സ്വാമി വിവേകാനന്ദൻ സ്വപ്നങ്ങൾ കാണുന്ന വ്യക്തിയായിരുന്നു. രാത്രിയും പകലും അദ്ദേഹം വലിയ സ്വപ്നങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ സ്വപ്നത്തിലെ ഒരേയൊരു വികാരം ഇന്ത്യ എന്നതായിരുന്നു. ഇന്ത്യയെന്ന വാക്യം അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ അഗാധതലങ്ങളിൽ അനിതരസാധാരണമായ വികാരങ്ങളാണ് ഇളക്കിവിട്ടത്. ഭാരതത്തിലെ എക്കാലത്തെയും ഏറ്റവും വലിയ രാജ്യസ്‌നേഹിയായിരുന്നു അദ്ദേഹം. മഹാത്മാഗാന്ധിയുടെ സാക്ഷ്യപത്രം ഇതിന് ശക്തി പകരുന്നതാണ്. 1921 ൽ ബേലൂർ മഠം സന്ദർശിച്ച ഗാന്ധിജി, സ്വാമി വിവേകാനന്ദന്റെ കൃതികൾ വായിച്ചതിനുശേഷം തന്റെ രാജ്യസ്‌നേഹം ആയിരം മടങ്ങ് വർധിച്ചതായി സന്ദർശക പുസ്തകത്തിൽ രേഖപ്പെടുത്തിയിരുന്നു.

സ്വാമി വിവേകാനന്ദന്റെ പാശ്ചാത്യ നാടിൽ നിന്നുള്ള ശിഷ്യയായ സിസ്റ്റർ ക്രിസ്റ്റെൻ തന്റെ ഓർമ്മക്കുറിപ്പിൽ ഇങ്ങനെ എഴുതുന്നു-''ഞങ്ങൾക്ക് ഇന്ത്യയോടുള്ള സ്‌നേഹം ജനിക്കുന്നത് ഞങ്ങൾ വിവേകാനന്ദന്റെ മാസ്മരിക ശബ്ദത്തിൽ ആദ്യമായി ഇന്ത്യ എന്ന് ഉച്ചരിച്ചു കേട്ടപ്പോയാണ്. അഞ്ച് അക്ഷരങ്ങളുള്ള ഒരു ചെറിയ വാക്യത്തിൽ ഒരുപാട് കാര്യങ്ങൾ ഉൾക്കൊള്ളാനാവുന്നത് മാസ്മരികമായിത്തോന്നി. അതിൽ സ്‌നേഹം, അഭിനിവേശം , അഭിമാനം, ആഗ്രഹം, ആരാധന, ദുരന്തം, ശൗര്യം, ഗൃഹാതുരത്വം എന്നിവയുണ്ട്. ഇതോരോന്നും ഉണ്ടാക്കുന്ന അനുഭൂതി വ്യത്യസ്തമായിരിക്കും. തന്റെ വാക്കുകൾ കേൾക്കുന്നവരിൽ സ്‌നേഹം ജനിപ്പിക്കുന്ന മാന്ത്രികത അദ്ദേഹത്തിനുണ്ടായിരുന്നു. മാതൃരാജ്യത്തോടുള്ള സ്‌നേഹം മാത്രമായിരുന്നു അദ്ദേഹത്തെ ഈ ലോകത്തോട് ബന്ധിപ്പിച്ച് നിർത്തിയത്. അദ്ദേഹം ജന്മനാ ഒരു യോഗിയായിരുന്നു. മഹാനായ ചിന്തകൻ ആയിരുന്നു അദ്ദേഹ. ആഴത്തിലുള്ള ധ്യാനത്തിൽ മുഴുകുക എന്നത് അദ്ദേഹത്തിന്റെ മനസ്സിന്റെ സ്വാഭാവിക പ്രേരണയായിരുന്നു. പക്ഷേ മാതൃരാജ്യത്തെ സേവിക്കാനായി അദ്ദേഹം ഇതെല്ലാം ത്യജിച്ചു.

