തിരുവനന്തപുരം: ലൈഫ് മിഷൻ പ്രൊജക്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ സ്പീക്കർ ശ്രീരാമ കൃഷ്ണൻ, മുൻ മന്ത്രിയും ഇടത് എംഎൽഎമാർക്കും ബന്ധമില്ലെന്ന് വെളിപ്പെടുത്തി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ശിവശങ്കറിന്റെ ആത്മകഥ നാളെ പുറത്തിറങ്ങാനിരിക്കെയാണ് നിർണായക വെളിപ്പെടുത്തലുമായി സ്വപ്ന രംഗത്തുവന്നിരിക്കുന്നത്. സ്വപ്ന ന്യൂസ് 18 മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ.

മുഖ്യമന്ത്രിക്ക് ലൈഫ് മിഷനുമായി ബന്ധപ്പെട്ട് കമ്പനിയെ തെരഞ്ഞെടുത്തത് പോലുള്ള കാര്യങ്ങളിലും ചർച്ചകളിലും മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് താൻ മനസിലാക്കുന്നതെന്ന് സ്വപ്ന പറഞ്ഞു. ഇങ്ങനൊരു പ്രവൃത്തി ശിവശങ്കർ ചെയ്യുമ്പോൾ കുറേ പേർ ഇരുട്ടിൽ നിൽക്കുകയാണന്നാണ് തോന്നുന്നത്.

മുഖ്യമന്ത്രിയുമായി സംസാരിക്കേണ്ട അവസരം നമുക്ക് വരുന്നില്ല. വ്യക്തിപരമായി മാത്രമാണ് ശിവശങ്കറുമായി ഞാൻ സംസാരിക്കുന്നത്. മുഖ്യമന്ത്രിയുടേയും കോൺസുലേറ്റിനും ഇടയിലാണ് ശിവശങ്കറുള്ളത്. ഐഫോൺ കൊടുത്ത് ആരെയും ചതിക്കേണ്ട കാര്യം എനിക്കില്ല.

ഐ ഫോൺ നൽകി ശിവശങ്കറിനെ ചതിക്കേണ്ട കാര്യമില്ലെന്ന് സ്വപ്ന പറയുന്നു. യൂണിടാക് നിർദ്ദേശമനുസരിച്ചാണ് ശിവശങ്കറിന് ഐ ഫോൺ നൽകിയത്. ശിവശങ്കറിന് ഫോൺ മാത്രമല്ല നൽകിയതെന്നും സ്വപ്ന അഭിമുഖത്തിൽ പറയുന്നു. ഫോൺ തനിക്ക് നൽകിയത് സ്വപ്നയുടെ ചതിയെന്ന് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക്കിനെ തെരഞ്ഞെടുത്തത് എം ശിവശങ്കറിന്റെ അറിവോടെയാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയാമെന്ന് കരുതുന്നില്ല.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് ബന്ധമില്ലെന്നും സ്വപ്ന സുരേഷ് പറയുന്നു. അദ്ദേഹത്തിന് എതിരെ ഉയർന്ന വിവാദത്തിൽ കഴമ്പില്ലെന്ന് സ്വപ്ന വ്യക്തമാക്കി. ജയിൽ മോചിതയായ ശേഷം ഒരു വാർത്താ ചാനലിന് സ്വപ്ന സുരേഷ് അഭിമുഖം നൽകുന്നത് ആദ്യമാണ്.

യു എ ഇ കോൺസുലേറ്റിൽനിന്ന് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തസംഭവത്തിൽ അന്ന് മന്ത്രിയായിരുന്ന കെ ടി ജലീൽ നിരപരാധിയാണെന്നും സ്വപ്ന പറയുന്നു.

മൂന്നുവർഷത്തിലേറെയായി ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് പരിചയം തുടങ്ങുന്നത്. തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ഐ ടി വകുപ്പിൽ നിയമനം നേടിത്തന്നത് ശിവശങ്കറാണെന്നും സ്വപ്ന പറയുന്നു. എന്നാൽ നിയമനത്തിൽ പങ്കില്ലെന്ന് ശിവശങ്കർ പുസ്തകത്തിൽ പറഞ്ഞിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവച്ചത് ശിവശങ്കർ പറഞ്ഞിട്ടാണെന്നും സ്വപ്ന കൂട്ടിച്ചേർത്തു.

