തിരുവനന്തപുരം: സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിൽ പ്രതിരോധത്തിലാണ് സർക്കാർ. പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികൾക്ക് അതീവ സുരക്ഷ ഒരുക്കാനാണ് പൊലീസ് തീരുമാനം. താൻ ഭീഷണിപ്പെടുത്തിയതിന് തെളിവില്ലെന്ന് ഷാജ് കിരൺ. ഉപദേശം തരൂ എന്ന് സ്വപ്നയാണ് പറയുന്നത്. പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാണെന്നും ഷാജ് കിരൺ ആരോപിച്ചു. ഇതെല്ലാം പ്രതിരോധം തീർക്കാൻ പോന്ന വാക്കുകൾ അല്ലെന്ന് സിപിഎമ്മിന് അറിയാം. എങ്കിലും പൊതുവേദികളിൽ നിലപാട് വിശദീകരണത്തിന് സിപിഎം ഇറങ്ങും. കോൺഗ്രസും ബിജെപിയും സ്വർണ്ണ കടത്തിൽ സർക്കാരിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യും. എഡിജിപി അജിത് കുമാറിന്റെ മാറ്റവും പ്രതിപക്ഷത്തിന് ആയുധമാണ്.

ശക്തമായ ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തു വന്നിട്ടുണ്ട്. കുറ്റസമ്മത മൊഴി നൽകിയതിന് സ്വപ്ന സുരേഷിനെതിരെ ഭീതിയും വെപ്രാളവും കൊണ്ട് സർക്കാരും സിപിഎമ്മും കോടതിയുടെ വരാന്തയിൽ പോലും നിൽക്കാത്ത കേസ് ചുമത്തി അന്വേഷണത്തിനായി എ.ഡി.ജി.പിയുടെ നേതൃത്വത്തിൽ 12 അംഗ സംഘത്തെ നിയോഗിച്ചു. ഇതൊന്നും കേട്ടുകേൾവിയില്ലാത്തതാണ്. മറ്റൊരു പ്രതിയെ ഗുണ്ടകളെ പോലെ പൊലീസ് തട്ടിക്കൊണ്ട് പോയി ഫോൺ പിടിച്ചെടുത്തു. ഹൈക്കോടതി നിയമവിരുദ്ധമെന്നു പറഞ്ഞ കമ്മീഷന്റെ കാലാവധി നീട്ടിനൽകി. ഇതിനൊക്കെ പിന്നാലെയാണ് മൊഴയിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരൻ സ്വപ്നയുമായി സംസാരിക്കുന്നത്. അയാളെ ചോദ്യം ചെയ്യാൻ പോലും പൊലീസ് ഇതുവരെ തയാറായിട്ടില്ല. മുഖ്യമന്ത്രിക്കും പാർട്ടി സെക്രട്ടറിക്കും ചില ഏജൻസികൾ വഴി പണമിടപാട് ഉണ്ടെന്ന് അയാൾ പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ലെന്ന് സതീശൻ പറയുന്നു.

സ്വപ്ന നൽകിയിരിക്കുന്ന കുറ്റസമ്മത മൊഴിക്കെതിരെ സർക്കാരിന് കോടതിയെ സമീപിക്കാം. മൊഴി തെറ്റാണെന്ന് തെളിഞ്ഞാൽ അവരെ ഏഴ് വർഷത്തേക്ക് ശിക്ഷിക്കും. എന്നിട്ടും കോടതിയിൽ പോകാത്തത് എന്തുകൊണ്ടാണ്? മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ അപകീർത്തികരമായ ആരോപണം വന്നാൽ സെഷൻസ് കോടതിയെ സമീപിക്കാം. അതിനും തയ്യാറായില്ലല്ലോ. ഇതൊന്നും ചെയ്യാതെയാണ് കോടതിയുടെ വരാന്തയിൽ പോലും നിൽക്കാത്ത കേസ് ചുമത്തി എ.ഡി.ജി.പിയെ അന്വേഷണം ഏൽപ്പിച്ചിരിക്കുന്നത്. ഒത്തുതീർപ്പിന് സമീപിച്ചെന്ന് പ്രതിയായ സ്ത്രീ പറയുന്ന മുൻ മാധ്യമ പ്രവർത്തകൻ പൊലീസ് വിട്ട ഇടനിലക്കാരൻ ആയിരുന്നോ? അവർ സത്യം തുറന്ന് പറയാതിരിക്കാൻ വേണ്ടിയാണോ പഴയ മാധ്യമ പ്രവർത്തകനെ പൊലീസ് വിട്ടത്? വേണ്ടാത്തത് എന്തോ നടന്നിട്ടുണ്ട്. ഒത്തുതീർപ്പിനുള്ള ശ്രമം നടന്നിട്ടുണ്ട്. നിയമം കയ്യിലെടുത്ത് സർക്കാരും പാർട്ടിയും മുന്നോട്ട് പോകുകയാണ്. ഈ മൂന്ന് കാര്യങ്ങൾക്കും ഉത്തരം പറയാതെ പ്രതിപക്ഷത്തിന്റെ പാപ്പരത്തമെന്നല്ല കോടിയേരി പറയേണ്ടതെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.

