- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോഴത്തെ എല്ലാ വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത് ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമെന്ന് തന്നെ; ഇനി കണ്ടത്തേണ്ടത് ആരു കൊന്നുവെന്നും എന്തിന് കൊന്നുവെന്നും; ക്രൈംബ്രാഞ്ചിന് അന്വേഷിക്കാൻ പരിമിതികൾ ഏറെ; വെള്ളാപ്പള്ളിയുടെ പ്രതീക്ഷ സിബിഐയിൽ
തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ വെളിപ്പെടുത്തലുകൾ തുടരുന്നു. അതുകൊണ്ട് തന്നെ കേസ് പുനരന്വേഷിച്ചാൽ ഈ മൊഴികളെല്ലാം പൊലീസിന് പരിശോധിക്കേണ്ടി വരും. അതിനിടെ സ്വാമിയുടെ മരണത്തിൽ ബിജു രമേശ് പറഞ്ഞ കാര്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവുമായി ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജിയും നൽകി. അടുത്തയാഴ്ച ഇത് കോടതി പ
തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ വെളിപ്പെടുത്തലുകൾ തുടരുന്നു. അതുകൊണ്ട് തന്നെ കേസ് പുനരന്വേഷിച്ചാൽ ഈ മൊഴികളെല്ലാം പൊലീസിന് പരിശോധിക്കേണ്ടി വരും. അതിനിടെ സ്വാമിയുടെ മരണത്തിൽ ബിജു രമേശ് പറഞ്ഞ കാര്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവുമായി ആലുവ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജിയും നൽകി. അടുത്തയാഴ്ച ഇത് കോടതി പരിഗണിക്കും. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയും കൂടതൽ പ്രതിരോധത്തിൽ ആവുകയാണ്. ഈ കേസിൽ ആരും വെള്ളാപ്പള്ളിയെ പ്രതിരോധിക്കാൻ രംഗത്തില്ല. അതിനിടെ സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു സർക്കാർ അന്വേഷണം പ്രഖ്യാപിച്ചേക്കും. ക്രൈംബ്രാഞ്ച് എഡിജിപി: എസ്. അനന്തകൃഷ്ണന്റെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഏതുതരം അന്വേഷണമെന്നു തീരുമാനിക്കുക. സിബിഐ അന്വേഷണം, കേസിൽ തുടരന്വേഷണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഉയർന്നിട്ടുള്ളത്.
അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ ഒട്ടും വൈകരുതെന്നു കെപിസിസി അധ്യക്ഷൻ വി എം. സുധീരൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശാശ്വതീകാനന്ദയുടെ കുടുംബാംഗങ്ങൾക്കു കൂടി തൃപ്തി വരുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നാണ് അദ്ദേഹം നിർദ്ദേശിച്ചത്. ഏതായലും ക്രൈംബ്രാഞ്ച് റിപ്പോർട്ട് തന്നെയാകും നിർണ്ണായകം. സംഭവത്തിൽ വിവാദങ്ങൾ ഒഴിവാക്കാ സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിറക്കിയേക്കും. സിപിഎമ്മും ഈ ആവശ്യവുമായി രംഗത്തുള്ളതിനാലാണ് ഇത്. എന്നാൽ കേന്ദ്ര സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് സിബിഐ എത്തിയാലും കേസിൽ നിന്ന് തടിയൂരാമെന്നാണ് വെള്ളാപ്പള്ളിയുടെ പ്രതീക്ഷ. ശിവഗരി മഠത്തിൽ അബ്ദുൾ നാസർ മദനിയുമായി ചേർന്നാണ് ആർഎസ്എസ് നീക്കങ്ങളെ ശാശ്വതീകാനന്ദ മുമ്പ് പരാജയപ്പെടുത്തിയത്. അന്ന് മുതൽ തന്നെ സംഘപരിവാർ രാഷ്ട്രീയത്തിനും സ്വാമിയോട് താൽപ്പര്യക്കുറവുണ്ടായിരുന്നു. നിലവിലെ രാഷ്ട്രീയ സഖ്യം കൂടി കണക്കിടലുടുക്കുമ്പോൾ വെള്ളാപ്പള്ളിയെ രക്ഷിക്കാൻ ബിജെപി എത്തുമെന്നാണ് എസ്എൻഡിപി നേതൃത്വത്തിന്റെ വിലയിരുത്തൽ.
