തിരുവനന്തപുരം: വ്യാജ ബിരുദസർട്ടിഫിക്കറ്റ് നൽകി സ്വപ്ന സുരേഷ് സർക്കാർ ജോലി നേടിയ കേസിലെ അന്വേഷണം അട്ടിമറിക്കപ്പെട്ടു. കേസിലെ തെളിവു പാതിവഴിയിൽ അവസാനിച്ചു. അനധികൃതമായി ശമ്പളം വാങ്ങിയതിലൂടെ സർക്കാരിനുണ്ടായ ലക്ഷങ്ങളുടെ നഷ്ടം കുറ്റക്കാരിൽ നിന്നു തിരികെ പിടിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാർശയും അട്ടിമറിച്ചു. ഇതും ശിവശങ്കറിന് വേണ്ടിയാണെന്നാണ് സൂചനകൾ. തനിക്ക് ജോലി തന്നതും സർട്ടിഫിക്കറ്റും വിദ്യാഭ്യാസ യോഗ്യതയും എല്ലാം നിശ്ചയിച്ചതും ശിവശങ്കറാണെന്ന് സ്വപ്‌നാ സുരേഷ് വെളെപ്പെടുത്തിയിരുന്നു.

തന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച പൂർണമായ അറിവോടെ തന്നെയാണു മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്‌പേസ് പാർക്കിൽ ജോലിക്ക് നിയോഗിച്ചതെന്നും അതിനായി അപേക്ഷിക്കുകയോ ഇന്റർവ്യൂവിൽ പങ്കെടുക്കുകയോ ചെയ്തിട്ടില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ശിവശങ്കറിന്റെ ഒറ്റ ഫോൺ വിളിയിലായിരുന്നു തന്റെ നിയമനമെന്നും ഇവർ പറഞ്ഞതോടെ ഈ കേസ് വീണ്ടും പൊതുശ്രദ്ധയിലേക്കു വന്നു. പക്ഷേ തൽകാലം ഇത് അന്വേഷിക്കില്ല. ശിവശങ്കർ കുടുങ്ങാതിരിക്കാനാണ് ഇത്. സ്വപ്‌നയുടെ വാട്‌സാപ്പ് ചാറ്റുകളിൽ ഇതിനുള്ള തെളിവുകൾ ഉണ്ടാകുമെന്നാണ് നിഗമനം.

ബയോഡേറ്റ വരെ തയാറാക്കിക്കൊടുത്തത് അന്നത്തെ ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കർ ആണെന്ന ഗുരുതരമായ വെളിപ്പെടുത്തലും സ്വപ്ന നടത്തി. മറ്റൊരു രാജ്യത്തിന്റെ കോൺസുലേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റായിരുന്ന തന്നെ നിയമിക്കാൻ സുരക്ഷാ പ്രശ്‌നമുണ്ടെന്നു ചൂണ്ടിക്കാണിച്ച കെപിഎംജി എന്ന കൺസൽറ്റൻസിയെ ഉടനെ മാറ്റി പിഡബ്ല്യുസിയെ കൊണ്ടുവന്നാണ് ശിവശങ്കർ സ്‌പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജരായി തന്നെ നിയമിച്ചതെന്നും സ്വപ്ന പറഞ്ഞു. ഈ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തിയാൽ പോലും സത്യം പുറത്തു വരും.

നിയമനത്തിനു പിന്നിൽ ആസൂത്രിത നീക്കവുമുണ്ടെന്നു പുറത്തുവന്നതോടെ കേസന്വേഷണം മരവിപ്പിക്കാനാണ് നീക്കം. സ്വപ്നയ്‌ക്കെതിരെ പൊലീസ് എടുത്ത ഏക കേസാണ് ഇത്. ഐടി വകുപ്പിന്റെ നിയന്ത്രണത്തിലെ സ്‌പേസ് പാർക്കിൽ ജോലി കിട്ടാൻ സ്വപ്ന ഹാജരാക്കിയത് മുംബൈയിലെ ബാബാ സാഹിബ് സർവകലാശാലയിൽ നിന്നുള്ള വ്യാജ ബികോം സർട്ടിഫിക്കറ്റാണ്. ഈ സർവകലാശാലയിൽ ബികോം കോഴ്‌സ് തന്നെ നടത്തുന്നില്ലെന്നായിരുന്നു സർവകലാശാലയുടെ മറുപടി.

മാസം ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടിയ 3.18 ലക്ഷം രൂപയ്ക്ക് സ്വപ്നയെ നിയമിക്കുകയും ചെയ്തു. 20 ലക്ഷം രൂപ ശമ്പളമായി കൈക്കലാക്കുകയും ചെയ്തു. സ്വർണക്കടത്ത് വിവാദമായപ്പോൾ കേസെടുത്ത പൊലീസ് ആകെ ചെയ്തത് ജയിലിലെത്തി സ്വപ്നയുടെ അറസ്റ്റ് രേഖപ്പെടുത്തി എന്നതാണ്. ഒരു ലക്ഷം രൂപ ചെലവാക്കി പഞ്ചാബിൽ നിന്നു വാങ്ങിയ വ്യാജ സർട്ടിഫിക്കറ്റാണെന്നു കണ്ടെത്തിയിട്ടും കുറ്റപത്രം പോലും നൽകിയില്ല.

