കൊച്ചി: സ്വപ്‌നാ സുരേഷും എം ശിവശങ്കറും ബിനീഷ് കോടിയേരിയും ചേർന്നുള്ള കൂട്ടുകെട്ടിന്റെ വിശദാംശങ്ങൾ കണ്ടെത്താൻ കേന്ദ്ര ഏജൻസികൾ ഇനി സംയുക്ത അന്വേഷണം നടത്തും. സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ കള്ളപ്പണ ഇടപാടുകളുടെ കടിഞ്ഞാൺ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ കൈകളിലായിരുന്നുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയെ അറിയിച്ചിട്ടുണ്ട്. ലഹരിമരുന്ന് മാഫിയയ്ക്കും ഈ ഇടപാടുകളുമായി അടുത്ത ബന്ധമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ തലത്തിലെ അന്വേഷണം.

സ്വപ്നയുടെ നേതൃത്വത്തിൽ നടത്തിയ 21 സ്വർണക്കടത്തുകളിലും ശിവശങ്കറിനു പങ്കുണ്ട്. നയതന്ത്ര പാഴ്‌സൽ വിട്ടുകിട്ടാൻ 2019 ഏപ്രിലിൽ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥനെ നേരിട്ടുവിളിച്ചിരുന്നുവെന്നു ശിവശങ്കർ സമ്മതിച്ചതായും അറസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) ഇഡി രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാണു ശിവശങ്കർ. ബിനീഷിനെ ലഹരി മരുന്ന് കടത്തിലെ സാമ്പത്തിക കുറ്റം ആരോപിച്ചാണ് ഇഡി അറസ്റ്റ് ചെയ്തത്. ശിവശങ്കറിന്റേയും ബിനീഷിന്റെ മൊഴികൾ പരിശോധിക്കും. ഈ രണ്ടു പേർക്കും എന്തെങ്കിലും ബന്ധമുണ്ടോ എന്നും പരിശോധിക്കും.

സ്വർണക്കടത്തു കേസ് എൻഐഎ ആസ്ഥാനത്തിന്റെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും നേരിട്ടുള്ള നിരീക്ഷണത്തിലാണ് പുരോഗമിക്കുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ നേരിട്ടാണ് അന്വേഷണ പുരോഗതി വിലയിരുത്തുന്നത്. കൊച്ചിയിലെ അന്വേഷണ സംഘത്തലവൻ ഡിവൈഎസ്‌പി സി. രാധാകൃഷ്ണപിള്ള ഡൽഹിയിലെത്തി ഐജി സന്തോഷ് റസ്‌തോഗിയെ അന്വേഷണ പുരോഗതി അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഇടപാടുകളിൽ വിശദ അന്വേഷണം വേണമെന്നാണ് എൻഐഎയുടെ വിലയിരുത്തൽ. കേസിൽ ഭീകരവാദ ബന്ധം സംബന്ധിച്ച തെളിവുകൾ ലഭിച്ചിട്ടില്ലെന്നും സൂചനയുണ്ട്.

ലഹരിമരുന്നു സംഘങ്ങൾക്കു ഹവാല, സ്വർണ കള്ളക്കടത്തു സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നും കേന്ദ്ര ഏജൻസി വിലയിരുത്തുന്നു. വിദേശത്തു നിന്നാണു പ്രധാനമായും രാസലഹരിമരുന്ന് എത്തുന്നത്. അവിടെയുള്ള ഏജന്റിനു ഡോളറിലാണു വില കൈമാറേണ്ടത്. നയതന്ത്ര പാഴ്‌സലിലൂടെ ലഹരി കടത്തിയോ എന്ന സംശയവും ഉണ്ട്. ബിനീഷിന് ബന്ധമുള്ള സ്ഥാപനം കോൺസുലേറ്റിലെ ചില കരാറുകൾ നേടിയിരുന്നു. ഇതാണ് ഇത്തരമൊരു സംശയത്തിന് കാരണം.

ദുബായിലെ സ്വർണക്കടത്ത്, ഹവാല ഏജന്റുമാർ ലോകത്തെ ഏതു കോണിലും ഏതു കറൻസിയിലും പണം എത്തിക്കും. തത്തുല്യമായ തുക, ദുബായിലോ കേരളത്തിലോ ഹവാല സംഘത്തിനു കൈമാറിയാൽ മതി. കേരളത്തിൽ വിതരണം ചെയ്യേണ്ട ഹവാല, ഇന്ത്യൻ രൂപയായി നേരിട്ടു ലഭിക്കുന്നതു ഹവാല സംഘത്തിനും സൗകര്യമാണ്. പണം സ്വരൂപിക്കാനും കാരിയർമാരെ ഏർപ്പാടാക്കാനും സ്വർണക്കടത്തു സംഘങ്ങൾ ഹവാല സംഘങ്ങളെ ആശ്രയിക്കുന്നുണ്ട്.

ഒരേ കാരിയർ തന്നെ ഗൾഫിലേക്കു ലഹരിമരുന്നും തിരിച്ചു സ്വർണവും കടത്തുന്ന രീതിയും ഉണ്ട്. അതുകൊണ്ട് തന്നെ പല സംശയങ്ങൾ അന്വേഷണ ഏജൻസിക്ക് മുന്നിലുണ്ട്.