കൊച്ചി: 'വെറുമൊരു കള്ളക്കടത്തുകാരാം ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചില്ലേ...' എന്ന വരികളോടെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻ.ഐ.എ. രജിസ്റ്റർചെയ്ത കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിന്യായം തുടങ്ങുന്നത്. കള്ളക്കടത്തിൽ രാജ്യദ്രോഹം എങ്ങനെ കടന്നുവന്നുവെന്ന ചോദ്യത്തെ പ്രസക്തമാക്കുന്നതാണ് ഈ വരികൾ. എൻഐഎ അന്വേഷണത്തിന് സ്വർണ്ണ കടത്ത് വിട്ടതുകൊണ്ട് പല പ്രമുഖരും രക്ഷപ്പെട്ടു. രാജ്യദ്രോഹം ചുമത്താൻ കഴിയാത്തതു കൊണ്ടായിരുന്നു ഇത്. ഒടുവിൽ സ്വപ്‌നാ സുരേഷനും ഇതു തന്നെ സഹായകമായി.

എൻഐഎയ്ക്ക് യുഎപിഎ മാത്രമേ ചുമത്താൻ കഴിയൂ. അതുകൊണ്ട് തന്നെ സ്വർണ്ണ കടത്തിൽ സിബിഐ അന്വേഷണമാണ് നല്ലതെന്ന വാദം നേരത്തെ ഉയർന്നിരുന്നു. അങ്ങനെ വന്നാൽ പ്രതികൾക്ക് ജാമ്യം കിട്ടിയാലും അത് കേസ് അന്വേഷണത്തെ ബാധിക്കില്ലായിരുന്നു. ഇപ്പോൾ യുഎപിഎയിലെ കോടതി നിരീക്ഷണം എൻഐഎ കേസിനെ പോലും അപ്രസക്തമാക്കുന്നതാണ്. ഭാവിയിൽ പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണ് എൻഐഎ എത്തുന്നതെന്ന സംശയം അന്വേഷണ ചുമതലയിൽ ഈ കേന്ദ്ര ഏജൻസി എത്തുമ്പോൾ തന്നെ വ്യക്തമായിരുന്നു. അന്വേഷിച്ചത് സിബിഐ ആയിരുന്നുവെങ്കിൽ കേസ് ഇപ്പോൾ അതിശക്തമായി നിലനിൽക്കുമായിരുന്നു.

സ്വപ്‌നാ സുരേഷിനും കൂട്ടർക്കും സ്ഥിരമായി ജാമ്യം നിഷേധിക്കാനാണ് എൻഐഎയേയും കരുതൽ തടങ്കലുമെല്ലാം ഉപയോഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്വപ്‌നയ്ക്ക് ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാൻ ഇതിലൂടെ കഴിഞ്ഞു. പല നിർണ്ണായക വെളിപ്പെടുത്തലും അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കാലത്ത് പൊതുവേദിയിൽ ചർച്ചയായില്ല. ഒരു കൊല്ലം കഴിയുമ്പോൾ എൻഐഎ കേസും ഇല്ലാതായി അതോടൊപ്പം ഇതൊരു വെറും കള്ളക്കടത്തായി മാറുകയും ചെയ്തു. കസ്റ്റംസ് കേസ് നിലനിൽക്കുകയും ചെയ്യും. സ്വപ്‌നാ സുരേഷ് വെളിയിലേക്ക് വരുമ്പോൾ അവർ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം.

'വെറുമൊരു മോഷ്ടാവായോരെന്നെ... കള്ളനെന്ന് വിളിച്ചില്ലേ, താൻ ... കള്ളനെന്ന് വിളിച്ചില്ലേ'-എന്ന അയ്യപ്പപ്പണിക്കർ കവിതയെ ഓർമപ്പെടുത്തുന്നു വിധിന്യായത്തിലെ ആദ്യ വരികളിൽ തന്നെ എല്ലാമുണ്ട്. അതിന് ശേഷമാണ് വിധിയിൽ കേസിന്റെ വിശദാംശങ്ങൾ കടന്നുവരുന്നത്. സ്വർണക്കടത്ത് കേസിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനയുണ്ട് ഈ വരികളിൽ. സ്വപ്നയും കൂട്ടരും ജാമ്യംനേടി പുറത്തുവരുമ്പോൾ ചോദ്യചിഹ്നമാകുന്നത് എൻ.ഐ.എ. കുറ്റപത്രമാണ്. എൻ.ഐ.എ. രാജ്യത്ത് രജിസ്റ്റർചെയ്ത ആദ്യത്തെ സ്വർണക്കടത്ത് കേസായിരുന്നു വിമാനത്താവളത്തിലൂടെ നയതന്ത്രബാഗേജിന്റെ മറവിലുള്ള സ്വർണക്കടത്ത്.

യു.എ.പി.എ. ചുമത്താൻ കാരണം കേസിൽ തീവ്രവാദ സംഘടനകൾക്കു ബന്ധമുണ്ടോ, പണം തീവ്രവാദ സംഘടനകളിലേക്കു പോയോ എന്നീ കാര്യങ്ങളിലെ അന്വേഷണമാണ്. എന്നാൽ, ഇതു രണ്ടും തെളിയിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുറ്റപത്രം സമർപ്പിക്കുമ്പോൾ ശക്തമായ തെളിവുകൾ വേണം. അതില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിക്കുന്നതാണ് കോടതിവിധിയെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. അതുകൊണ്ട് തന്നെ കുറ്റപത്രം തന്നെ നിലനിൽക്കില്ല.

സ്വപ്നയ്ക്കും കൂട്ടർക്കുമെതിരേ പ്രഥമദൃഷ്ട്യാ രാജ്യദ്രോഹക്കുറ്റത്തിനു തെളിവില്ലെന്ന കോടതി നിരീക്ഷണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് അവരുടെ അഭിഭാഷകനായിരുന്ന അഡ്വ. സൂരജ് ടി. ഇലഞ്ഞിക്കൽ പറഞ്ഞു. സ്വർണക്കടത്ത് കസ്റ്റംസ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന കുറ്റമാണെന്നും അത് യു.എ.പി.എ.യുടെ 15-ാം വകുപ്പിൽ ഉൾപ്പെടില്ലെന്നും കോടതി നിരീക്ഷിച്ചതും എൻ.ഐ.എ.യ്ക്ക് തിരിച്ചടിയായി. ഹൈക്കോടതി വിധിക്കെതിരേ എൻ.ഐ.എ. സുപ്രീംകോടതിയെ സമീപിച്ചേക്കും.

യു.എ.പി.എ. വകുപ്പ് 15 നിലനിൽക്കില്ലെന്നു കണ്ടെത്തിയതോടെ പിന്നാലെവരുന്ന വകുപ്പുകളായ 17 (തീവ്രവാദസംഘടനകൾക്ക് ഫണ്ട് ചെയ്യുക), 18 (തീവ്രവാദ ഗൂഢാലോചന), 20 (തീവ്രവാദ സംഘടനയിൽ അംഗമാകുക) എന്നിവ പ്രതികൾക്കെതിരേ തെളിയിക്കാൻ കഴിയാതെപോയതും എൻ.ഐ.എ.യ്ക്കു തിരിച്ചടിയായി.