തന്റെ കൈവെള്ളയിലെന്നപോലെ ഇന്ത്യയെക്കുറിച്ച് എല്ലാ കാര്യങ്ങളും സ്വാമി വിവേകാനന്ദന് അറിയാമായിരുന്നു. ഈ ജ്ഞാനത്തിന്റെ അടിസ്ഥാനവും സ്‌ത്രോതസ്സും എന്തായിരുന്നു? ചരിത്രത്തിൽ അതീവ തൽപ്പരനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിന് ഇന്ത്യയുടെ ഉജ്വലമായ ഭൂതകാലത്തെക്കുറിച്ച് അഗാധ ജ്ഞാനമുണ്ടായിരുന്നു. പ്രായോഗികതയിലൂന്നിയ സമീപനം രാജ്യത്തിന്റെ അക്കാലത്തെ അവസ്ഥ മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിച്ചു. ഗുരുവും മാർഗദർശിയുമായിരുന്ന ശ്രീരാമകൃഷ്ണന്റെ മരണത്തിനുശേഷം രാജ്യം മുഴുവൻ കാൽനടയായി അദ്ദേഹം തീർത്ഥാടനം നടത്തി. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരെ അദ്ദേഹം കണ്ടു. അതിൽ പണക്കാരും പാവങ്ങളുമുണ്ടായിരുന്നു. ഏറെ അറിവുള്ളവരും അറിവില്ലാത്തവരുമുണ്ടായിരുന്നു. ഉയർന്ന ജാതിയിലുള്ളവരും താഴ്ന്ന ജാതിയിലുമുള്ളവരുമുണ്ടായിരുന്നു. മഹാരാജാക്കന്മാർ മുതൽ യാചകർ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. തന്റെ യാത്രയിലൂടെ നേടിയ അറിവ് രാജ്യത്തിന്റെ അവസ്ഥയുടെയും അതിന്റെ തകർച്ചയുടെയും കാരണങ്ങൾ അദ്ദേഹത്തെ ബോധ്യപ്പെടുത്തി. ദീർഘ ദർശനവും അസാമാന്യ ബുദ്ധിപാടവും, സൗമ്യ ഹൃദയവുമുള്ള അദ്ദേഹത്തിന് ഇന്ത്യയുടെ രോഗങ്ങളെ ചികിത്സിക്കാനും പഴയ പ്രതാപം വീണ്ടെടുക്കാനും സാധ്യമായിരുന്നു. രാജ്യത്തിന്റെ അധ:പതനത്തിൽ അദ്ദേഹം ഏറെ വേദനയനുഭവിച്ചു. അദ്ദേഹം പറഞ്ഞു. ഈ ദേശീയതയുടെ കപ്പലിന് ദ്വാരങ്ങളുണ്ടെങ്കിൽ, ഈ സമൂഹം നമ്മുടേതാണ്; നമ്മളതിന്റെ സന്താനങ്ങളാണ്. ആ ദ്വാരങ്ങൾ നമ്മൾ അടക്കേണ്ടതുണ്ട്. നമ്മുടെ ഹൃദയരക്തം കൊണ്ട് നമുക്കത് സന്തോഷകരമായി ചെയ്യാം; നമുക്കതിനു കഴിയുന്നില്ലെങ്കിൽ പിന്നെ നമുക്ക് മരിക്കാം''.

പടിഞ്ഞാറൻ രാജ്യങ്ങളിലെ തന്റെ പേരും പെരുമയും ഉയർത്തിയ അഞ്ചുവർഷത്തെ സന്ദർശനത്തിനുശേഷം തിരിച്ചു പോകാനൊരുങ്ങി അവസരത്തിൽ മാതൃരാജ്യത്തേക്ക് മടങ്ങുമ്പോഴുള്ള വികാരം എന്താണെന്ന് ഒരു വിദേശി വിവേകാനന്ദനോടു ചോദിച്ചു. മറുപടിയായി അദ്ദേഹം പറഞ്ഞു. ''ഞാൻ ഇങ്ങോട്ട് വരുന്നതിനുമുമ്പ് ഇന്ത്യയെ സ്‌നേഹിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിലെ ഓരോ മണൽത്തരിയും എനിക്ക് വിശുദ്ധമാണ്. ഇന്നതൊരു വിശുദ്ധ ഭൂമിയാണ്, തീർത്ഥാടന കേന്ദ്രമാണ്, തീർത്ഥമാണ്''.

