- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റംസിനും എൻഐഎക്കുമെതിരെ രൂക്ഷവിമർശനം; ദേശവിരുദ്ധസ്വഭാവമുള്ള വിവരങ്ങൾ തെളിവു സഹിതം വെളിപ്പെടുത്തിയിട്ടും കസ്റ്റംസും എൻഐഎയും അവഗണിച്ചു; മൊഴിക്ക് അപ്പുറം തെളിവ് കിട്ടിയാൽ അന്വേഷിക്കാൻ സിബിഐ വരുമോ? സ്വപ്നാ സുരേഷിന്റെ മൊഴി വിശദമായി പരിശോധിച്ച് ഇഡി; ഉന്നതർ സംശയ നിഴലിൽ
ന്യൂഡൽഹി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ രണ്ടാംഘട്ട ചോദ്യംചെയ്യലിൽ നിർണ്ണായ വിവരങ്ങൾ കിട്ടുമെന്ന വിലയിരുത്തലിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൊഴിക്ക് അപ്പുറം അന്വേഷണത്തിൽ തെളിവ് തേടുകയാണ് ഇഡി. തെളിവുകൾ കിട്ടിയാൽ വിശദ അന്വേഷണത്തിന് സിബിഐയെ കേസ് എൽപ്പിക്കണമെന്ന ആവശ്യം ഇഡി മുമ്പോട്ട് വയ്ക്കും. സാമ്പത്തിക കുറ്റകൃത്യത്തിന് അപ്പുറത്തേക്കുള്ള വ്യാപ്തി സ്വർണ്ണ കടത്തിനുണ്ടെന്ന വിലയിരുത്തലിലാണ് ഇത്. നേരത്തെ ലൈഫ് മിഷൻ കേസിലും സിബിഐ എത്തിയത് ഇത്തരത്തിലെ ഇടപെടലിലാണ്. സ്വപ്‌നയുടെ മൊഴി എടുക്കൽ ദിവസങ്ങളോളം തുടരും.
അതിനിടെ സ്വപ്‌നയുടെ ചോദ്യം ചെയ്യൽ ആരോപണവിധേയരായ രാഷ്ട്രീയ നേതാക്കൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും കൂടുതൽ നിർണായകമാവും. വിദേശത്തേക്കു കറൻസി കടത്തിയെന്ന കേസിൽ സ്വപ്ന നൽകുന്ന തുടർമൊഴികളുടെ വിശ്വാസ്യതയാണ് അന്വേഷണ സംഘത്തിനു പരിശോധിക്കേണ്ടിവരുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ കേസ് രജിസ്റ്റർ ചെയ്യാതെ തന്നെ ഡോളർ കടത്തു കേസിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിത്തന്നെ ഈ കേസിൽ തെളിവെടുപ്പു നടത്തും. മുഖ്യമന്ത്രി പിണറായി വിജയനേയും ഭാര്യ കമലയേയും മകൾ വീണയേയും ഇഡി ചോദ്യം ചെയ്യുമോ എന്നതാണ് നിർണ്ണായകം.
കള്ളക്കടത്തു കേസിൽ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിനു നൽകിയ മൊഴി, കസ്റ്റംസ് കോടതി മുൻപാകെ രേഖപ്പെടുത്തിയ സ്വപ്നയുടെ രഹസ്യമൊഴി, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി രേഖപ്പെടുത്തിയ മൊഴി, സ്വപ്ന സ്വന്തം നിലയിൽ മജിസ്‌ട്രേട്ട് മുൻപാകെ നൽകിയ രഹസ്യമൊഴി ഇത്രയും രേഖകളാണ് ഇഡി പരിശോധിക്കുന്നത്. ഇതിൽ വൈരുദ്ധ്യം ഇല്ലെങ്കിൽ ഉന്നതർ കുടുങ്ങും. എല്ലാ മൊഴികളിലും ഒരുപോലെ വന്നിട്ടുള്ള ഭാഗങ്ങൾ പ്രത്യേകം പരിശോധിക്കും.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിൽ പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) പരിധിയിൽ വരുന്ന ഒട്ടേറെ വിവരങ്ങളുണ്ട്. ഇവയിൽ കിട്ടുന്ന തെളിവുകളാകും കേസിനെ സ്വാധീനിക്കുക. കേസുമായി ബന്ധപ്പെട്ട പുതിയ വിഷയങ്ങളെ കുറിച്ച് ഒന്നും പറയാനില്ലെന്നും സ്വപ്നയുടേതായി പുറത്തു വരുന്ന വെളിപ്പെടുത്തലുകളിൽ പുതിയതായി ഒന്നുമില്ലെന്നും എല്ലാം കോടതിയുടെ രേഖകളിലുള്ള വിവരങ്ങളാണെന്നും കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതലയുണ്ടായിരുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ടു സ്വപ്ന സുരേഷ് സ്വന്തം നിലയിൽ മജിസ്‌ട്രേട്ട് കോടതി മുൻപാകെ നൽകിയ രഹസ്യമൊഴികളുടെ പശ്ചാത്തലത്തിലാണു വീണ്ടും മൊഴി രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ 11നു തുടങ്ങിയ മൊഴിയെടുപ്പിനിടയിൽ സ്വപ്നയ്ക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നു നാലു മണിയോടെ മൊഴിയെടുപ്പ് അവസാനിപ്പിച്ചു. വരും ദിവസങ്ങളിലും തുടരും. സ്വപ്‌നയുടെ ആരോഗ്യം ചോദ്യം ചെയ്യലിന് തടസ്സമാണ്.
ഗൗരവസ്വഭാവമുള്ള വെളിപ്പെടുത്തൽ നടത്തി സ്വപ്ന പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. കസ്റ്റംസിനും എൻഐഎക്കുമെതിരെ രൂക്ഷവിമർശനമാണു സ്വപ്ന നടത്തുന്നത്. ദേശവിരുദ്ധസ്വഭാവമുള്ള വിവരങ്ങൾ തെളിവു സഹിതം വെളിപ്പെടുത്തിയിട്ടും കസ്റ്റംസും എൻഐഎയും അവഗണിച്ചെന്നാണു സ്വപ്നയുടെ ആരോപണം. സ്വർണക്കടത്തു കേസ് പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എൻഐഎ ഓഫിസിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനെ പോലെയാണു പെരുമാറിയതെന്നും എൻഐഎ സൂപ്രണ്ട് അടക്കം ശിവശങ്കറിന്റെ മുന്നിൽ കീഴുദ്യോഗസ്ഥനെ പോലെ നിന്നെന്നും സ്വപ്ന കുറ്റപ്പെടുത്തിയിരുന്നു.
അതിനിടെ സ്വർണക്കടത്തു കേസിലെ വെളിപ്പെടുത്തലിനെത്തുടർന്ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്ന സുരേഷ് നൽകിയ ഹർജി ഹൈക്കോടതി 28ലേക്കു മാറ്റി. സമാന വിഷയത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കാൻ സ്വപ്ന നൽകിയ ഹർജിക്കൊപ്പമാണ് ഇതും പരിഗണിക്കുക.
കേസിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും മുന്മന്ത്രി കെ.ടി.ജലീൽ, മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ, ഐഎഎസ് ഉദ്യോഗസ്ഥരായ ശിവശങ്കർ, നളിനി നെറ്റോ എന്നിവർക്കും പങ്കുണ്ടെന്നു മജിസ്‌ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