അതിനിടെ അസ്വഭാവികത ഉണ്ടായിരുന്നതായും പോസ്റ്റുമോർട്ടം നിർദ്ദേശിച്ചത് താനാണെന്നും മുൻ ഡിജിപി വി.ആർ രാജീവൻ വെളിപ്പെടുത്തി. താൻ ദക്ഷിണ മേഖലാ എഡിജിപി സ്ഥാനം വഹിക്കവേ ആയിരുന്നു സ്വാമിയുടെ മരണം. മരണത്തിൽ അസ്വഭാവികത തോന്നിയതിനാൽ താൻ പോസ്റ്റുമോർട്ടം നിർദ്ദേശിക്കുകയായിരുന്നുവെന്നും എന്നാൽ, പൊതു അഭിപ്രായം ഇതിന് എതിരായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ രാജീവന്റെ വെളിപ്പെടുത്തൽ ഏറെ നിർണ്ണായകമാണ്. സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ തന്റെ പേരിൽ പൊലീസ് രേഖപ്പെടുത്തിയ മൊഴി വ്യാജമെന്ന് ബിജു രമേശും വ്യക്തമാക്കുന്നു. കേസിൽ താൻ പറഞ്ഞ കാര്യങ്ങൾ മൊഴിക്കൊപ്പം രേഖപ്പെടുത്തിയിട്ടില്ല. ഇക്കാര്യത്തിൽ എസ്.ഐ സഹദേവനെ ചോദ്യം ചെയ്താൽ കൂടുതൽ സത്യങ്ങൾ വെളിപ്പെടുമെന്നും ബിജു രമേശ് പറഞ്ഞു.
ശിവഗിരി മഠാധിപതിയായിരുന്ന ശാശ്വതീകാനന്ദയുടെ മൊഴിയെടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്‌പി കേവലമൊരു എസ്.ഐയെ ആണ് അയച്ചത്. അദ്ദേഹം വഴിയിൽവച്ച് ചില കാര്യങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തത്. താൻ പറഞ്ഞ കാര്യങ്ങൾ രേഖപ്പെടുത്താൻ പോലും തയ്യാറായില്ല. സ്‌റ്റേറ്റ്‌മെന്റെടുക്കാൻ പിന്നെ വരാമെന്നു പറഞ്ഞ സഹദേവനെ പിന്നീട് പുതിയ വിവാദമുണ്ടായശേഷം ചാനലിലൂടെയാണ് കാണുന്നത്. ബാഹുലേയൻ വധക്കേസിലും വെള്ളാപ്പള്ളി സാക്ഷികളെ സ്വാധീനിച്ച് രക്ഷപ്പെടുകയായിരുന്നുവെന്നും ബിജു രമേശ് ആരോപിച്ചു. ഇതും അടുത്ത അന്വേഷണത്തിൽ പരിഗണിക്കേണ്ടി വരും. സ്വാമിയുടെ മൃതദേഹം കരയ്ക്കടിപ്പിച്ചപ്പോൾ നെറ്റിയിൽ കണ്ട ആഴമേറിയ മുറിവ്, ആലുവ പുഴക്കരയിലെ മണ്ണിൽ കണ്ട ചോരപ്പാടുകൾ, യോഗാഭ്യാസിയും ഒരു നല്ല നീന്തൽ വിദഗ്ധനും ആണെന്ന സാഹചര്യം തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇപ്പോൾ വീണ്ടും ചർച്ചാവിഷയമായി മാറിയിരിക്കുന്നത്.