'ഒരു സ്ത്രീയെന്ന നിലയിൽ എന്നെ മാനിപുലേറ്റ് ചെയ്ത് നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്കുണ്ട്. ആരാണ് കുറ്റവാളിയെന്നും നിരപരാധിയെന്നും ബഹുമാനപ്പെട്ട കോടതി തീരുമാനിക്കട്ടെ. എന്റെ കുടുംബത്തിന്റെ അത്താണിയായിരുന്നു ഞാൻ'.

വേറെ എവിടെയെങ്കിലും പോകുന്നതിനെതിരായിരുന്നു ശിവശങ്കർ. അദ്ദേഹം എന്നോട് പറഞ്ഞത് യുഎഇയിൽ സെറ്റിലാവാമെന്ന് പറഞ്ഞിരുന്നു. കോൺസുലേറ്റിൽ നിന്ന് രാജിവെക്കാൻ പറഞ്ഞത് അദ്ദേഹമാണ്. എന്റെ ഭർത്താവ് ജോലിക്ക് പോലും പോകാറില്ല. പത്ത് വർഷമായി വീട്ടിലിരുന്ന് തിന്നുക മാത്രമാണ് ജയശങ്കർ ചെയ്തത്.

അത്തരത്തിൽ ഭർത്താവ് പോലും ദ്രോഹിച്ചു കൊണ്ടിരിക്കുമ്പോൾ എനിക്ക് ജോലി വേണമെന്നത് നിർണായകമായിരുന്നു.ഈ സാഹചര്യത്തിൽ അദ്ദേഹമാണ് സ്പേസ് പാർക്കിനെക്കുറിച്ച് അഭിപ്രായം പറയുന്നത്. എന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുമ്പോൾ അദ്ദേഹത്തിന് എങ്ങനെ നിയമനത്തെക്കുറിച്ച് അറിയില്ലെന്ന് പറയാനാകുമെന്നും സ്വപ്ന ചോദിക്കുന്നു.

വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിൽ എനിക്ക് പങ്കില്ല. ഭർത്താവ് ജയശങ്കറാണ് ഇത്തരം കാര്യങ്ങൾ ചെയ്തത്. എനിക്ക് പന്ത്രണ്ടാം ക്ലാസ് വരെയാണ് വിദ്യഭ്യാസ യോഗ്യത. എന്റെ കഴിവു കൊണ്ട് മാത്രമാണ് എനിക്ക് ജോലി ലഭിച്ചതെന്നും സ്വപ്ന പറഞ്ഞു.

ശമ്പളമല്ലാതെ മറ്റൊരു വരുമാനവും ഇതുവരെ ഇല്ല. ശിവശങ്കറിന്റെ ഒരു ഫോൺ കോൾ വഴിമാത്രമാണ് ഐടി വകുപ്പിൽ ജോലി ശരിയായത്. ശിവശങ്കറിനെക്കുറിച്ച് പറയാൻ ഒരുപാട് രഹസ്യങ്ങളുണ്ട്. എന്നാൽ ചെളിവാരിയെറിയാൻ ആഗ്രഹിക്കുന്നില്ല. കോൺസുലേറ്റിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ശിവശങ്കറിന് അറിവുണ്ടായിരുന്നു. വി ആർ എസ് എടുത്ത് യു എ ഇയിൽ താമസമാകാമെന്ന് ശിവശങ്കർ പറഞ്ഞിരുന്നു ശിവശങ്കർ തന്നെ ചൂഷണം ചെയ്തുവെന്നും സ്വപ്ന പറയുന്നു. രണ്ടു മാസത്തിലൊരിക്കൽ ശിവശങ്കറുമായി ബെംഗളൂരുവിലേക്ക് ഉൾപ്പെടെ യാത്ര പതിവായിരുന്നുവെന്നും സ്വപ്ന അഭിമുഖത്തിൽ പറയുന്നു.