ഇന്ത്യയുടെ തകർച്ചയുടെ കാരണങ്ങൾ സ്വാമി വിവേകാനന്ദൻ കൃത്യമായി മനസ്സിലാക്കിയിരുന്നു. അതിലൊന്ന് ഇന്ത്യയുടെ ദേശീയ ശാപമായി കണക്കാക്കി ഒരു വിഭാഗം ജനതയെ അവഗണിച്ചതായിരുന്നു. സ്വാമി വിവേകാനന്ദൻ പറഞ്ഞു. ദരിദ്രരായ, താഴോക്കിടയിലുള്ള ജനതയക്ക് സുഹൃത്തുക്കളില്ല, ഒരു സഹായവും ലഭ്യമാവുന്നില്ല. എത്ര ശ്രമിച്ചിട്ടും അവർക്ക് ഉയരാനാവുന്നില്ല. ഓരോ ദിവസവും അവർ കൂടുതൽ ആഴങ്ങളിലേയ്ക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു. ക്രൂരമായ ഒരു സമൂഹം അടിച്ചേൽപ്പിക്കുന്ന ആഘാതം അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എവിടെനിന്നാണ് ഈ ആഘാതം വന്നുകൊണ്ടിരിക്കുന്നതെന്ന് അവർ അറിയുന്നില്ല. ദശലക്ഷങ്ങൾ മതത്തിന്റെ പേരിൽ അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഒരു പ്രത്യേക വിഭാഗം മാത്രം വിഭ്യാഭ്യാസം കുത്തകയാക്കിവച്ചതാണ് ഇന്ത്യയുടെ തകർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. അലസത, ഊർജ്ജസ്വലത ഇല്ലായ്മ, കാരുണ്യമില്ലായ്മ തുടങ്ങിയവയാണ് എല്ലാ കഷ്ടതകൾക്കും കാരണമെന്നും അവ വെടിയുക തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറ്റുള്ളവരെ ഒഴിവാക്കുന്ന പ്രവണതയാണ് നമ്മുടെ മറ്റൊരു ദോഷമായി അദ്ദേഹം കാണുന്നത്. മുത്തുചിപ്പിയെപ്പോലെ ഇന്ത്യ. അതിന്റെ പുറംതോടിനുള്ളിലേക്ക് വലിഞ്ഞ്, മനുഷ്യരാശിയിൽപ്പെട്ട മറ്റ് വർഗ്ഗങ്ങൾക്ക് തങ്ങളുടെ ആഭരണങ്ങളും, നിധിയും മറ്റും നൽകാൻ മടിച്ചു. ആര്യന്മാരില്ലാത്ത രാജ്യങ്ങൾക്ക് ജീവിത സത്യങ്ങൾ പകർന്ന്‌കൊടുക്കാനും ഇന്ത്യ വിസമ്മതിച്ചു. പുറംലോകത്തെ നാം കൊട്ടിയടച്ച് ആശയങ്ങൾ അകത്തേക്കും പുറത്തേക്കും കൈമാറാത്തതാക്കി; ഒരു പൊതുകാര്യത്തിനുവേണ്ടി ഒത്തുചേരുന്ന രീതി ഇല്ലായിരുന്നതും രാജ്യത്തിന്റെ മറ്റൊരു പോരായ്മയായി അദ്ദേഹം കണ്ടിരുന്നു. ഏതൊരു സംഘടയ്ക്കും പ്രാഥമികമായി ഉണ്ടായിരിക്കേണ്ട അച്ചടക്കം വംശം എന്ന നിലയ്ക്ക് നമുക്ക് ഇല്ല.

അദ്ദേഹം പറഞ്ഞു: ''ഉപനിഷത്തുക്കളുടെ മഹത്വവും ഋഷിവര്യന്മാരുടെ പുകൾപെറ്റ പാരമ്പര്യവുമൊക്കെ ഉണ്ടെങ്കിലും നാം വളരെ വളരെ ദുർബലരാണ്. ഒന്നാമതായി നമ്മുടെ കായികമായ ശേഷിക്കുറവ്. നമ്മുടെ ദുരിതങ്ങളിൽ മൂന്നിലൊന്നിന്റേയും കാരണം ഈ ദൗർബല്യമാണ്. നാം അലസരാണ്; നമുക്ക് ഒന്നിച്ച് പ്രവർത്തിക്കാൻ ആവില്ല; ഒത്തുചേരാനാവില്ല; പരസ്പരം സ്‌നേഹിക്കാനാവില്ല; നാം അത്യന്തം സ്വാർത്ഥരുമാണ്; പരസ്പരം വെറുക്കാതെയും അസൂയപ്പെടാതെയും ഒത്തുചേരാനുമാവില്ല'.