2002 ജൂലായ് 1 ന് സ്വാമി ശാശ്വതീകാനന്ദയെ ആലുവ അദ്വൈതാശ്രമത്തിലെ കുളിക്കടവിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഫയർ ഫോഴ്‌സ് എത്തിയായിരുന്നു അന്ന് മൃതദേഹം കരയ്ക്കടുപ്പിച്ചത്. മൃതദേഹം പുഴയിൽ നിന്ന് കരയ്ക്കടുപ്പിച്ചപ്പോൾ കണ്ടെത്തിയ നെറ്റിയിലെ ആഴത്തിലുള്ള മുറിവ് അന്നേ സംശയത്തിന് ഇട നൽകിയിരുന്നു. നെറ്റിയിൽ കണ്ടെത്തിയ ആഴത്തിലുള്ള മുറിവ് മൃതദേഹം കമ്പുകൊണ്ട് കുത്തി കരയ്ക്കടുപ്പിക്കുമ്പോൾ പറ്റിയതാണെന്നായിരുന്നു അന്നത്തെ വിശദീകരണം. കുളിക്കടവിലെ മണ്ണിൽ കണ്ട ചോരപ്പാടുകൾക്കും കൃത്യമായ ഉത്തരമില്ലായിരുന്നു. മരണത്തിന് മുമ്പ് സ്വാമിയ്‌ക്കൊപ്പം ഉണ്ടായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ സന്തത സഹചാരിയായിരുന്നു ഡ്രൈവർ സാബു. അതിന് ശേഷം ഏറെ നാൾ അപ്രത്യക്ഷനായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. നുണപരിശോധനയ്ക്ക് വിധേയനാകാൻ അന്ന് സാബു വിസമ്മതിച്ചു. ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നൽകിയപ്പോൾ സുപ്രീം കോടതിയിൽ വിദഗ്ധരായ അഭിഭാഷകരെ വച്ച് വാദിച്ച് സാബു പരിശോധനയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. ഇതെല്ലാം ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം. ഇതെല്ലാം അന്വേഷിച്ചാൽ വെള്ളാപ്പള്ളിയും മകനും കുടുങ്ങുമെന്നാണ് ആരോപണം ഉന്നയിക്കുന്നവരുടെ പക്ഷം.
വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കാൻ ശാശ്വതീകാനന്ദസ്വാമി തീരുമാനിച്ചിരുന്നെന്ന് സ്വാമിയുടെ സഹോദരി കെ.ശാന്തകുമാരി. യോഗത്തിലെ സാമ്പത്തിക തിരിമറിയെ സ്വാമി ചോദ്യംചെയ്തിരുന്നു. വെള്ളാപ്പള്ളിക്കും മകനും അക്കാരണത്താൽ അദ്ദേഹത്തോട് പകയുണ്ടായിരുന്നു. അതിന്റെ പേരിലാണ് ഗൾഫിൽവച്ച് സ്വാമിക്ക് മർദ്ദനമേറ്റത്. സ്വാമിയുടെ മരണത്തിൽ വെള്ളാപ്പള്ളിയെ ചോദ്യംചെയ്യാൻ തയ്യാറാകണം. കഴിഞ്ഞതവണ അന്വേഷണം വെള്ളാപ്പള്ളിയുടെ അടുത്തേക്ക് എത്തിയിരുന്നില്ല. കേസ് അട്ടിമറിക്കാൻ പലതവണ ശ്രമമുണ്ടായി. സ്വാമിയുടെ സന്തതസഹചാരിയും സംഭവത്തിന് ദൃക്‌സാക്ഷിയുമായ സാബുവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കണം. ശിവാനന്ദഗിരി സ്വാമിയാണ് കേസിൽ ആദ്യംമുതൽതന്നെ സഹായിക്കുന്നത്. സംഭവങ്ങളെല്ലാം വ്യക്തമായി അറിയാമെന്ന് മറ്റൊരു സ്വാമിയും പറഞ്ഞിട്ടുണ്ട്. അവർക്ക് രണ്ടുപേർക്കുംനേരെ ഭീഷണിയുണ്ടായിരുന്നുവെന്നും പറയുന്നു.
