- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മുഖ്യമന്ത്രി ബാഗ് മറന്നു; എത്രയും പെട്ടെന്ന് ദുബായിൽ എത്തിക്കണമെന്ന് ശിവശങ്കർ ആവശ്യപ്പെട്ടു; ബാഗ് സ്‌കാൻ ചെയ്തപ്പോൾ കറൻസിയാണെന്ന് മനസ്സിലായി'; മുഖ്യമന്ത്രിക്കും ഭാര്യക്കും മകൾക്കും കെ.ടി. ജലീലിനുമെതിരെ രഹസ്യമൊഴി നൽകിയെന്ന് സ്വപ്ന സുരേഷ്
കൊച്ചി: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. 2016ൽ മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തായിരുന്നപ്പോൾ ബാഗേജ് ക്ലിയറൻസിന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ തന്നെ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോൺസുൽ ജനറൽ സാധനങ്ങൾ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചു.
നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിലെ പ്രതിയായ സ്വപ്ന സുരേഷ് കൊച്ചിയിലെ കോടതിയിലെത്തി രഹസ്യമൊഴി നൽകിയ ശേഷമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്വർണക്കടത്തു കേസിൽ പങ്കുള്ളവരെ കുറിച്ച് വിശദമായ മൊഴി നൽകിയെന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോടു പറഞ്ഞു.
ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ രഹസ്യമൊഴി നൽകിയതെന്നും കേസുമായി ബന്ധമുള്ളവരിൽനിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ രഹസ്യമൊഴി നൽകിയതായും സ്വപ്ന വെളിപ്പെടുത്തി.
'മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രൻ, മുന്മന്ത്രി കെ.ടി.ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്.
2016-ൽ മുഖ്യമന്ത്രി ദുബായിൽപോയ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുലേറ്റിൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് ദുബായിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതിൽ കറൻസിയായിരുന്നു. കോൺസുലേറ്റിലെ സ്‌കാനിങ് മെഷീനിൽ ആ ബാഗ് സ്‌കാൻ ചെയ്തിരുന്നു. അങ്ങനെയാണ് കറൻസിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.
നിരവധി തവണ കോൺസുൽ ജനറലിന്റെ വീട്ടിൽനിന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു.
ഇക്കാര്യം മുഖ്യമന്ത്രിക്ക് അറിയാമായിരിക്കുമെന്നും സ്വപ്ന സുരേഷ് പറയുന്നു. ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങൾ കൊടുത്തയച്ചത്. എം ശിവശങ്കറിന്റെ നിർദ്ദേശപ്രകാരമാണ് സാധനങ്ങൾ എത്തിച്ചതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകൾ, ഭാര്യ എന്നിവർക്ക് വസ്തുതകൾ എല്ലാം അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
എന്റെ മൊഴികളിൽ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജൻഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടൽ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാൻ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നിൽവന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതൽകാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങൾ അന്വേഷിക്കൂ'- സ്വപ്ന പറഞ്ഞു.
കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചതായും സ്വപ്ന സുരേഷ് പറയുന്നു.
സ്വർണക്കടത്തു കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ട്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നും സ്വപ്ന പറഞ്ഞു. അറസ്റ്റിലായ ശേഷം കേന്ദ്ര അന്വേഷണ ഏജൻസികളായ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), കസ്റ്റംസ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവർ സ്വപ്നയുടെ മൊഴികൾ വിശദമായി രേഖപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