- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എന്റെ സെക്സ് വീഡിയോയെക്കുറിച്ച് ഷാജ് കിരൺ പറഞ്ഞു; അങ്ങനെയൊരു വീഡിയോ ഉണ്ടെങ്കിൽ എല്ലാവരും കാണണം; ബെഡ്റൂമിലോ, ബാത്ത്റൂമിലോ ഹിഡൻ ക്യാമറ ഉണ്ടോയെന്ന് അറിയില്ല; സത്യം അന്വേഷിക്കണം; നിയമ നടപടി സ്വീകരിക്കുമെന്ന് സ്വപ്ന സുരേഷ്
പാലക്കാട്: തന്റെ അശ്ലീല വീഡിയോയെക്കുറിച്ച് ഷാജ് കിരൺ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയ പരാമർശങ്ങൾക്ക് മറുപടിയുമായി സ്വപ്ന സുരേഷ്. നിയമനടപടി സ്വീകരിക്കുമെന്നും അത്തരമൊരു വീഡിയോ ഉണ്ടെങ്കിൽ എല്ലാവരും അത് കാണണമെന്നും ശരിയാണോ എന്നന്വേഷിക്കണമെന്നും സ്വപ്ന മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒരു സ്ത്രീയെ ഏറ്റവുമധികം ആക്രമിക്കാൻ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങൾ പറഞ്ഞാണ്. തന്റെ ബാത്റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങൾ പകർത്തിയോ എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. ഷാജ് കിരണുമായുള്ള ശബ്ദരേഖ പുറത്തുവിടുന്നതിന് മുമ്പായിരുന്നു സ്വപ്നയുടെ പ്രതികരണം.
'മാധ്യമ പ്രവർത്തകരോടെല്ലാം എന്റെ സെക്സ് വീഡിയോസിനെക്കുറിച്ച് ഷാജ് കിരൺ പറഞ്ഞു. ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതൽ ആക്രമിക്കാൻ സാധിക്കുന്നത് സ്വകാര്യ കാര്യങ്ങൾ പറഞ്ഞാണ്. തന്റെ ബാത്റൂമിലോ കിടപ്പ് മുറിയിലോ ഡ്രസിങ് റൂമിലോ അല്ലെങ്കിൽ വേറെ എവിടെയെങ്കിലുമോ ഒളിക്യാമറ വച്ച് എടുത്തോ എന്നറിയില്ല. അതിൽ എനിക്കൊന്നും ചെയ്യാനും പറ്റില്ല. എല്ലാവരും പറയുന്നതുപോലെ ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നൊന്നും ഞാൻ പറയുന്നില്ല. ആരും എന്നെ സഹായിക്കാൻ പോകുന്നില്ല', സ്വപ്ന പറഞ്ഞു.
'ഇനി ഷാജ് പറയുന്നത് പോലെ. അങ്ങനെയൊരു സെക്സ് വീഡിയോ ഉണ്ടെങ്കിൽ ദയവായി എല്ലാവരും അത് കാണണമെന്ന് അഭ്യർത്ഥിക്കുന്നു. 100 ശതമാനം കണ്ടുകഴിഞ്ഞിട്ട് അത് ശരിയാണോ അല്ലയോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്കാണ് ഈ അവസ്ഥ വന്നിരുന്നതെങ്കിലോ എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ സഹോദരിയെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. ഒരുപെൺകുട്ടിയെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് ചെയ്യേണ്ടത്', സ്വപ്ന പറഞ്ഞു.
''മാനസിക പീഡനം പരിധി വിട്ടപ്പോഴാണ് തെളിവു പുറത്തുവിടുന്നത്. മൊഴിയിൽ ഉറച്ചുനിന്നാൽ ജയിലിൽ അടയ്ക്കുമെന്നും ഭീഷണിപ്പെടുത്തി' പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ സ്വപ്ന ആരോപിച്ചു. ഷാജ് കിരണുമായി നടത്തിയ ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഫോൺ സംഭാഷണം പുറത്തുവിടാനായി മുൻകൂട്ടി അറിയിച്ചതനുസരിച്ച് മാധ്യമങ്ങളെ കാണാനെത്തിയതായിരുന്നു സ്വപ്ന.
ഷാജ് കിരണിന്റെ ഭീഷണി മാനസികമായി തളർത്തിയെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. വീണ്ടും തടവറയിലിടുമെന്നായിരുന്നു ഒരു ഭീഷണി. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോർഡ ചെയ്തത്. ഷാജിനെ വിശ്വസിപ്പിക്കാൻ സരിത്ത് ഉൾപ്പെടെ പലരെയും തള്ളിപ്പറഞ്ഞെന്നും സ്വപ്ന പറഞ്ഞു.