പരാതിയെപ്പറ്റി സിബിഐ. അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി പറയുന്നത് സംശയാസ്പദമാണ്. സംശയിക്കപ്പെടുന്നവർതന്നെ വാദിഭാഗത്താണെന്ന് കാണിക്കാനുള്ള തന്ത്രമാണിതെന്നും ശാന്തകുമാരി ആരോപിച്ചു. എസ്.എൻ.കോളേജിൽ ജോലി ചെയ്തിരുന്നപ്പോൾ സ്വാമിയുടെ മരണത്തെത്തുടർന്ന് തുടർച്ചയായി സ്ഥലംമാറ്റവും പീഡനങ്ങളും അനുഭവിക്കേണ്ടിവന്നതായും അവർ പറഞ്ഞു. അതിനിടെ വെള്ളാപ്പള്ളി നടേശനെതിരെ സിപിഐ(എം) ഉന്നയിക്കുന്ന ആരോപണങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നു താൻ ആവശ്യപ്പെട്ടിട്ടില്ലെന്നു ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള വിശദീകരിച്ചതും ശ്രദ്ധേയമാണ്. ഇതു സംബന്ധിച്ചു ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ല. രണ്ടു ചാനലുകൾ ക്രിമിനൽ കേസിൽ പുനരന്വേഷണത്തിന്റെ നിയമസാധ്യത ശാശ്വതീകാനന്ദ കേസിന്റെ പശ്ചാത്തലത്തിൽ ആരായുകയും താൻ മറുപടി നൽകുകയുമാണുണ്ടായത്. ഇതു വളച്ചൊടിച്ചു ബിജെപിയിൽ രണ്ടഭിപ്രായം എന്ന മട്ടിൽ വാർത്ത പ്രചരിപ്പിക്കുകയാണ്. വെള്ളാപ്പള്ളിയുടെ രംഗപ്രവേശത്തോടെ ബിജെപി മുന്നോട്ടു വച്ചിട്ടുള്ള മൂന്നാം രാഷ്ട്രീയശക്തി ഫലപ്രദമായ രാഷ്ട്രീയബദലായി മാറിയിരിക്കുകയാണ്. ഇതിൽ വിറളി പൂണ്ട യുഡിഎഫും എൽഡിഎഫും ഈ മൂന്നാം ശക്തിയെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയാണെന്നും ബിജെപി നേതാവ് പറയുന്നു.
ഏതായാലും രാഷ്ട്രീയ കാലാവസ്ഥ വെള്ളാപ്പള്ളിക്ക് എതിരാണ്. സിപിഎമ്മും കോൺഗ്രസും പുതിയ പാർട്ടീ രൂപീകരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയുമായി തെറ്റി. ഈ സാഹചര്യത്തിൽ ആരോപണമെല്ലാം പരിശോധിക്കപ്പെടും. ഒരു കേസിൽ തുടരന്വേഷണം പ്രഖ്യാപിക്കണമെങ്കിൽ ആരെങ്കിലും പുതിയ തെളിവു ഹാജരാക്കുകയോ, പുതിയ വെളിപ്പെടുത്തൽ നടത്തുകയോ വേണം. ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച ആക്ഷേപം ഒരിക്കൽ സുപ്രീം കോടതി വരെയെത്തിയ കേസാണ്. മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും മുങ്ങിമരണമാണെന്നുമാണു രണ്ടു വർഷം മുൻപു ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കേസ് അവസാനിപ്പിച്ചു കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചു. ഇനി തുടരന്വേഷണം വേണമെങ്കിൽ ഇപ്പോഴത്തെ വെളിപ്പെടുത്തലുകൾ പരിശോധിച്ച് അന്വേഷണ ഉദ്യോഗസ്ഥനു ബോധ്യംവരണം. ആ പരിശോധനയാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിൽ നടക്കുന്നത്. സ്വാമിയുടെ മരണം കൊലപാതകമാണെന്നതിനു തെളിവുണ്ടെന്നാണു ബിജു രമേശ് പറഞ്ഞത്. സ്വാഭാവികമായും ആ തെളിവ് എന്താണെന്നു ക്രൈംബ്രാഞ്ച് പരിശോധിക്കും.