- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ 'അറിയാം' എന്നുമാത്രം വെളിപ്പെടുത്തിയിരുന്ന സ്വപ്ന ആദ്യമായാണ് 'പങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നത്; സിബിഐ അന്വേഷണത്തിന് പിണറായി തന്നെ ആവശ്യപ്പെട്ടേക്കും; സ്വപ്നയ്ക്കെതിരെ നിയമ നടപടി സിപിഎം ആലോചനയിൽ; ബിരിയാണിപ്പാത്രവും കറൻസി നോട്ടും പരിവാർ കമ്പനിയുടെ ഗൂഢാലോചനയോ? ഫോട്ടോ തെളിവുകൾ പുറത്തു വന്നാൽ കഥ മാറും
കൊച്ചി: ബിരിയാണിപ്പാത്രവും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റേതും ഉൾപ്പെടെയുള്ള പേരുകളുമായി സ്വപ്‌നാ സുരേഷ് എത്തുമ്പോൾ എല്ലാം പരിവാർ കമ്പനിയുടെ ജോലിയുടെ പ്രത്യുപകാരമെന്ന് പ്രചരിപ്പിക്കുകയാണ് സൈബർ സഖാക്കൾ. പക്ഷേ ഈ വെളിപ്പെടുത്തൽ നടത്തിയത് കോടതിയിൽ രഹസ്യ മൊഴി നൽകിയ ശേഷമാണ്. അതുകൊണ്ട് തന്നെ ഈ വിഷയങ്ങൾ കേന്ദ്ര ഏജൻസികൾക്ക് പരിശോധിക്കേണ്ടി വരും. ഈ സമയം സ്വപ്‌ന പറഞ്ഞ പേരുകാരെ എല്ലാം ചോദ്യം ചെയ്യേണ്ടിയും വരും. ഇത് മുഖ്യമന്ത്രി പിണറായി വിജയന് തലവേദനയാകാൻ സാധ്യതയുണ്ട്. കാരണം കുടുംബാംഗങ്ങളെ സമ്മർദ്ദത്തിലാക്കുന്നതാകും ചോദ്യം ചെയ്യൽ എന്നത് വസ്തുതയാണ്.
മുഖ്യമന്ത്രിയെ 'അറിയാം' എന്നുമാത്രം വെളിപ്പെടുത്തിയിരുന്ന സ്വപ്ന ആദ്യമായാണ് 'പങ്ക്' എന്ന വാക്ക് ഉപയോഗിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യ കമല, മകൾ വീണ, നളിനി നെറ്റോ, കെ.ടി. ജലീൽ, സി.എം. രവീന്ദ്രൻ എന്നിവരുടെ പേരുകളും പറഞ്ഞു. പക്ഷേ, ഇവർക്കെന്താണ് പങ്കെന്ന് വെളിപ്പെടുത്തിയിട്ടുമില്ല. കസ്റ്റംസും ഇ.ഡി.യും മുമ്പുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് നയതന്ത്ര സ്വർണക്കടത്തുകേസിൽ പങ്കുണ്ടെന്ന് ആരോപിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയെ വ്യക്തിപരമായി ആരോപണത്തിൽ നിർത്തിയില്ല. ഇതിനാണ് മാറ്റം വരുന്നത്. ചില ഫോട്ടോകൾ തന്റെ പക്കലുണ്ടെന്ന സൂചന സ്വപ്‌ന നേരത്തെ നൽകിയിരുന്നു. ഈ ഫോട്ടോ പുറത്തു വരുമോ എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ നിർണ്ണായകം.
മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദർശനവേളയിൽ കറൻസി കടത്തിയെന്നത് നേരത്തേത്തന്നെ പുറത്തുവന്നതാണ്. കസ്റ്റംസിന്റേതുൾപ്പെടെയുള്ള അന്വേഷണറിപ്പോർട്ടുകളിലും ഇതുണ്ട്. തിരുവനന്തപുരത്തെ യുഎഇ കോൺസൽ ജനറലിന്റെ ജവഹർ നഗറിലെ വസതിയിൽനിന്ന് 'അതിശയിപ്പിക്കുന്ന ഭാരമുള്ള' ബിരിയാണിപ്പാത്രങ്ങൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം പലതവണ എത്തിച്ചിട്ടുണ്ടെന്നു സ്വപ്ന പറഞ്ഞു. ''ബിരിയാണി മാത്രമല്ല അതിൽ എന്തൊക്കെയോ മെറ്റാലിക് ഒബ്ജക്ട്‌സ് ഉണ്ടായിരുന്നതായിട്ട്...'' എന്ന മുഴുമിപ്പിക്കാത്ത വാചകത്തിലൂടെയാണു സംശയം സൂചിപ്പിക്കാൻ സ്വപ്ന ശ്രമിച്ചത്.