''ഷാജ് കിരണിനെ വളരെ നേരത്തെ അറിയാം. രഹസ്യമൊഴി നൽകിയശേഷം നിർബന്ധമായി കാണണമെന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് ഷാജിനെ കണ്ടു. സരിത്തിനെ നാളെ പൊക്കുമെന്ന് ഷാജ് പറഞ്ഞു. അതിനാലാണ് സരിത്തിനെ കണാതായപ്പോൾ ഷാജിനെ ആദ്യം വിളിച്ചത്.' സ്വപ്ന വെളിപ്പെടുത്തി
ഷാജ് കിരൺ പറയുന്ന ഒന്നാം നമ്പറുകാരൻ മുഖ്യമന്ത്രി തന്നെയാണ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ അമേരിക്കയിലേക്ക് പോകുന്നത് ബിലീവേഴ്സ് ചർച്ച് വഴിയാണ്. അതുകൊണ്ടാണ് ബിലിവേഴ്സ് ചർച്ചിന്റെ എഫ്.സി.ആർ.എ. (ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ ആക്ട്) റദ്ദായതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു.
ശബ്ദരേഖ പുറത്തുവിട്ടത് കേസിൽനിന്ന് രക്ഷപ്പെടാനല്ല. തന്റെ സത്യസന്ധത തെളിയിക്കാനാണ്. തന്നെ ആക്രമിക്കാൻ പദ്ധതിയുണ്ട്. ജീവന് ഭീഷണിയുള്ളതിനാലാണ് രഹസ്യമൊഴി നൽകിയതെന്നും സ്വപ്ന വെളിപ്പെടുത്തി. സുഹൃത്തായ ഷാജിനെ കുടുക്കാൻ താത്പര്യമില്ലായിരുന്നു. മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോൾ ഭയന്നുപോയി. ഷാജ് കിരണിനെ വർഷങ്ങൾക്ക് മുമ്പെ അറിയാമെന്നും പരിചയം പുതുക്കിയത് ശിവശങ്കറിന്റെ പുസ്തകമിറങ്ങിയ ശേഷമാണെന്നും സ്വപ്ന പറഞ്ഞു.
മജിസ്ട്രേറ്റിന് മൊഴി നൽകിയ ശേഷം ഷാജുമായി താൻ കണ്ടിരുന്നു. സരിത്തും ഒപ്പമുണ്ടായിരുന്നു. അന്ന് ഷാജ് കിരൺ ഭീഷണിപ്പെടുത്തിയതായി സ്വപ്ന സുരേഷ് പറഞ്ഞു. 'കളിച്ചിരിക്കുന്നത് ആരോടാണെന്നറിയാമോ? നാളെ സരിത്തിനെ പൊക്കും, അദ്ദേഹത്തിന്റെ (മുഖ്യമന്ത്രിയുടെ) മകളെക്കുറിച്ച് പറഞ്ഞാൽ സഹിക്കില്ല.' എന്നാണ് ഷാജ് പറഞ്ഞതെന്ന് സ്വപ്ന വ്യക്തമാക്കി. ഷാജ് കിരണുമായുള്ള ബന്ധത്തെക്കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും വ്യക്തമാക്കുന്നതിനായാണ് സ്വപ്ന വാർത്താസമ്മേളനം നടത്തിയത്.
ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിട്ടുള്ള ഷാജ് കിരണുമായി നടത്തിയ സംഭാഷണമാണ് സ്വപ്ന സുരേഷ് പുറത്തുവിട്ടത്. സുഹൃത്തായ ഷാജ് കിരൺ മുഖ്യമന്ത്രിക്ക് വേണ്ടി ഭീഷണിപ്പെടുത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ ഷാജ് കിരണിന്റെ മൊബൈൽ ഫോണിൽ വാട്‌സാപ്പിലൂടെ സംസാരിച്ചിരുന്നുവെന്നും വെളിപ്പെടുത്തിയിരുന്നു. സ്വപ്നയുടെ ആരോപണങ്ങൾ കഴിഞ്ഞദിവസം തന്നെ ഷാജ് കിരൺ നിഷേധിച്ചിരുന്നു. സംഭാഷണം പുറത്തുവന്ന ശേഷം മറുപടി പറയും എന്നും ഷാജ് വ്യക്തമാക്കിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