- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ കേന്ദ്ര അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ സത്യം അറിയാൻ വൈകും; തങ്ങളുടെ കസ്റ്റഡിയിലുള്ള പ്രതിയെ ചോദ്യം ചെയ്യലിനായി വിട്ടുതരില്ലെന്ന് കസ്റ്റംസ്; ശബ്ദരേഖ ആരുടേതെന്ന് ഉറപ്പിക്കാൻ കഴിയാതെ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി
തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസിക്ക് എതിരെയുള്ള സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നതിനെ കുറിച്ചുള്ള ക്രൈംബ്രാഞ്ചിന്റെ അന്വേഷണം താൽക്കാലികമായി വഴിമുട്ടി. നിലവിൽ തങ്ങളുടെ കസ്റ്റഡിയിലായ സ്വപ്നയെ ചോദ്യംചെയ്യാൻ വിട്ടുതരില്ലെന്ന് കസ്റ്റംസ് ക്രൈംബ്രാഞ്ച് അധികൃതരെ അറിയിച്ചു. സ്വപ്നയെ ചോദ്യം ചെയ്ത് ശബ്ദരേഖ ആരുടേതെന്ന് ഉറപ്പിക്കുകയാണ് സംഭവം അന്വേഷിക്കുന്നതിൽ ക്രൈംബ്രാഞ്ച് ചെയ്യേണ്ട ആദ്യ നടപടി. കസ്റ്റംസ് അനുമതി കിട്ടാത്തതിനാൽ, ഇതിനുകഴിയില്ല.
സ്വപ്നയെ ചോദ്യം ചെയ്യണം എന്ന ആവശ്യം ക്രൈംബ്രാഞ്ച് ജയിൽവകുപ്പിനെ അറിയിച്ചു. കൊഫെ പോസ പ്രതിയാണ് സ്വപ്ന എന്നതിനാലാണ് ജയിൽ വകുപ്പിനെ ക്രൈംബ്രാഞ്ച് സമീപിച്ചത്. ജയിൽവകുപ്പ് ഈ ആവശ്യം ഉന്നയിച്ച് കസ്റ്റംസിന് കത്ത് നൽകി. എന്നാൽ നിലവിൽ തങ്ങളുടെ കസ്റ്റഡിയിലാണ് സ്വപ്ന എന്നതിനാൽ ഇപ്പോൾ ചോദ്യം ചെയ്യാനാകില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ആവശ്യമെങ്കിൽ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ച് സ്വപ്നയെ കസ്റ്റഡിയിൽ വാങ്ങാനും ചോദ്യം ചെയ്തുകൊള്ളാനും കസ്റ്റംസ് അധികൃതർ മറുപടി നൽകി. പക്ഷെ സംഭവം കേസായി രജിസ്റ്റർ ചെയ്താൽ മാത്രമേ കോടതിയെ സമീപിക്കാനാകൂ എന്നതിനാൽ പ്രാഥമിക അന്വേഷണം പോലും ക്രൈംബ്രാഞ്ചിന് നടത്താനാകില്ല. ഫലത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടിയ അവസ്ഥയിലാണ്. എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയെ അന്വേഷണസംഘം സമീപിക്കണമെന്നാണ് കസ്റ്റംസ് നിലപാട്.
മൊഴിയെടുക്കാൻ നേരത്തെ എൻഐഎ കോടതിയുടെ അനുമതി അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. മൊഴിയെ സംബന്ധിച്ച് സ്വപ്നയുടെ നിലപാട് നിർണ്ണായകമായതിനാൽ, അനുമതി ലഭിക്കാത്തത് അന്വേഷണം മുന്നോട്ട് പോകുന്നതിന് തിരിച്ചടിയായി.മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖ തങ്ങളെ സമ്മർദത്തിലാക്കാനുള്ള തന്ത്രമെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. ചില രാഷ്ട്രീയ നേതാക്കളുടെ പേരുപറയാൻ ഇ.ഡി. നിർബന്ധിക്കുന്നുവെന്ന് എം. ശിവശങ്കർ കോടതിയിൽ പറഞ്ഞതിനു പിന്നാലെയാണ് സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത്.
ഇരുവരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി.യുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു നീളുന്നത്. ഇത്തരമൊരു ഘട്ടത്തിൽ പ്രതികളുടെ മേൽ സമ്മർദം ചെലുത്തിയാണ് ഇ.ഡി. മൊഴിയെടുത്തതെന്ന വിവരം പുറത്തുവന്നാൽ അന്വേഷണ ഏജൻസിയുടെ വിശ്വാസ്യതയെ ബാധിക്കും. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും വിശ്വസ്തനുമായ സി.എം. രവീന്ദ്രനെ ചോദ്യംചെയ്യാൻ ഇ.ഡി. തയ്യാറെടുക്കവേയാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്.
പ്രതികളെല്ലാം സംസ്ഥാനസർക്കാരിന്റെ അധീനതയിലുള്ള ജയിലുകളിലാണു കഴിയുന്നത്. കസ്റ്റഡിയിൽ ഉള്ളപ്പോഴോ, കോടതിയിൽ ഹാജരാക്കുമ്പോഴോ സ്വപ്നയ്ക്ക് ഇത്തരമൊരു ശബ്ദസന്ദേശം കൈമാറാൻ സാവകാശം ലഭിക്കില്ലെന്നാണ് ഇ.ഡി., കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വിവിധ വിഭാഗങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരെ കൂട്ടിച്ചേർത്ത് പ്രത്യേക ടീമായാണ് ചോദ്യംചെയ്യൽ നടന്നത്.
മുഖ്യമന്ത്രിക്കെതിരേ മൊഴി നൽകാൻ അന്വേഷണ ഏജൻസികൾ നിർബന്ധിക്കുന്നു എന്ന രീതിയിലാണ് സ്വപ്നയുടേതെന്ന് പറയപ്പെടുന്ന ശബ്ദരേഖ ഓൺലൈൻ വാർത്ത പോർട്ടൽ പുറത്തു വിട്ടത്. ഇ.ഡി.യെക്കുറിച്ച് ശബ്ദരേഖയിൽ ഇല്ലെങ്കിലും ഇ.ഡി. അന്വേഷണസംഘം നിർബന്ധിച്ചു എന്നരീതിയിലാണ് വാർത്ത വന്നത്.
മറുനാടന് മലയാളി ബ്യൂറോ