തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്. ശിവശങ്കർ ഐഎഎസിന് എതിരായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം നൽകിയത്. പൊലീസ് ആദ്യം എഴുതി തള്ളിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കുറ്റപത്രം നൽകിയത്.

സ്വർണക്കടത്ത് കേസിൽ പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ എഴുതിയ പുസ്തകത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. 'പുസ്തകം എഴുതാൻ ഇടയായതിനെ കുറിച്ച് ശിവശങ്കർ തന്നെ വ്യക്താക്കിയിട്ടുണ്ട്. പുസ്തകത്തിൽ ചില കാര്യങ്ങളെ കുറിച്ചുള്ള ശക്തമായ അഭിപ്രായം ശിവശങ്കർ രേഖപ്പെടുത്തിയിടട്ടുണ്ട്. അതിലൊന്ന് മാധ്യമങ്ങളുടെ നിലയെ കുറിച്ചാണ്.മറ്റൊന്ന് അന്വേഷണ ഏജൻസികളുടെ നിലപാടിനെ കുറിച്ചാണ്. സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്ക് ഉണ്ടാകുന്ന ഒരുതരം പ്രത്യേക പക ഉയർന്നുവരും. അത് അതേരീതിയിൽ വന്നു എന്നാണ് മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞത്. അത് തന്നെയാണ് തനിക്കും പറയാനുള്ളത്.'- മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.

ആ പ്രസ്താവനയിൽ സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്ക് ഉണ്ടാകുന്ന ഒരുതരം പ്രത്യേക പക ഉയർന്നുവരും. അത് അതേരീതിയിൽ വന്നു എന്നാണ് മാധ്യമപ്രവർത്തകൻ ശശികുമാർ പറഞ്ഞത്. അത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്ന വാചകമാണ് കൂടുതൽ ചർച്ചയായത്. ഇത് അനുസ്മരിപ്പിക്കും വിധമാണ് സ്വപ്‌നാ സുരേഷിനെതിരെ ക്രൈംബ്രാഞ്ച് അതിവേഗം എയർഇന്ത്യാ കേസിൽ കുറ്റപത്രം നൽകുന്നത്. സ്വപ്‌നയുടെ ശബ്ദരേഖാ വെളിപ്പെടുത്തൽ വെട്ടിലാക്കിയത് ക്രൈംബ്രാഞ്ചിനേയും സർക്കാരിനേയുമാണ്. അതിൽ പക ഉയരുക സ്വാഭാവികം. മുഖ്യമന്ത്രിയുടെ വാക്കുകൾ അനുസ്മരിപ്പിക്കും വിധം കുറ്റപത്രം നൽകിയെന്ന വാർത്തയും വന്നു. അങ്ങനെ ശിവശങ്കറിന് വേണ്ടി നടത്തിയ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇപ്പോഴും ചർച്ചയാവുകയാണ്. ഇത് പ്രത്യേക ആക്ഷനാണെന്നാണ് വിലയിരുത്തൽ.

രണ്ടാം പ്രതിയായ എച്ച് ആർ മാനേജറായിരുന്ന സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ എയർ ഇന്ത്യ സാറ്റ്‌സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈഗിംക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ.

1. ബിനോയ് ജേകബ്
2. സ്വപ്ന സുരേഷ്
3. ദീപക് ആന്റോ
4. ഷീബ
5. നീ തു മോഹൻ
6. ഉമ മഹേശ്വരി സുധാകർ
7. സത്യ സുബ്രമണ്യം
8. ആർഎംഎസ് രാജൻ
9 ലീന ബിനീഷ്
10. അഡ്വ. ശ്രീജ ശശിധരൻ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്.