ചവിട്ടി മെതിക്കപ്പെട്ട സ്ത്രീത്വമാണ് ഇന്ത്യയുടെ തരംതാഴലിന്റെ മറ്റൊരു പ്രധാനകാരണം. ലോകത്ത് തന്നെ ദുർബലമായ രാജ്യങ്ങളിലൊന്നായി നാം മാറാൻ കാരണം ശക്തിയെ ആദരിക്കാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദൻ കണ്ടെത്തിയ കാരണങ്ങൾക്ക് പുറമെ അഴിമതിയും മറ്റൊരു കാരണമായി. എന്നാൽ സ്വാമിജി തന്നെ നിർദ്ദേശിച്ച പരിഹാരങ്ങൾ ഈ വ്യാധി മാറ്റാൻ ഉതകും.

പുനരുജ്ജീവനത്തിന്റെ വഴി എന്താണ്? ജനങ്ങളുടെ നഷ്ടപ്പെട്ട വ്യക്തിത്വവും ആത്മവിശ്വാസവും വീണ്ടെടുക്കുകയാണ് ഈ ദിശയിലെ ആദ്യ ചുവട്. രാജ്യം ജീവിക്കുന്നത് കുടിലുകളിലാണെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദൻ ജനങ്ങൾക്ക് കൂടുതൽ വിദ്യാഭ്യാസവും നല്ല ഭക്ഷണവും പരിചരണവും ലഭിക്കാതെ എന്ത് രാഷ്ട്രീയമുണ്ടായാലും അതുകൊണ്ട് ഒരു ഗുണവുമില്ലെന്ന് ചൂണ്ടിക്കാട്ടി. പാവപ്പെട്ടവർക്ക് തൊഴിൽ ലഭ്യമാക്കാൻ ഭൗതിക സംസ്‌ക്കാരം അനിവാര്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. സ്വാമി വിവേകാനന്ദൻ പറഞ്ഞു: ''അന്നം!അന്നം! ഭൂമിയിൽ അന്നം തരാതെ സ്വർഗത്തിൽ പരമാനന്ദം നല്കുന്ന ഒരു ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നില്ല''.
സ്ത്രീകളുടെ ഉന്നമനം ഏറ്റവും പ്രാധാന്യം അർഹിക്കുന്നുവെന്ന് പറഞ്ഞ സ്വാമി വിവേകാനന്ദൻ അതിലൂടെ മാത്രമേ രാജ്യത്തിന് എന്തെങ്കിലും നന്മയുണ്ടാകു എന്ന് ചൂണ്ടിക്കാട്ടി. അദ്ദേഹം പറഞ്ഞു ' സ്ത്രീയെ ആദരിക്കാത്ത ഒരു രാഷ്ട്രം ഒരിക്കലും മഹത്തായ രാഷ്ട്രമാവില്ല'.

നമ്മുടെ മാതൃഭൂമിയെ പുനരുജജീവിക്കാൻ വിദ്യാഭ്യാസത്തിനാണ് സ്വാമി വിവേകാനന്ദൻ ഊന്നൽ കൊടുത്തത്. അദ്ദേഹം പറഞ്ഞു ''വിദ്യാഭ്യാസം, വിദ്യാഭ്യാസം, വിദ്യാഭ്യാസം മാത്രം യൂറോപ്പിലെ നിരവധി നഗരങ്ങളിലൂടെ യാത്ര ചെയ്യവെ അവിടത്തെ പാവപ്പെട്ടവരുടെ പോലും വിഭ്യാഭ്യാസവും, സുഖസൗകര്യങ്ങളും കണ്ടപ്പോൾ നമ്മുടെ നാട്ടിലെ പാവങ്ങളുടെ സ്ഥിതിയോർത്ത് എന്റെ കണ്ണ് നിറഞ്ഞു. എന്താണ് ഈ വ്യത്യാസത്തിന് കാരണം? വിദ്യാഭ്യാസം എന്നതാണ് അതിന്റെ ഉത്തരമായി എനിക്ക് ലഭിച്ചത്''.

