- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുലക്ഷം രൂപയുടെ വ്യാജബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയപ്പോൾ സ്വപ്ന പ്രഭ സുരേഷിന് കിട്ടിയത് മാസം ഒരുലക്ഷത്തിലേറെ ശമ്പളമുള്ള ജോലി; തട്ടിപ്പ് കണ്ടുപിടിക്കും വരെ കൈപ്പറ്റിയത് 20 ലക്ഷത്തോളം; വ്യാജ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് ബിരുദകോഴ്സ് ഇല്ലാത്ത മഹാരാഷ്ട്രയിലെ സർവകലാശാലയുടേത്; പടച്ചുവിട്ടത് പഞ്ചാബിലെ സ്ഥാപനമെന്ന് കണ്ടെത്തി പൊലീസ്
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിലെ ജോലി പോയതിന് പിന്നാലെയാണ് സ്വപ്‌ന സുരേഷ് സുരക്ഷിത ലാവണം തേടി സ്‌പേസ് പാർക്കിൽ കയറാൻ നോക്കിയത്. എം.ശിവശങ്കറിന്റെ ഒത്താശയോടെ സ്‌പേസ് സ്പാർക്കിൽ കയറിപറ്റിയപ്പോൾ ഹാജരാക്കിയത് വ്യാജബിരുദസർട്ടിഫിക്കറ്റെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈ വ്യാജബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ ഒരു സ്ഥാപനമെന്ന് പൊലീസ് കണ്ടെത്തി. തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം വഴിയാണ് ഒരു ലക്ഷത്തോളം രൂപ മുടക്കി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. പഞ്ചാബിലെ സ്ഥാപനത്തിന്റെ ഉടമകളെ കണ്ടെത്താണ് ശ്രമം. കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.
ഐ.ടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്‌പേസ് പാർക്കിൽ സ്വകാര്യ കൺസൽട്ടൻസിയായ PWC വഴി ജോലി നേടിയപ്പോൾ സ്വപ്ന പറഞ്ഞത് ബി.കോം ബിരുദധാരിയെന്നായിരുന്നു. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയിൽ നിന്നും ബി.കോമിൽ ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റായിരുന്നു നൽകിയിരുന്നത്. എന്നാൽ, സർവകലാശാല ബി.കോം കോഴ്സ് നടത്തുന്നില്ലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ രേഖാമൂലം അറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് സ്വപ്നയെ വ്യാജ സർട്ടിഫിക്കറ്റിൽ പ്രതി ചേർത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
2017ലാണ് സ്വപ്ന സർട്ടിഫിക്കറ്റ് നേടുന്നത്. പഞ്ചാബിലെ ദേവ് എഡ്യുക്കേഷൻ ട്രസ്റ്റാണ് ഇത് തയാറാക്കിയത്. ഇടനിലക്കാരായത് തൈക്കാട് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ഗൈഡൻസ് സെന്റർ എന്ന സ്ഥാപനവും. ഈ സ്ഥാപനത്തിൽ ബന്ധപ്പെട്ടാണ് സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഒരു ലക്ഷത്തോളം രൂപയും നൽകി. ഇവരാണ് പഞ്ചാബിലെ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിനൽകിയത്.
തൈക്കാട്ടെ സ്ഥാപനം ഇപ്പോൾ ഇല്ല. ഇതിന്റെ ഉടമസ്ഥരെ കണ്ടെത്തി പ്രതിചേർക്കാനാണ് സിഐ. ഷാഫിയുടെ നേതൃത്വത്തിലെ അന്വേഷണസംഘത്തിന്റെ നീക്കം. വ്യാജസർട്ടിഫിക്കറ്റ് നൽകി ഇരുപത് ലക്ഷത്തോളം രൂപ ശമ്പളമായി സ്വപ്ന കൈപ്പറ്റിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനപ്പുറം അന്വേഷണം മുന്നോട്ട് പോയിരുന്നില്ല.
വ്യജസർട്ടിഫിക്കറ്റ് വിവാദത്തിൽ സ്വപ്നയുടെ കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെയും റിക്രൂട്ട്മെന്റ് നടത്തിയ വിഷൻടെക്കിനെയും പഴിചാരുമ്പോൾ കെഎസ്ഐടിഎൽ എംഡി എന്ത് പരിശോധന നടത്തിയെന്ന ചോദ്യവും ഉയർന്നിരുന്നു. മതിയായ പരിശോധനയില്ലാതെ നിയമനം അംഗീകരിച്ചതും ശമ്പളം ഇനത്തിൽ കൺസൾട്ടൻസിക്ക് 20ലക്ഷം രൂപ നൽകിയതും കെഎസ്ഐടിഎല്ലാണ്. വിഷൻടെക്കിന്റെ നടപടികൾ പൂർത്തിയായി കെഎസ്ഐടിഎൽ എംഡി ജയശങ്കർ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്. ജയശങ്കർ പ്രസാദിന്റെ റിപ്പോർട്ടിങ് ഓഫീസർ അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കർ ആയിരുന്നു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ സ്വപ്നക്ക് കെഎസ്ഐടിഎല്ലിൽ കരാർ നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു
മറുനാടന് മലയാളി ബ്യൂറോ