- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാൻ ശിവശങ്കറിന്റെ കൂടെ യുഎഇയിൽ പോയി സി.എമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻ ചെയ്തിട്ടുണ്ടെന്ന്.. എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്; മാപ്പുസാക്ഷിയാക്കാൻ; ഞാൻ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു; അവർ ഒരുപാട് ഫോഴ്‌സ് ചെയ്തു'; മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകിയാൽ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡിയുടെ വാഗ്ദാനമെന്ന് സ്വപ്ന സുരേഷ്; ഓഡിയോ പുറത്ത്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിർബന്ധിക്കുന്നുവെന്ന് സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് പറയുന്ന ഓഡിയോ പുറത്ത്. ഓൺലൈൻ പോർട്ടലായ ദ ക്യൂവിന്റെ റിപ്പോർട്ടർ എ പി ഭവിതയാണ് സ്വപ്നയുടെ ഓഡിയോ പുറത്തുവിട്ടത്. കേസിൽ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് സമ്മർദ്ദമെന്നും സ്വപ്നയുടെ ഗുരുതര ആരോപണം. കോടതിയിൽ എൻഫോഴ്‌സ്‌മെന്റ് നൽകിയ സ്റ്റേറ്റ്‌മെന്റ് വായിക്കാൻ തന്നില്ലെന്നും ഒപ്പിടാൻ പറയുകയായിരുന്നുവെന്നും സ്വപ്നാ സുരേഷ്. യു.എ.ഇയിൽ പോയി മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻ ചെയ്തിട്ടുണ്ടെന്ന്, പറഞ്ഞാൽ മാപ്പുസാക്ഷിയാക്കുമെന്നായിരുന്നു ഇഡിയുടെ വാഗ്ദാനം. എന്നാൽ താൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും സ്വപ്ന ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
സ്വപ്നയുടെ ശബ്ദ രേഖ ഇങ്ങനെയാണ്:
'അവർ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്റ്റേറ്റ്‌മെന്റ് വായിക്കാൻ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോൾ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാൻ പറഞ്ഞേ. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയിൽ കൊടുത്തിരിക്കുന്ന സ്റ്റേറ്റ്‌മെന്റിൽ ഞാൻ ശിവശങ്കറിന്റെ കൂടെ ഒക്ടോബറിൽ യു.എ.ഇയിൽ പോയി സി.എമ്മിന് വേണ്ടി ഫിനാൻഷ്യൽ നെഗോസിയേഷൻ ചെയ്തിട്ടുണ്ടെന്ന്, എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാൻ.ഞാൻ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവർ ചെലപ്പോ ജയിലിൽ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട്. ഒരു പാട് ഫോഴ്‌സ് ചെയ്തു. പക്ഷേ കോടതിയിൽ ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കിയതുകൊണ്ടേ'...
എന്നുപറഞ്ഞാണ് 36 സെക്കൻഡ് ദൈർഘ്യമുള്ള വോയിസ് റെക്കോർഡ്് പുറത്തു വന്നിരിക്കുന്നത്. സ്വപ്ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല. നേരത്തെ ശിവശങ്കറും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. രാഷ്ട്രീയ നേതാക്കളെ കുടുക്കാൻ ഇഡി തന്നിൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന് ശിവശങ്കറും ആരോപിച്ചിരുന്നു.
മറുനാടന് ഡെസ്ക്