- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്‌നയ്ക്കും പിസിക്കുമെതിരെ കരുതലോടെ നീങ്ങും; പൊലീസിന്റെ ലക്ഷ്യം രണ്ടു പേരുടേയും മൊബൈൽ പിടിച്ചെടുക്കൽ; ഫോണിൽ വക്കിലീനേയും കുടുക്കാനുള്ള തെളിവ് കിട്ടുമെന്ന് പ്രതീക്ഷ; കോടതിയിൽ രഹസ്യ മൊഴി നൽകിയതിന് എടുത്തത് കലാപമുണ്ടാക്കൽ കേസ്; പിണറായിയെ രക്ഷിക്കാൻ പ്രത്യേക സംഘം എത്തുമ്പോൾ
തിരുവനന്തപുരം: കേന്ദ്ര ഏജൻസികളുടെ കൈയിലേക്ക് വിട്ടു കൊടുക്കാതെ സ്വപ്‌നാ സുരേഷിനെ പൊലീസ് അതിവേഗം അറസ്റ്റു ചെയ്യുന്നത് പരിഗണനയിൽ. സർക്കാർ ജോലിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതും പൊലീസ് അന്വേഷണത്തിലാണ്. എന്നാൽ ഈ കേസിൽ സ്വപ്നയെ അറസ്റ്റു ചെയ്താൽ അത് ശിവശങ്കർ ഐ എ എസിനും വിനയാകാൻ സാധ്യത ഏറെയാണ്. സ്വപ്‌ന ശിവശങ്കറിനെതിരെ മൊഴിയോ തെളിവോ കൊടുത്താൽ അത് ശിവശങ്കറിന്റെ അറസ്റ്റിലേക്കും കാര്യങ്ങളെത്തിക്കും. ഈ സാഹചര്യത്തിലാണ് സ്വപ്നയെ കുടുക്കാനുള്ള പുതിയ നീക്കം.
ഐപിസി 120 ബിയും 153ഉം ആണ് ചുമത്തിയിരിക്കുന്ന വകുപ്പുകൾ. എന്നാൽ അന്വേഷണം പുരോഗമിക്കുമ്പോൾ കൂടുതൽ വകുപ്പുകൾ ചേർക്കും. അതിലുപരി സ്വപ്‌നയുടേയും പിസി ജോർജിന്റേയും ഫോൺ പിടിച്ചെടുക്കുക പൊലീസിന്റെ ലക്ഷ്യമാണ്. കഴിഞ്ഞ ദിവസം പി എസ് സരിത്തിന്റേയും ഫോൺ വിജിലൻസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഫോണുകൾ കിട്ടിയാൽ നിരവധി തെളിവുകൾ കിട്ടുമെന്ന് കണക്കു കൂട്ടുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ കിട്ടിയ ശേഷം നടന്ന തെളിവു ശേഖരത്തിന് സമാനമായത് കിട്ടുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ മുഖ്യമന്ത്രിയെ സ്വർണ്ണ കടത്തിൽ കുടുക്കാൻ ശ്രമിച്ചവരെ പിടികൂടാനാകുമെന്നും പ്രതീക്ഷിക്കുന്നു.
സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആർ പറയുന്നു. മുൻ എംഎൽഎ പി.സി.ജോർജുമായി രണ്ടുമാസം മുൻപാണു ഗൂഢാലോചന നടത്തിയത്. ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തി പ്രതിപക്ഷ പാർട്ടികളെ തെറ്റിദ്ധരിപ്പിച്ച്, നാട്ടിൽ കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമം നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. കോടതിയിൽ രഹസ്യ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സ്വപ്‌ന പ്രതികരിച്ചത് പ്രതിപക്ഷത്തെ തെറ്റിധരിപ്പിച്ച് കലാപം ഉണ്ടാക്കാനാണെന്നും പറയുന്നു. ഇതെല്ലാം കോടതിയിൽ സ്വപ്ന ചോദ്യം ചെയ്താൽ എന്തു സംഭവിക്കുമെന്നതാണ് നിർണ്ണായകം. തെളിവു ശേഖരണത്തിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തും. അതിന് ശേഷം സ്വപ്‌നയുടെ അറസ്റ്റിലേക്കും കാര്യങ്ങൾ നീങ്ങും.