സ്വപ്നയ്ക്ക് ശമ്പളം നൽകിയതിലൂടെ സർക്കാരിനുണ്ടായ 20 ലക്ഷം രൂപയുടെ നഷ്ടം നിയമനം നൽകിയ ഉദ്യോഗസ്ഥരിൽ നിന്നു പിടിക്കണമെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിരുന്നു. അതു നടപ്പാക്കാതെ സർക്കാർ പൂഴ്‌ത്തിയിരിക്കുകയാണ്. വ്യാജ സർട്ടിഫിക്കറ്റ് നൽകിയത് ശിവശങ്കറിന്റെ അറിവോടെയെന്നു തെളിഞ്ഞാൽ കേസിൽ പ്രതി ചേർക്കേണ്ടിവരും. ഇതൊഴിവാക്കാനാണ് ഈ നീക്കം.

യുഎഇ കോൺസുലേറ്റിലെ ജോലി പോയതിന് പിന്നാലെയാണ് സ്വപ്ന സുരേഷ് സുരക്ഷിത ലാവണം തേടി സ്പേസ് പാർക്കിൽ കയറാൻ നോക്കിയത്. എം.ശിവശങ്കറിന്റെ ഒത്താശയോടെ സ്പേസ് സ്പാർക്കിൽ കയറിപറ്റിയപ്പോൾ ഹാജരാക്കിയത് വ്യാജബിരുദസർട്ടിഫിക്കറ്റെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. ഈ വ്യാജബിരുദ സർട്ടിഫിക്കറ്റ് തയാറാക്കിയത് പഞ്ചാബിലെ ഒരു സ്ഥാപനമെന്ന് പൊലീസ് കണ്ടെത്തി. തിരുവനന്തപുരം തൈക്കാടുണ്ടായിരുന്ന സ്ഥാപനം വഴിയാണ് ഒരു ലക്ഷത്തോളം രൂപ മുടക്കി സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.

ഐ.ടി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്പേസ് പാർക്കിൽ സ്വകാര്യ കൺസൽട്ടൻസിയായ ജണഇ വഴി ജോലി നേടിയപ്പോൾ സ്വപ്ന പറഞ്ഞത് ബി.കോം ബിരുദധാരിയെന്നായിരുന്നു. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയിൽ നിന്നും ബി.കോമിൽ ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റായിരുന്നു നൽകിയിരുന്നത്. എന്നാൽ, സർവകലാശാല ബി.കോം കോഴ്‌സ് നടത്തുന്നില്ലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ രേഖാമൂലം അറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് സ്വപ്നയെ വ്യാജ സർട്ടിഫിക്കറ്റിൽ പ്രതി ചേർത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

2017ലാണ് സ്വപ്ന സർട്ടിഫിക്കറ്റ് നേടുന്നത്. പഞ്ചാബിലെ ദേവ് എഡ്യുക്കേഷൻ ട്രസ്റ്റാണ് ഇത് തയാറാക്കിയത്. ഇടനിലക്കാരായത് തൈക്കാട് പ്രവർത്തിച്ചിരുന്ന എഡ്യൂക്കേഷൻ ഗൈഡൻസ് സെന്റർ എന്ന സ്ഥാപനവും. ഈ സ്ഥാപനത്തിൽ ബന്ധപ്പെട്ടാണ് സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്. ഒരു ലക്ഷത്തോളം രൂപയും നൽകി. ഇവരാണ് പഞ്ചാബിലെ സ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങിനൽകിയത്. തൈക്കാട്ടെ സ്ഥാപനം ഇപ്പോൾ ഇല്ല.

വ്യജസർട്ടിഫിക്കറ്റ് വിവാദത്തിൽ സ്വപ്നയുടെ കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സിനെയും റിക്രൂട്ട്‌മെന്റ് നടത്തിയ വിഷൻടെക്കിനെയും പഴിചാരുമ്പോൾ കെഎസ്‌ഐടിഎൽ എംഡി എന്ത് പരിശോധന നടത്തിയെന്ന ചോദ്യവും ഉയർന്നിരുന്നു. മതിയായ പരിശോധനയില്ലാതെ നിയമനം അംഗീകരിച്ചതും ശമ്പളം ഇനത്തിൽ കൺസൾട്ടൻസിക്ക് 20ലക്ഷം രൂപ നൽകിയതും കെഎസ്‌ഐടിഎല്ലാണ്. വിഷൻടെക്കിന്റെ നടപടികൾ പൂർത്തിയായി കെഎസ്‌ഐടിഎൽ എംഡി ജയശങ്കർ പ്രസാദ് കൂടി അഭിമുഖം നടത്തിയാണ് സ്വപ്നയെ നിയമിച്ചത്.

ജയശങ്കർ പ്രസാദിന്റെ റിപ്പോർട്ടിങ് ഓഫീസർ അന്നത്തെ ഐടി സെക്രട്ടറി എം ശിവശങ്കർ ആയിരുന്നു. ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തിൽ സ്വപ്നക്ക് കെഎസ്‌ഐടിഎല്ലിൽ കരാർ നിയമനം ലഭിക്കാൻ ശിവശങ്കർ ഇടപെട്ടെന്ന് കണ്ടെത്തിയിരുന്നു.