ഇതെല്ലാം മുഖ്യമന്ത്രിക്കു നേരിട്ട് അറിയാമായിരുന്നോ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി പറഞ്ഞില്ല. ''ക്ലിഫ് ഹൗസിൽ കൊണ്ടുപോകുമ്പോൾ... എനിക്കു തോന്നുന്നത്... അതൊരു കോമൺ സെൻസാണ്... എല്ലാം വിശദമായി കോടതിയോടു പറഞ്ഞിട്ടുണ്ട്'' എന്നായിരുന്നു മറുപടി. കൂടുതൽ വെളിപ്പെടുത്തരുതെന്നു നിർദ്ദേശമുണ്ടെന്നും എന്നാൽ ഉചിതമായ സമയവും സന്ദർഭവും വരുമ്പോൾ പറയുമെന്നും സ്വപ്ന അറിയിച്ചു. ഇതെല്ലാം വെറുതെ പറഞ്ഞു പോകാൻ കഴിയന്നതല്ലെന്ന് സ്വപ്‌നയ്ക്കും അറിയാം. പ്രത്യാഘാതങ്ങളെ കുറിച്ചും ബോധ്യം കാണും. അതുകൊണ്ട് ത്‌ന്നെ ചില തെളിവുകൾ എങ്കിലും സ്വപ്‌നയുടെ കൈയിൽ കാണുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
തിരുവനന്തപുരം യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ 2020 ജൂൺ 30-ന് ദുബായിൽനിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ 79 കിലോഗ്രാമിന്റെ നയതന്ത്ര കാർഗോ വന്നതാണ് കേസിന്റെ തുടക്കം. സ്വർണക്കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ച കസ്റ്റംസ് ഉദ്യോഗസ്ഥർ കാർഗോ പിടിച്ചുവെച്ചു. നയതന്ത്ര ബാഗായതിനാൽ ഉന്നത അനുമതിയോടെ ജൂലായ് അഞ്ചിനു തുറന്ന് പരിശോധിച്ചപ്പോൾ ഉപകരണങ്ങളിൽ ഒളിപ്പിച്ച നിലയിൽ 30 കിലോഗ്രാം സ്വർണം കണ്ടെത്തി.
തുടർന്ന് യു.എ.ഇ. കോൺസുലേറ്റിലെ മുൻ പി.ആർ.ഒ. പി.എസ്. സരിത്തിനെ അറസ്റ്റുചെയ്തു. ഒളിവിൽപ്പോയ സ്വപ്നാ സുരേഷ്, സന്ദീപ് നായർ എന്നിവരെ കേസെടുത്ത എൻ.ഐ.എ. ബെംഗളൂരുവിൽനിന്ന് അറസ്റ്റുചെയ്തു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറും സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധം പുറത്തുവന്നതോടെ നീണ്ട രാഷ്ട്രീയവിവാദത്തിലേക്കും കേസ് മാറി. ശിവശങ്കർ അറസ്റ്റിലാവുകയും ജയിൽവാസത്തിനുശേഷം ജാമ്യം ലഭിച്ച് തിരികെ സർവീസിൽ കയറുകയും ചെയ്തു. ഇതുവരെ അറസ്റ്റിലായ എല്ലാ പ്രതികളും ജാമ്യംകിട്ടി പുറത്തുണ്ട്.
സ്വപ്നയുടെ ആക്ഷേപത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെടാൻ സർക്കാർതന്നെ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുണ്ട്. ഏതുതരം അന്വേഷണത്തേയും നേരിടാൻ തയാറാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം. നേതൃത്വത്തെ അറിയിച്ചതായാണു വിവരം. ഇക്കാര്യത്തിൽ നിയമോപദേശം തേടാനും സിപിഎം. നേതൃത്വം ആലോചിക്കുന്നുണ്ട്. മുഖ്യമന്ത്രിയോടൊപ്പം കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ആരോപണം ഉന്നയിക്കുന്നത് ഗൗരവത്തോടെയാണ് സർക്കാരും പാർട്ടിയും കാണുന്നത്. ഇതിനെതിരേ നിയമനടപടി സാധ്യമാണോയെന്നു പാർട്ടി പരിശോധിക്കുന്നുണ്ട്.
കേസ് അന്വേഷണത്തിന് സിബിഐ എത്താനും സാധ്യത ഏറെയാണ്. അന്വേഷണത്തിൽ സിബിഐ. വരണമെങ്കിൽ ഒന്നുകിൽ കോടതി ഇടപെടണം. അല്ലെങ്കിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടണം. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന ഒരു കേസിൽ സിബിഐ. അന്വേഷണം ഉണ്ടാകാനുള്ള സാധ്യത വിരളമാണെന്നു നിയമവിദഗ്ദ്ധർ ഉറപ്പിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