ശിവശങ്കർ ഏഴെട്ടുമാസം ജയിലിൽ കിടന്നെങ്കിൽ താൻ ഒന്നര വർഷം ജയിലിൽ കിടന്നിട്ടുണ്ട്. താനും ആത്മകഥ എഴുതുകയാണെങ്കിൽ ശിവശങ്കർ സാറിനെക്കുറിച്ച് പലതും എഴുതേണ്ടിവരും. അത് ശിവശങ്കറിന്റെ പുസ്തകത്തെക്കാൾ വലിയ രീതിയിൽ വിറ്റുപോകുന്ന കോപ്പിയാകുമെന്നും അവർ പറഞ്ഞു. ഒരു ഫോൺ കോൾ കൊണ്ടാണ് എന്റെ നിയമനം നടന്നത്. സത്യത്തിൽ അതിന് അദ്ദേഹത്തോട് എനിക്ക് വലിയ നന്ദിയുണ്ട്. തന്നെ കണ്ടാൽ അറിയില്ലെന്ന് പറയുന്ന വ്യക്തിക്ക് താൻ എന്ത് വിശദീകരണമാണ് ഇപ്പോൾ നൽകേണ്ടതെന്നും അവർ ചോദിച്ചു.

'എനിക്ക് ആരേയും ചെളിവാരി തേക്കേണ്ട കാര്യമല്ല. ജനങ്ങൾ സ്വപ്നാ സുരേഷിനെ മറക്കാൻ വേണ്ടി തന്നെയാണ് ഇതുവരെ മാധ്യമങ്ങൾക്ക് മുന്നിൽ വരാഞ്ഞത്. അന്വേഷണ ഉദ്യോഗസ്ഥരും സ്വപ്ന സുരേഷും എല്ലാം തെറ്റാണെന്നും ശിവശങ്കർ മാത്രമാണ് ശരി എന്ന് പറയുന്നതും എന്ത് അടിസ്ഥാനത്തിലാണെന്നും സ്വപ്ന ചോദിച്ചു

ഒരു സ്ത്രീയെ കിട്ടിയപ്പോൾ ഈ കേസിന്റെ ഒന്നിനേക്കുറിച്ചും ആർക്കും അറിയേണ്ടി വന്നില്ല. എന്നെ ഒരു വൃത്തികെട്ട സ്ത്രീ എന്ന രീതിയിൽ കേസ് അവസാനിപ്പിക്കാനാണ് എല്ലാവരും ശ്രമിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം, സ്വപ്ന സുരേഷിന്റെ സ്പേസ് പർക്കിലെ നിയമനത്തിൽ ഒരു പങ്കുമില്ലെന്ന ശിവശങ്കറിന്റെ ആത്മകഥയിലെ വാദം സർക്കാർ കണ്ടെത്തലുകളെ കൂടി തള്ളിക്കളയുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ സ്‌പേസ് പാർക്ക് നിയമനത്തിൽ ശിവശങ്കറിന് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു.

ഇതേതുടർന്നായിരുന്നു ശിവശങ്കറിനെ അന്ന് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറിയും ചേർന്നായിരുന്നു സ്‌പേസ് പാർക്ക് നിയമന ആരോപണം പരിശോധിച്ചത്. തയാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള അന്നത്തെ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ ഉത്തരവ്.

കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന് കീഴിലുള്ള സ്‌പേസ് പാർക്കിൽ യു.എ.ഇ കോൺസൽ ജനറലിന്റെ സെക്രട്ടറിയായിരുന്ന വ്യക്തിയെ ഓപ്പറേഷൻ മാനേജരായി നിയമിച്ചതിൽ ശിവശങ്കറിന് വീഴ്ച പറ്റിയെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. 2020 ജൂലൈ 17 ന് പുറത്തിറക്കിയ സസ്‌പെൻഷൻ ഉത്തരവിലും ഇക്കാര്യം വിശദീകരിക്കുന്നു.