2016 മാർച്ചിലാണ് എയർ ഇന്ത്യ ഗ്രൗണ്ട് ഓഫിസർ ആയിരുന്ന എൽ.എസ്. സിബുവിനെതിരെ 17 സ്ത്രീകൾ ഒപ്പിട്ട പീഡന പരാതി എയർപോർട്ട് അഥോറിറ്റിക്കു തപാലിൽ ലഭിച്ചത്. ഇതു വ്യാജമാണെന്നു സിബു വലിയതുറ പൊലീസിൽ പരാതി നൽകി. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടതോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണത്തിനു കൈമാറി.
പരാതിയിൽ ഒപ്പിട്ട 17 പേരെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി. ഭൂരിഭാഗം പേരും പരാതിയെപ്പറ്റി അറിവില്ലെന്നും തങ്ങളല്ല ഒപ്പിട്ടതെന്നും മൊഴി നൽകി. എയർ ഇന്ത്യ സാറ്റ്‌സ് വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും ജീവനക്കാരി സ്വപ്ന സുരേഷുമാണ് ഒപ്പിടാൻ സമ്മർദം ചെലുത്തിയതെന്നു ചിലർ വെളിപ്പെടുത്തി. അതോടെ കേസ് ഇഴഞ്ഞു തുടങ്ങി.

കേസിൽ എയർ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരെ ചെന്നൈയിൽ നിന്നും ഡൽഹിയിൽ നിന്നും വിളിച്ചുവരുത്തി മൊഴിയെടുക്കേണ്ടി വന്നതോടെ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് എയർ ഇന്ത്യ ഹൈക്കോടതിയിൽ ഹർജി നൽകി. എയർ ഇന്ത്യയുടെ ഉന്നതരെ വരെ ചോദ്യം ചെയ്തിട്ടും സ്വപ്നയെ ഒന്നു വിളിക്കാൻ പോലും ക്രൈംബ്രാഞ്ചിനായില്ല. എയർ ഇന്ത്യയുടെ പരാതിയിൽ കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ മറുപടിയിൽ, സ്വപ്നയെ ചോദ്യം ചെയ്യണമെന്നു ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ അതുണ്ടായില്ല. തെളിവൊന്നും കണ്ടെത്തിയില്ലെന്ന് കാണിച്ച് 2017 ഓഗസ്റ്റിൽ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ജില്ലാ കോടതിയിൽ റിപ്പോർട്ട് നൽകി.

2018 ൽ ഇക്കാര്യം പുറത്തു വന്നപ്പോൾ സിബു ഹൈക്കോടതിയെ സമീപിച്ചു. 2019 ജൂലൈയിൽ ഹൈക്കോടതി വിധി വന്നു. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കണമെന്നും സത്യസന്ധനായ ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നുമായിരുന്നു വിധി. തിരുവനന്തപുരത്ത് എസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം പുനരാരംഭിച്ചു. പരാതിയിൽ ഒപ്പിട്ട പെൺകുട്ടികളെയെല്ലാം വിളിച്ചുവരുത്തിയെങ്കിലും സ്വപ്നയെ തൊട്ടില്ല. സിബു ക്രൈംബ്രാഞ്ച് എഡിജിപിയെ കണ്ടു വീണ്ടും പരാതി നൽകി. കോടതിയെയും സമീപിച്ചു. 5 മാസത്തിനകം കുറ്റപത്രം നൽകുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

അങ്ങനെ 2020 ൽ സ്വപ്നയെ ആദ്യമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ചോദ്യം ചെയ്യുന്നതിനിടെ 2 ഉന്നതരുടെ വിളിയെത്തി. അതോടെ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും ഉന്നത സ്വാധീനം ഉപയോഗിച്ചു സ്വപ്ന അതിനെല്ലാം തടയിട്ടു. ഒടുവിൽ സ്വർണക്കടത്ത് കേസിൽ പ്രതിയായപ്പോഴാണു തിടുക്കപ്പെട്ടു സ്വപ്നയെ രണ്ടാം പ്രതിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ച് തയാറാകുന്നത്. ഒന്നാം പ്രതി ബിനോയ് ജേക്കബാണ്. വ്യാജരേഖ ചമച്ചതിനും ഗൂഢാലോചനയ്ക്കുമെല്ലാം ക്രൈംബ്രാഞ്ചിന്റെ കയ്യിൽ രേഖകളുള്ളപ്പോഴാണു സ്വപ്ന സർക്കാരിന്റെ ഐടി വകുപ്പിനു കീഴിൽ ഉന്നത പദവിയിൽ അവരോധിക്കപ്പെട്ടത്. ഈ കേസാണ് വീണ്ടും പൊടിതട്ടിയെടുത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകുന്നത്.