്കപ്പുറം പച്ചയായ ജീവിതം പകർന്ന പാഠങ്ങിളിലൂടെയും തിരിച്ചറിവുകളിലൂടെയുമാണ് ഇപ്പോൾ തന്റെ ജീവിതയാത്രയെന്നാണ് സ്വാമിയുടെ വെളിപ്പെടുത്തൽ. അടുത്തിടെ വയനാട്ടിലെ ആദിവാസി മേഖലയിലും ഗംഗേശാനന്ദ സന്ദർശനം നടത്തിയിരുന്നു.

സന്യാസിവര്യർ ജപവും പൂജയുമെല്ലാം നടത്തുന്നതിനൊപ്പം തന്നെ ഒപ്പമുള്ളവരുടെ ദുഃഖങ്ങൾ അകറ്റുന്നതിനും കഴിയുന്നതെല്ലാം ചെയ്യണമെന്ന മുൻ കാഴ്ചപ്പാട് വരുത്തി വച്ച ദുരിതങ്ങൾ ചെറുതല്ലന്നും ഇനി ജീവിത്തിൽ ഇത്തരം ചിന്തകൾക്ക് സ്ഥാനമില്ലെന്നും സ്വാമി വ്യക്തമാക്കി. ചട്ടമ്പി സ്വാമിയാണ് പരമഗുരു. ഞാൻ ദിവ്യനോ ഉപദേശകനോ അല്ല. സാധാരണ മനുഷ്യനാണ്. സ്വാമികൂട്ടിച്ചേർത്തു

തലസ്ഥാനത്ത് ചട്ടമ്പിസ്വാമികളുടെ ജന്മ-സ്ഥലത്ത് പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭ പരിപാടിയുടെ അമരക്കാരൻ എന്ന നിലയിലാണ് സ്വാമി ഗംഗേശാനന്ദ ശ്രദ്ധേയനായത്.