- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശതകോടീശ്വരനായ പ്രവാസിയുടെ പേരും രഹസ്യ മൊഴിയിൽ എന്ന് സൂചന; മന്ത്രിയല്ലാത്ത വമ്പൻ നേതാവും സംശയ നിഴലിൽ; ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖർക്കുകൂടി ഡോളർക്കടത്ത് കേസിൽ പങ്കുണ്ടെന്ന് സ്വപ്നയുടേയും സരത്തിന്റേയും മൊഴി; വമ്പൻ സ്രാവുകളെ കേന്ദ്ര ഏജൻസി പിടികൂടിയാൽ കേരളം ഞെട്ടും; സ്വർണ്ണ കടത്തിൽ എല്ലാം പുറത്തു വരാൻ സാധ്യത
കൊച്ചി: സ്വർണം, ഡോളർക്കടത്തു കേസുകളിൽ പ്രതികളായ സ്വപ്നാ സുരേഷും പി.എസ്. സരിത്തും കോടതിയിൽ നൽകിയ മൊഴികളിലെ 'പ്രധാനികളെ' ഉടൻ കേന്ദ്ര ഏജൻസികൾ പൊക്കും. 'വമ്പൻ സ്രാവുകൾ' എന്ന് കോടതിരേഖയിൽ വിശേഷിപ്പിച്ചവരുടെ അറസ്റ്റുകളും ഉടൻ രേഖപ്പെടുത്താനാണ് സാധ്യത. പ്രമുഖ പ്രവാസി വ്യവസായി അടക്കമുള്ളവരുടെ പേരുകൾ സ്വപ്‌ന പറഞ്ഞതായാണ് സൂചന. മന്ത്രിയല്ലാത്ത മറ്റൊരു വമ്പൻ നേതാവും സംശയ നിഴലിലാണ്.
മജിസ്ട്രേറ്റിനുമുന്നിൽ സ്വമേധയാ കുറ്റസമ്മതമൊഴി നൽകിയ സ്വപ്നയും സരിത്തും മാപ്പുസാക്ഷികളാകും. മുൻ െഎ.ടി. സെക്രട്ടറി എം. ശിവശങ്കറിന് പുറമേ കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖർക്കുകൂടി ഡോളർക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയിൽ രഹസ്യമൊഴി നൽകാനുള്ള തീരുമാനമുണ്ടായത്. ഈ പ്രക്രിയ തുടരുകയാണ്. കോടതിയുടെ ദൈനംദിനകാര്യങ്ങൾക്കിടയിലാണ് രഹസ്യമൊഴിയെടുപ്പ് എന്നതിനാലാണ് ദിവസങ്ങളോളം നീളുന്നത്.
തിങ്കളാഴ്ച ഡോളർക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും. മൊഴി എടുക്കുന്നത് പൂർത്തിയായാൽ അതത് കേസുകളുടെ വിചാരണക്കോടതി ന്യായാധിപർക്ക് ഈ മൊഴികൾ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. ഇതിന് ശേഷം മാപ്പുസാക്ഷികളാവാൻ കോടതിക്ക് സ്വപ്‌നയും സരിത്തും അപേക്ഷ നൽകുമെന്നാണു കരുതുന്നത്. കേരളത്തിനുള്ളിലും വിദേശത്തുമുള്ള ചില പ്രമുഖർക്കുകൂടി ഡോളർക്കടത്ത് കേസിൽ പങ്കുണ്ടെന്ന് കസ്റ്റംസിനോട് സ്വപ്നയും സരിത്തും വെളിപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് കോടതിയിൽ രഹസ്യമൊഴി നൽകാനുള്ള തീരുമാനമുണ്ടായത്. സ്വപ്നയുടെ അഭിഭാഷകനായിരുന്ന ജിയോപോൾ വക്കാലത്തൊഴിഞ്ഞതും ഇതിനുപിന്നാലെയാണ്.