സ്വർണക്കടത്ത് കേസിലെ പ്രതി മുഖ്യമന്ത്രിക്കെതിരെ കുറ്റസമ്മത മൊഴിയിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ കുറിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസും യു.ഡി.എഫും സമരം ചെയ്യുന്നത്. തട്ടിപ്പ് കേസിലെ പ്രതിയിൽ നിന്നും പരാതി എഴുതി വാങ്ങി ഉമ്മൻ ചാണ്ടിക്കെതിരെ സിബിഐ അന്വേഷണം നടത്താൻ ഉത്തരവിട്ട പിണറായി വിജയന് യു.ഡി.എഫ് സമരം ചെയ്യുമ്പോൾ വിഷമം വരുന്നത് എന്തിനാണ്? പണ്ട് സെക്രട്ടേറിയറ്റ് വളയുകയും കേരളം മുഴുവൻ സമരം നടത്തുകയും ചെയ്ത ആളല്ലേ പിണറായി. അന്ന് അദ്ദേഹം ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണമെന്നാണ് ഉമ്മൻ ചാണ്ടിയോട് പറഞ്ഞത്. പണ്ട് പിണറായി പറഞ്ഞ അതേ വാചകം യു.ഡി.എഫും ആവർത്തിക്കുന്നു. മൊഴി സംബന്ധിച്ച് അന്വേഷണം നടത്താനും മുഖ്യമന്ത്രി കസേരയിൽ നിന്നും മാറി നിൽക്കാനും പിണറായി തയാറാകണം. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തുന്നു.

അതിനിടെ സ്വപ്‌നയുടെ ശബ്ദ രേഖയിൽ ഷാജ് കിരണവും വിശദീകരണം നൽകുന്നുണ്ട്. ആശ്വസിപ്പിക്കാൻ വേണ്ടിയാണ് സ്വപ്നയോട് കുറേ കാര്യങ്ങൾ പറഞ്ഞത്. ബിലീവേഴ്സ് ചർച്ചുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ജീവിതത്തിൽ ഇതുവരെ ശിവശങ്കറിനെ കണ്ടിട്ടില്ല. സ്വപ്ന ആർക്കുവേണ്ടിയാണ്, എന്തിനുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന ചോദ്യങ്ങൾ ശബ്ദരേഖയിലുണ്ട്. എന്നാൽ അതിനുള്ള ഉത്തരം ശബ്ദരേഖയിലില്ല. അതെല്ലാം എഡിറ്റ് ചെയ്ത് മാറ്റിയതാണെന്നും ഷാജ് കിരൺ ആരോപിച്ചു. താൻ മുഖ്യമന്ത്രിയുടെ പാട്ണറാണെന്ന് ശബ്ദരേഖയിൽ പറഞ്ഞത് തന്റെ സുഹൃത്ത് ഇബ്രാഹിമാണ്. അതൊരു തമാശയായി പറഞ്ഞതാണ്. മുഖ്യമന്ത്രിയെക്കുറിച്ച് പറഞ്ഞ മറ്റു കാര്യങ്ങൾ ഓൺലൈനിലെല്ലാം കേട്ട കാര്യങ്ങളാണ്. അതിന്റെ പേരിൽ ശിക്ഷിക്കപ്പെടുമെങ്കിൽ ശിക്ഷിക്കട്ടെ. ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ഷാജ് കിരൺ പറഞ്ഞു.

നാലാം തിയതി ഒരു സർപ്രൈസ് തരുമെന്ന് സ്വപ്ന പറഞ്ഞിരുന്നു. അത് എന്റെ കുഞ്ഞിന്റെ കാര്യത്തിനുള്ള ചികിത്സയ്ക്ക് വരുന്നതാണെന്ന് കരുതി. അത് ഇത്രവലിയ സർപ്രൈസ് ആകുമെന്ന് അറിഞ്ഞില്ല. സത്യത്തിൽ താൻ ഒരു മണ്ടനായി മാറി. അതുകൊണ്ടാണ് ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് പറഞ്ഞതെന്നും ഷാജ് വ്യക്തമാക്കി. തന്നെച്ചൊല്ലി സരിത്തും സ്വപ്നയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഞങ്ങൾ തമ്മിൽ സുഹൃത്ത് ബന്ധം മാത്രമാണുള്ളതെന്നും സരിത്തിനോട് പറഞ്ഞിരുന്നു. ഇപ്പോൾ തന്നെ മോശമാക്കാനാണ് സ്വപ്നയുടെ ശ്രമം. ഒരു കുട്ടിയെ തരാമെന്ന് പറഞ്ഞാൽ ആരാണ് വീഴാത്തത്. എന്നെയും ഭാര്യയേയും വൈകാരികമായി സ്വപ്ന ചൂഷണം ചെയ്യുകയായിരുന്നു. ഞാൻ മോശക്കാരനല്ല. സ്വപ്നയുമായി മോശം ബന്ധമുണ്ടെങ്കിൽ എന്റെ ഭാര്യ ഇപ്പോൾ എന്നെ തള്ളിപ്പറഞ്ഞ് പോകുമായിരുന്നില്ലേയെന്നും ഷാജ് കിരൺ പറഞ്ഞു.