- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനു ഭീഷണിയുണ്ട്; സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോടു പറഞ്ഞു; നാളെയും മൊഴി നൽകും; മാധ്യമങ്ങളോടും പറയുമെന്ന് സ്വപ്ന സുരേഷ്; രഹസ്യമൊഴി അന്വേഷണത്തിന് സഹായകരമാകുമെന്ന പ്രതീക്ഷയിൽ ഇഡി
കൊച്ചി: നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി സ്വപ്ന സുരേഷ്. തന്റെ ജീവനു ഭീഷണിയുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയോടു പറഞ്ഞു. നാളെയും മൊഴി നൽകും. അതിനുശേഷം മാധ്യമങ്ങളോടു കൂടുതൽ കാര്യങ്ങൾ തുറന്നു പറയുമെന്നും സ്വപ്‌ന വ്യക്തമാക്കി. എറണാകുളം ജില്ലാ കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.
ജീവന് ഭീഷണിയുള്ളതിനാൽ തന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ജില്ലാ കോടതിയിൽ സ്വപ്ന അപേക്ഷ നൽകിയതിനെ തുടർന്നാണ് കോടതി അനുവാദം നൽകിയത്. തിങ്കളാഴ്ച കോടതി മൊഴിയെടുത്തു. ചൊവ്വാഴ്ചയും തുടരും.
സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട എറണാകുളത്തെ പ്രത്യേക കോടതിയാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ എറണാകുളം ജില്ലാ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് സ്വപ്നയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി നിർദ്ദേശിച്ചത്.
മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്‌ട്രേട്ടിനെ അറിയിച്ചതായി മാധ്യമങ്ങളോട് പറഞ്ഞു. നാളെ ഉച്ചയ്ക്ക് 12 മണിക്ക് കോടതിയിലെത്തും. അറിയാവുന്നതെല്ലാം പറയും. അതിനുശേഷം എല്ലാം മാധ്യമങ്ങളോട് പറയും.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ജയിലിൽ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മർദ്ദം ചെലുത്തിയതുകൊണ്ടാണെന്ന് സ്വപ്ന തിരുത്തി. ഇതേതുടർന്ന് ഇഡി എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
തെളിവ് നശിപ്പിക്കൽ, കേസ് അട്ടിമറിക്കാൻ ശ്രമിക്കൽ എന്നീ കാര്യങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. ഈ കേസിൽ മൊഴി എടുക്കാൻ ഇഡി നേരത്തെ വിളിപ്പിച്ചിരുന്നെങ്കിലും സ്വപ്ന ഹാജരായിരുന്നില്ല. ആ നിലയ്ക്ക് സ്വപ്നയുടെ രഹസ്യമൊഴി അന്വേഷണത്തിന് സഹായകരമാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ.
മറുനാടന് മലയാളി ബ്യൂറോ