- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമപഠനത്തിനിടെ അമൃതാനന്ദമയിയെ കണ്ടു; ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ച് ഗിരീഷ് കുമാർ ആത്മീയ വഴയിലെത്തി; വയനാട്ടിൽ ആദ്ധ്യാത്മിക സാധാനാ കേന്ദ്രങ്ങൾ തുടങ്ങിയ സന്യാസി; സ്വാമി അക്ഷയാമൃതാനന്ദ പുരി ഓർമ്മയായി: അന്തിമോപചാരമർപ്പിച്ച് ആയിരങ്ങൾ
കൊല്ലം: വയനാട് മാതാ അമൃതാനന്ദമയീ മഠം അധ്യക്ഷൻ സ്വാമി അക്ഷയാമൃതാനന്ദ പുരി അന്തരിച്ചു. 66 വയസ്സായിരുന്നു. സത്സംഗത്തിനു ശേഷം ഉച്ച ഭക്ഷണം കഴിച്ച് മുറിയിലേക്കു പോയ സ്വാമി ഹൃദയാഘാതത്തെ തുടർന്നാണ് മരണപ്പെട്ടത്. മാനന്തവാടി, കോഴിക്കോട് എന്നിവിടങ്ങളിലെ മാതാ അമൃതാനന്ദമയി മഠത്തിൽ നടന്ന പൊതുദർശനത്തിനു ശേഷം ഭൗതികശരീരം കൊല്ലം അമൃതപുരിയിൽ എത്തിച്ചു.
ആശ്രമത്തിലെ മുതിർന്ന സന്യാസി- സന്യാസിനി വര്യരും, ബ്രഹ്മചാരി- ബ്രഹ്മചാരിണിമാരും മറ്റ് ആശ്രമം അന്തേവാസികളും സ്വാമിയുടെ ഭൗതിക ശരീരത്തിൽ അന്തിമോപചാരമർപ്പിച്ചു. പുലർച്ചെ 5:00 മുതൽ രാത്രി 9 മണി വരെ ലളിതാസഹസ്രനാമ അഖണ്ഡ ജപം നടന്നു. തുടർന്ന് മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ സ്വാമിയുടെ സംസ്‌കാരചടങ്ങുകൾ നടന്നു. ആശ്രമത്തിലെ മുതിർന്ന സന്യാസി സന്യാസിനി ശിഷ്യന്മാർ സംസ്‌കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി.
നിയമ പഠനത്തിന് അവസാനഘട്ടത്തിലാണ് സ്വാമി മാതാ അമൃതാനന്ദമയീയെ കാണുന്നതും ആശ്രമത്തിലെ അന്തേവാസിയായി മാറിയതും. പിന്നീട് അമ്മയിൽ നിന്നും ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചതിലൂടെ ഗിരീഷ് കുമാർ എന്ന പേരുമാറ്റി അക്ഷയാമൃത ചൈതന്യ ആയി മാറി. 1994 ൽ അമ്മയുടെ നിർദ്ദേശപ്രകാരമാണ് വയനാട്ടിൽ എത്തിയത്. പിന്നീട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അദ്ധ്യാത്മിക സാധന കേന്ദ്രങ്ങൾ തുറന്നു. സന്ന്യാസ ദീക്ഷ സ്വീകരിച്ച് സ്വാമി അക്ഷയാമൃതാനന്ദപുരിയായി.
മാനന്തവാടിയിൽ ആശ്രമവും അമൃത വിദ്യാലയവും സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ആദിവാസി വിഭാഗങ്ങളിൽ അവരുടെ നേട്ടത്തിനായി നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മാതാ അമൃതാനന്ദമയി മഠത്തിന്റെ അമലഭാരതം പദ്ധതിയുടെ ഭാഗമായി നിരവധി പേർക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു കൊടുത്തു. വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, വിധവകൾക്ക് പെൻഷൻ തുടങ്ങിയ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു.
ആദിവാസികളുടെ ക്ഷേമത്തിനായി കൽപ്പറ്റയിലെ അമൃത കൃപ ചാരിറ്റബിൾ ആശുപത്രിയുടെ നിർമ്മാണത്തിനും സ്വാമി വലിയ ഇടപെടൽ നടത്തിയിരുന്നു.