ക്രിമിനൽ നടപടിച്ചട്ടം 164 പ്രകാരം മജിസ്ട്രേറ്റിനുമുന്നിൽ നൽകുന്ന മൊഴിക്ക് അന്വേഷണ ഏജൻസികൾക്ക് നൽകുന്നതിനേക്കാൾ മൂല്യം കൂടുതലാണ്. സ്വമേധയാ നൽകുന്ന മൊഴിയായതിനാൽ പ്രതികൾക്ക് തള്ളിപ്പറയാനും കഴിയില്ല. സ്വർണക്കടത്തു കേസിലെ രഹസ്യമൊഴികളാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച ഡോളർക്കടത്ത് കേസിലെ മൊഴികളും രേഖപ്പെടുത്തും.
ഇതിനുശേഷം അതത് കേസുകളുടെ വിചാരണക്കോടതി ന്യായധിപന്മാർക്ക് ഈ മൊഴികൾ ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് കോടതി കൈമാറും. ഈ നടപടി പൂർത്തിയായാൽ മാപ്പുസാക്ഷികളായിമാറാൻ കോടതിക്ക് ഇരുവരും അപേക്ഷനൽകുമെന്നാണ് കരുതുന്നത്. യുഎഇ കോൺസുലേറ്റ് ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി വിദേശത്തേക്ക് 1.90 ലക്ഷം ഡോളർ കടത്തിയ കേസിൽ സമഗ്രമായ അന്വേഷണത്തിനാണ് കസ്റ്റംസ് തയ്യാറെടുക്കുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെടുത്തിയാണ് അന്വേഷണമെങ്കിലും ഡോളർ കടത്തിൽ കൂടുതൽ വിദേശികൾ ഉൾപ്പെട്ടിട്ടുള്ളതും പരിശോധിക്കുന്നുണ്ട്.
വിദേശികൾ കേരളത്തിലെത്തിയ ശേഷം ആരെയൊക്കെ സന്ദർശിച്ചു, ഏതൊക്കെ സ്ഥാപനങ്ങളിൽ പോയി തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലുണ്ട്. ഇതിന്റെ ഭാഗമായി, യുഎഇ കോൺസുലേറ്റിലെ ഗൺമാൻ ആയിരുന്ന എസ്.ആർ. ജയഘോഷ്, ഡ്രൈവർ സിദ്ദിഖ് എന്നിവരെ ഇന്നലെ കസ്റ്റംസ് ചോദ്യം ചെയ്തു. യുഎഇ കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർ നയതന്ത്ര പാഴ്‌സലുകളിൽ വിദേശത്തു നിന്നു സുഗന്ധദ്രവ്യങ്ങളടക്കമുള്ള സാധനങ്ങൾ എത്തിച്ച്, തിരുവനന്തപുരം ബീമാപള്ളി മാർക്കറ്റിൽ വിറ്റതായും നിയമവിരുദ്ധമായ വഴികളിലൂടെ നേടിയ വിദേശ കറൻസി വൻ തോതിൽ വിദേശത്തേക്കു കടത്തിയതായും സ്വപ്ന മൊഴി നൽകിയിട്ടുണ്ട്.
ഡോളർ കടത്തും സ്വർണക്കടത്തും തമ്മിൽ നേരിട്ടു ബന്ധമുണ്ടെന്ന നിഗമനത്തിലാണു കസ്റ്റംസ്. തിരുവനന്തപുരത്തും കൊച്ചിയിലും വിദേശ കറൻസിയുടെ അനധികൃത വ്യാപാരം നടത്തുന്നവരെയും ചോദ്യം ചെയ്യും. അതിനിടെ ജയഘോഷ് ചോദ്യംചെയ്യലിനോടു സഹകരിക്കുന്നില്ലെന്നു സൂചന. കോൺസൽ ജനറലിന്റെ ഒപ്പമുണ്ടായിരുന്ന ജയഘോഷ് നിർണായക വിവരങ്ങൾ ഒളിക്കുന്നതായാണ് സംശയം. ജയഘോഷിനെക്കൂടി പ്രതിയാക്കാനും കസ്റ്റംസ് ആലോചിക്കുന്നു. സ്വർണക്കടത്ത് കേസ് പിടിക്കപ്പെട്ടയുടൻ ഒളിവിൽപോയ ജയഘോഷ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. സിവിൽ പൊലീസ് ഓഫിസറായ ജയഘോഷ് ഇപ്പോൾ സസ്‌പെൻഷനിലാണ്.
മറുനാടന് മലയാളി ബ്യൂറോ