ശ്രീനാരായണധർമ്മസംഘത്തിന്റെ മുൻപ്രസിഡന്റും തികഞ്ഞ സന്ന്യാസി ശ്രേഷ്ടനുമായ സ്വാമി സ്വരൂപാനന്ദയെ ഇന്ന് ശിവഗിരിതീർത്ഥാടന സമ്മേളനത്തിൽ ആദരിക്കും. 102 വയസ് തികഞ്ഞ സ്വാമി ഇപ്പോൾ ശീനാരായണഗുരുവിലുള്ള അചഞ്ചല ഭക്തിയും വിശ്വാസവുമായി ശിവഗിരിമഠത്തിൽ വിശ്രമജീവിതം നയിക്കുകയാണ്.

തൃശൂർ പേരാമംഗലം എടത്തറവീട്ടിൽ കറുപ്പന്റെയും കാളിയുടെയും മകനായി ജനിച്ച  വേലായുധൻ എന്ന കൗമാരക്കാരൻ  രക്ഷകർത്താക്കൾ വിവാഹത്തിന് നിർബന്ധിച്ചതോടെ വീടുവിട്ടിറങ്ങുകയായിരുന്നു. പേരാമംഗലം സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ശാന്തിക്കാരനായിട്ടാണ് സന്ന്യാസി ജീവിതത്തിന് തുടക്കമിടുന്നത്. പൊങ്ങണംകാട്ടിൽ ശിവാനന്ദസ്വാമിയോടൊപ്പം കുറെക്കാലം കഴിഞ്ഞു. ശിവഗിരിമഠത്തിൽ മഠാധിപതിയായിരുന്ന ശങ്കരാനന്ദ സ്വാമികളുമായുണ്ടായ അടുപ്പത്തെത്തുടർന്ന് ശിവഗിരിയിലെത്തി. അദ്ദേഹത്തിൽ നിന്ന് സന്ന്യാസദീക്ഷ സ്വീകരിച്ചു.

പൊങ്ങണംകാട് ശ്രീനാരായണ ആശ്രമത്തിന്റെ ചുമതലയിൽ ഇരുപത് വർഷം കഴിഞ്ഞു. ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ പ്രസിഡന്റായി  പ്രവർത്തിച്ചശേഷമാണ് ഇപ്പോൽ ശിവഗിരിയിൽ വിശ്രമത്തിലാണ് ഇദ്ദേഹം.