- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചനയ്ക്ക് തെളിവ് പി.സിയുടെ ഓഡിയോ; സരിതയെ സാക്ഷിയാക്കി കേസെടുക്കാൻ കഴിയുമോ എന്ന് ആലോചന; കെടി ജലീലിന്റെ പരാതി രാഷ്ട്രീയ തീരുമാനം; വ്യാജ സർട്ടിഫിക്കറ്റിൽ സ്വപ്നയെയും അറസ്റ്റ് ചെയ്യാൻ സാധ്യത; കേസുകളിൽ പൊലീസ് നിയമോപദേശം തേടും; ഡിജിപിയെ നേരിട്ട് കണ്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുകേസിലെ പുതിയ നീക്കങ്ങൾ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി അനിൽ കാന്തും എഡിജിപി വിജയ് സാഖറെയുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു ചർച്ച. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഉൾപ്പെടെ ചർച്ച ചെയ്‌തെന്നാണ് വിവരം. വ്യാജ സർട്ടിഫിക്കറ്റ് കേസ് അടക്കം പൊലീസ് സജീവ അന്വേഷണത്തിന് വിധേയമാക്കും. സ്വപ്നയെ ഈ കേസിൽ പൊലീസ് അറസ്റ്റു ചെയ്യാൻ സാധ്യത ഏറെയാണ്. തെളിവുകൾ എല്ലാം ഉണ്ടെന്നാണ് മുഖ്യമന്ത്രിയെ പൊലീസിലെ ഉന്നതർ അറിയിക്കുന്നത്.
സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഗൂഢാലോചനയുടെ ഭാഗമാണോയെന്നതടക്കം ചർച്ച ചെയ്തു. ഗൂഢാലോചന നടത്തിയാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് മുൻനിർത്തി കേസെടുക്കുന്നത് പൊലീസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യവും ചർച്ചയായി. അതിനിടെ മുന്മന്ത്രി കെ.ടി.ജലീൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിസി ജോർജിനെതിരെ പുറത്തു വന്ന ഓഡിയോയും പരിശോധിക്കും. സരിതാ നായരെ കേസിൽ സാക്ഷിയാക്കി പിസി ജോർജിനെതിരെ നീങ്ങാനാകും ശ്രമിക്കുക. ഈ കേസിൽ വിശദ നിയമോപദേശം പൊലീസ് തേടും. അതിന് ശേഷമാകും പിസിയേയും സ്വപ്‌നയേയും അറസ്റ്റ് ചെയ്യാനുള്ള സാധ്യതകളിലേക്ക് ആലോചന കടക്കൂ.
എല്ലാ ആഴ്ചയും മുഖ്യമന്ത്രി ഡിജിപിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി ചർച്ച നടത്താറുണ്ട്. അത്തരത്തിലുള്ള സ്വാഭാവിക ചർച്ചയാണ് ഇതെന്നാണ് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ സരിത്തിനെ വിജിലൻസ് കസ്റ്റഡിയിൽ എടുത്തതോടെ പൊലീസിന്റെ നീക്കങ്ങൾ ഇനി നിർണ്ണായകമാകും. ഈ സമയത്ത് സരിത്തിനെ വിജിലൻസ് കൊണ്ടു പോയത് ഏറെ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഇതിനോടെല്ലാം പൊലീസ് കരുതലോടെ മാത്രമേ പ്രതികരിക്കൂ. വ്യാജ സർട്ടിഫിക്കറ്റ് നൽകി സർക്കാർ ജോലിയിൽ സ്വപ്‌ന പ്രവേശിച്ചത് പൊലീസ് ഗൗരവത്തോടെ എടുക്കുന്നുണ്ട്. എന്നാൽ ശിവശങ്കറിന് കോട്ടം ഉണ്ടാക്കുന്ന തരത്തിൽ ഇടപെടലുകൾ ഉണ്ടാകില്ല. സരിത്ത് പ്രതിയായ വിജിലൻസ് കേസിലും ശിവശങ്കർ പ്രതിയാണ്.
സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതി സംസ്ഥാന മുഖ്യമന്ത്രിയെയും തന്നെയും അപകീർത്തിപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്കെതിരെയാണ് പൊലീസിനു പരാതി നൽകിയതെന്നു കെ.ടി. ജലീൽ പറഞ്ഞു. സർക്കാരിന്റെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണു നടക്കുന്നത്. മുമ്പ് നടത്തിയ പ്രസ്താവനകൾ തന്നെ വീണ്ടും മസാല പുരട്ടി അവതരിപ്പിക്കുകയാണ് സ്വപ്ന ചെയ്തിരിക്കുന്നത്. മൂന്ന് കേന്ദ്ര ഏജൻസികൾ മുമ്പ് അന്വേഷിച്ചിട്ടും ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇനി ഏതു കേന്ദ്ര ഏജൻസി അന്വേഷിച്ചാലും ഒരിഞ്ചു പോലും മുന്നോട്ടുപോകാനാവില്ലെന്നും കെടി ജലീൽ പറഞ്ഞു.
കേന്ദ്ര സർക്കാരിനെതിരെ ലോകവ്യാപകമായി വൻപ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇത്തരത്തിലൊരു ആരോപണം ഉയർന്നിരിക്കുന്നതെന്നും ജലീൽ പറഞ്ഞു. രാവിലെ പാലക്കാട്ട് വച്ച് മാധ്യമങ്ങളെ കണ്ട സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ചിരുന്നു. സ്വപ്ന സുരേഷ് അങ്ങോട്ട് സ്വയം ആവശ്യപ്പെട്ടാണ് ഇന്നലെ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എം ശിവശങ്കറിനും നളിനി നെറ്റോ ഐഎഎസ്സിനും അടക്കം എതിരെ ഗുരുതരമായ ആരോപണങ്ങളോടെയുള്ള രഹസ്യമൊഴി നൽകിയത്.
2016-ൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയ്ക്കിടെ കറൻസി കടത്തി, കോൺസുലേറ്റിൽ നിന്ന് ബിരിയാണിച്ചെമ്പിൽ സ്വർണം പോലുള്ള ലോഹങ്ങളും ഉണ്ടായിരുന്നിരിക്കാം എന്നതടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും സ്വപ്ന ഉന്നയിച്ചിരുന്നു. ഇതേ ആരോപണങ്ങൾ മുമ്പ് സരിത്തും ഉന്നയിച്ചിരുന്നതാണ്. ഈ സരിത്തിനെയാണ് ഒരു സംഘമിപ്പോൾ തട്ടിക്കൊണ്ട് പോയെന്ന് സ്വപ്ന ആരോപിക്കുന്നത്. ഇതിന് പിന്നാലെയാണ് കെടി ജലീൽ പരാതിയുമായി എത്തിയത്. ക്രിമിനൽ ഗൂഢാലോചന ആരോപിക്കുന്ന പരാതിക്ക് പിന്നിൽ സിപിഎമ്മിലെ ചില നേതാക്കളുടെ ഉപേദശവും ഉണ്ട്.
മറുനാടന് മലയാളി ബ്യൂറോ