കൊച്ചി:ട്രെയിൻ യാത്രയ്ക്കിടെ ശല്യം ചെയ്ത സ്വാമിയെ കുരുമുളക് സ്‌പ്രേ പ്രയോഗത്തിൽ 'തിളച്ചെന്ന' യാത്രക്കാരിയുടെ വെളിപ്പെടുത്തൽ ഉൾക്കൊള്ളാനാവാതെ റെയിൽവേ പൊലീസ്. കേസിൽ വിശദമായ അന്വേഷണം നടത്തണമെന്നും സംഭവത്തിലെ യഥാർത്ഥ വസ്തുതകൾ വെളിച്ചത്തുകൊണ്ടുവരണമെന്നുമാണ് ഇക്കാര്യത്തിൽ ഉന്നതാധികൃതരുടെ നിലപാട്.

ലേഡീസ് കമ്പാർട്ടുമെന്റിലെ യാത്രക്കാരിയായിരുന്ന തന്നേ കമ്പാർട്ടുമെന്റിലുണ്ടായിരുന്ന 'സ്വാമി വായ്അടയ്ക്കടി പെണ്ണേ 'എന്ന് ആക്രോശിച്ച് കയറിപിടിച്ചെന്നും കൈപിടിച്ച് തിരിച്ചെന്നും അസഭ്യം പറഞ്ഞെന്നും മറ്റുമുള്ള പെൺകുട്ടിയുടെ പരാതിയുടെ നിജസ്ഥിതി കണ്ടെത്തുന്നതിനാണ് പൊലീസിന്റെ ആദ്യ നീക്കം. എറണാകുളം റെയിവേ പൊലീസ് സബ്ബ്ഇൻസ്‌പെക്ടർ ശരത്കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

വയനാട് അമ്പലവയൽ ആണ് താമസമെന്നും പേര് ഭാഗ്യാനന്ദ സരസ്വതി എന്നും മാത്രമാണ് പിടിയിലായ സന്യാസി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നത്. സ്്ത്രിത്വത്തെ അപമാനിക്കൽ, അസഭ്യം പറയുക, ഭീഷിണിപ്പെടുത്തുക, ടിക്കറ്റില്ലാതെ യാത്ര ചെയ്യുക എന്നീകുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഇന്നലെ വൈകിട്ട് ഹാജരാക്കിയ ഇയാൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. പരാതിക്കാരിയായ പെൺകുട്ടിക്ക് അനുകൂലമായി ആരും മൊഴി നൽകാനെത്താതിരുന്നത് മൂലമാണ് സ്വാമിക്ക് ഇന്നലെ തന്നെ ജാമ്യം ലഭിച്ചതെന്നാണ് സൂചന. സംഭവ സമയം ട്രെയിനിലുണ്ടായിരുന്നവരുടെ മൊഴികൾ പെൺകുട്ടിക്ക് അനുകൂലമല്ലന്നും കോടതിയിലെത്തി സാക്ഷി പറയാൻ ഇവരിലാരും സന്നദ്ധരായിരുന്നില്ലന്നുമാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.

പൂർവ്വാശ്രമത്തെക്കുറിച്ചുള്ള യാതൊരുവിവരങ്ങളും വെളിപ്പെടുത്താൻ തയ്യാറാവാത്ത സ്വാമിയുടെ നിലപാട് കേസിൽ റെയിൽവേ പൊലീസിന് വെല്ലുവിളിയായിട്ടുണ്ട്.ഇതേക്കുറിച്ച് വ്യക്തത വരുത്തുന്നതിനും പൊലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്. കൈവിറ ബാധിച്ച നിലയിലായിരുന്ന സ്വാമി നേരത്തോടുനേരം കസ്റ്റഡിയിൽ കഴിഞ്ഞിട്ടും പച്ചവെള്ളം പോലും കഴിച്ചില്ലന്നും ക്ഷീണിതനായ നിലയിലാണ് കാണപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച പുലർച്ചെ ആറുമണിയോടെ എറണാകുളം-ഗുരുവായൂർ പാസഞ്ചറിലായിരുന്നു സംഭവം.വനിതാ കംപാർട്ട്മെന്റിൽ യാത്ര ചെയ്യുകയാിരുന്ന എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് പരാതിക്കാരി.വനിതാ കംപാർട്ട്മെന്റാണെന്ന് യാത്രക്കാരികൾ പറഞ്ഞെങ്കിലും ഇയാൾ ഇറങ്ങാൻ തയ്യറായില്ലെന്നും സ്ത്രീകളുടെ സമീപത്തിരുന്ന് മോശം ഭാഷയിൽ സംസാരിച്ചെന്നും മറ്റും ഇയാൾക്കെതിരെ ആരോപണമുയർന്നിരുന്നു.