കേസെടുത്തതും സർക്കാരിന്റെ ആലോചനയുടെ ഭാഗമാണ്. ഈ കേസ് കോടതിക്ക് മുമ്പിൽ നൽകിയ രഹസ്യമൊഴിക്ക് എതിരെയാണ്. അതിൽ കോടതി എടുക്കുന്ന നിലപാടുകൾ നിർണ്ണായകമാകും. അങ്ങനെ വന്നാൽ സ്വപ്‌നയുടേയും പിസി ജോർജിന്റേയും ഫോൺ പിടിച്ചെടുക്കലും മറ്റും അസംഭവ്യമാകും. അതൊഴിവാക്കാനാണ് തുടക്കത്തിൽ ദുർബലമായ വകുപ്പുകൾ ചുമത്തുന്നത്. സ്വപ്‌നാ സുരേഷിന്റെ അഭിഭാഷകനേയും കേസിൽ പ്രതിയാക്കുന്നത് ആലോചനയിലാണ്. വക്കീലിനെതിരെയുള്ള തെളിവുകൾ ഫോണുകളിൽ നിന്ന് തെളിവായി കിട്ടുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്.
തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന സുരേഷ് ഒന്നാം പ്രതിയും പി.സി.ജോർജ് രണ്ടാം പ്രതിയുമാണ്. സ്വർണക്കടത്ത് കേസിലെ പ്രതി തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നു മുന്മന്ത്രി കെ.ടി.ജലീൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രോസിക്യൂഷൻ ഡപ്യൂട്ടി ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പരാതി അന്വേഷിക്കാൻ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും തീരുമാനമായി. കോടതിക്ക് മുമ്പിൽ നൽകിയ രഹസ്യ മൊഴി ഗൂഢാലോചനയാണെന്നാണ് സർക്കാർ കേസ്. അതുകൊണ്ട് തന്നെ ഈ കേസിലെ നിയമ പോരാട്ടങ്ങൾ വലിയ ചർച്ചയായി മാറാനും സാധ്യതയുണ്ട്.
അതിന് മുമ്പ് തന്നെ സ്വപ്‌നയുടെ ഫോൺ പിടിച്ചെടുക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. സ്വപ്നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവ് അനിൽകാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. അ നിൽകാന്തിനെ സെക്രട്ടേറിയറ്റിലേക്കു വിളിച്ചു വരുത്തുകയായിരുന്നു. കൂടിക്കാഴ്ച അവസാനിച്ചതിനു പിന്നാലെ സ്വപ്നക്കെതിരേയുള്ള പരാതിയുമായി കെ.ടി. ജലീൽ എംഎൽഎ പൊലീസ് സ്റ്റേഷനിലെത്തി. വേദനാ ജനകവും രാഷ്ട്രീയ ലക്ഷ്യത്തോടെയും മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും തനിക്കുമെതിരേ സ്വർണ കടത്ത് കേസിലെ പ്രതിയായ സ്വപ്ന പ്രതികരിച്ചതായി പരാതിയിൽ ആരോപിക്കുന്നു. ഇതിന് പിന്നാലെയാണ് കലാപാഹ്വാനത്തിലെ കേസ്.
ഇനി സർക്കാരിനെതിരെ ആര് പരസ്യമായി പ്രതികരിച്ചാലും കലാപാഹ്വാനത്തിൽ കേസെടുക്കാവുന്ന സ്ഥിതിയാണ് സ്വപ്‌നയ്ക്കും പിസി ജോർജിനുമെതിരായ കേസ് സാഹചര്യമൊരുക്കുന്നത് എന്നതാണ് മറ്റൊരു വസ്തുത. ആരും സർക്കാരിനെതിരെ പറയുന്ന സ്ഥിതി ഒഴിവാക്കാനാണ് നീക്കം.
മറുനാടന് മലയാളി ബ്യൂറോ