ജനങ്ങളിൽ വിഭ്യാഭ്യാസം പ്രചരിക്കുന്നതിന് ആനുപാതികമായിട്ടായിരിക്കും ഒരു രാഷ്ട്രത്തിന്റെ പുരോഗതി എന്നാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. പക്ഷേ ഏത് തരത്തിലുള്ള വിദ്യാഭ്യാസമാണ് അദ്ദേഹം മുന്നോട്ട് വച്ചത് ? സ്വാമി വിവേകാനന്ദന്റെ അഭിപ്രായത്തിൽ മനുഷ്യനിൽ സ്വതവെ ഉള്ള പരിപൂർണ്ണതയുടെ ആവിഷ്‌ക്കാരമാണ് വിഭ്യാഭ്യാസം. ഒരു മനുഷ്യൻ ശരിക്കും പഠിക്കുന്നത് തന്റെ സ്വന്തം ആത്മാവ് തുറക്കുമ്പോൾ ലഭിക്കുന്ന അനന്തമായ അറിവിന്റെ ഖനി കണ്ടെത്തുമ്പോഴാണ്.

വിദ്യാർത്ഥികൾക്ക് അവരിൽ അന്തർലീനമായ ശക്തിയേയും വിജ്ഞാനത്തേയും ആവിഷ്‌ക്കരിക്കാൻ സഹായിക്കുന്ന തരത്തിലായിരിക്കണം നമ്മുടെ വിദ്യാഭ്യാസ പ്രക്രിയ. വ്യക്തിത്വ വികസനത്തിനും, മനുഷ്യനിർമ്മിതിക്കും ഉതകുന്ന വിദ്യാഭ്യാസത്തെയാണ് അദ്ദേഹം പിന്തുണച്ചത്. സ്വാമി വിവേകാനന്ദൻ പറഞ്ഞു: ''സ്വഭാവ രൂപീകരണത്തിന് ഉതകുന്നതും,മനഃശക്തി കൂട്ടുന്നതും, ബുദ്ധിവികസിപ്പിക്കുന്നതും, സ്വന്തം കാലിൽ നില്ക്കാൻ ഒരാളെ പര്യാപ്തമാക്കുന്നതുമായ തരത്തിലുള്ള വിദ്യാഭ്യാസമാണ് നമുക്ക് വേണ്ടത്. വിദ്യാർത്ഥികൾക്ക് ജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ സഹായകരവും അവരെ സ്വയം പര്യാപ്തരാക്കുന്നതും ആയിരിക്കണം വിദ്യാഭ്യാസം. പാവപ്പെട്ടവരെയും അധസ്ഥിതിരെയും തിരിഞ്ഞ് നോക്കാത്ത വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്നവരോട് അദ്ദേഹത്തിന് കടുത്ത എതിർപ്പായിരുന്നു. അദ്ദേഹം പറഞ്ഞു ''ദശലക്ഷകണക്കിന് ജനങ്ങൾ പട്ടിണിയിലും അജ്ഞതയിലും കഴിയുമ്പോൾ അവരുടെ ചെലവിൽ വിദ്യാഭ്യാസം നടത്തി അവർക്കുവേണ്ടി യാതൊന്നും ചെയ്യാത്തവരെ ഞാൻ ചതിയന്മാരെന്ന് വിളിക്കും''. ഓരോ മനുഷ്യനും രാജ്യത്തിനും മഹത്തരമാകാൻ മൂന്ന് കാര്യങ്ങളാണ് വേണ്ടതെന്നാണ് സ്വാമി വിവേകാനന്ദന്റെ അഭിപ്രായം. നമ്മുടെ ശക്തിയിലുള്ള വിശ്വാസം, അസൂയയും പകയും ഇല്ലാതിരിക്കൽ, പരമാവധി പേരെ സഹായിക്കൽ എന്നിവയാണിവ.

ഈ രാജ്യത്തെ യുവജനങ്ങളിൽ സ്വാമി വിവേകാനന്ദന് അങ്ങേയറ്റം വിശ്വാസം ഉണ്ടായിരുന്നു. തന്റെ ആശയങ്ങളെ അവർ സിംഹങ്ങളെപ്പോലെ ഏറ്റെടുത്ത് പ്രാവർത്തികമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വാമി ശാന്താത്മാനന്ദ (രാമകൃഷ്ണ മിഷൻ, ന്യൂഡൽഹി)