കൊച്ചി: ഷാജ് കിരണിനെ കുടുക്കാൻ ഇഡി. നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രഹസ്യമൊഴി നൽകിയ സ്വപ്ന സുരേഷിനെ സ്വാധീനിച്ചു മൊഴിമാറ്റിക്കാൻ ശ്രമിച്ച കേസിൽ ഷാജ് കിരണിനെ പ്രതി ചേർക്കാവുന്നതാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നിയമോപദേശം ലഭിച്ചു. ഇതുസംബന്ധിച്ച ചോദ്യം ചെയ്യലിൽ വസ്തുതകൾ മറയ്ക്കാൻ ഷാജ് കിരൺ ശ്രമിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതിന് പിന്നാലെ സിബിഐയും എത്തുകയാണ്. സ്വപ്‌നാ സുരേഷിനോട് ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നിർദ്ദേശിച്ചു. തിങ്കളാഴ്ച സ്വപ്‌ന അന്വേഷണ ഏജൻസിക്ക് മുമ്പിലെത്തണം.

ലൈഫ് മിഷനിൽ പിണറായി സർക്കാരിനെ തളയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ലൈഫ് മിഷനിൽ പൊലീസ് അന്വേഷണവും കള്ളകളി കണ്ടെത്തിയിരുന്നു. കേന്ദ്ര ഏജൻസിയും ഈ വഴിക്ക് നീങ്ങും. ഗൂഢാലോചനയിലേക്ക് അന്വേഷണം എത്തിക്കും. സ്വപ്‌നയുടെ മൊഴികൾ ഇതിന് തുണയാകുമെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പാണ് ഷാജ് കിരണിനെതിരെ കേസെടുത്ത് ഇഡിയും അന്വേഷണത്തിന് പുതിയ മാനം നൽകുന്നത്. കേന്ദ്ര ഏജൻസികളുടെ ഏകോപനവും ഉറപ്പാക്കും. സ്വർണ്ണ കടത്തിനൊപ്പം ലൈഫ് മിഷനിലും വിദേശ ഫണ്ടിന്റെ ദുരുപയോഗം നടന്നോ എന്ന് പരിശോധിക്കും.

കഴിഞ്ഞ ദിവസം സ്വപ്ന കൊച്ചിയിലേക്ക് വീടു മാറിയിരുന്നു. എച്ച് ആർ ഡി എസിലെ ജോലിയും പോയി. ഇതിന് പിന്നിൽ കൊച്ചിയിൽ കൂടുതൽ സജീവമാകാനും കേന്ദ്ര ഏജൻസികളുമായി സഹകരിക്കാനാണെന്നും സൂചനയുണ്ടായിരുന്നു. ബിജെപി കേന്ദ്ര നേതൃത്വവും ഈ കേസിൽ പ്രതീക്ഷ വയ്ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേന്ദ്ര സർക്കാർ കൂടുതൽ നിരീക്ഷണങ്ങൾ ഈ കേസുകളിൽ നടത്തുന്നുണ്ട്. ഇഡിയേയും സിബിഐയേയും ഏകോപിപ്പിച്ച് സ്വപ്‌നയുടെ മൊഴിയിലുള്ളവരെ പിടിക്കാമെന്നാണ് പ്രതീക്ഷ.

സ്വപ്നയെ വിളിക്കാൻ ഷാജ് കിരൺ ഉപയോഗിച്ച ഫോണിലെ ഡിജിറ്റൽ തെളിവുകൾ ഷാജ് കിരൺ നശിപ്പിച്ചതായുള്ള നിഗമനത്തിലാണ് ഇഡി. ഇതു സംബന്ധിച്ച ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകാൻ ഷാജ് തയാറായിട്ടില്ല. ഫോണുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് 'അതു ക്രൈംബ്രാഞ്ചിനു കൈമാറി'യെന്ന മറുപടിയാണ് ഷാജ് നൽകുന്നത്. എന്നാൽ ഫോൺ കൈമാറിയതിനുള്ള രേഖകൾ ഹാജരാക്കിയിട്ടില്ല. അന്വേഷണം വഴിതെറ്റിക്കാൻ ഷാജ് ബോധപൂർവം ശ്രമിക്കുന്നതായുള്ള നിഗമനത്തിലാണ് അന്വേഷണ സംഘം. 12നു വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

ഷാജിന്റെ ആദ്യ മൊഴികൾ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ അറസ്റ്റ് ചെയ്യാനാണ് ഇഡിക്കു ലഭിച്ച നിയമോപദേശം. ഷാജ് കിരണിനെതിരെ വ്യക്തമായ തെളിവുകൾ നൽകിയാണു സ്വപ്ന പരാതിപ്പെട്ടിരിക്കുന്നത്. സ്വപ്നയുടെ മൊഴികളിലും കേസിൽ ഷാജിന്റെ പങ്കാളിത്തം അടിവരയിടുന്നുണ്ട്. ഇന്നലെ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ സ്വപ്‌ന ഉന്നയിച്ചിരുന്നു. എച്ച്.ആർ.ഡി.എസിൽ നിന്ന് പുറത്താകാൻ കാരണക്കാരൻ മുഖ്യമന്ത്രിയാണെന്നും ഉടുതുണിക്ക് മറുതുണിയില്ലാതെ പെരുവഴിയിലായാലും സത്യം ജനങ്ങളെ ബോധിപ്പിക്കുമെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.

മുഖ്യമന്ത്രി എന്ത് വേണമെങ്കിലും ചെയ്‌തോളൂ. ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ക്രൈംബ്രാഞ്ച് സംഘം മാനസികമായി പീഡിപ്പിച്ചു. ഒരു സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ നടുറോഡിൽ ഇറക്കി വിട്ടിരിക്കുന്നു. ആദ്യം താമസിച്ച ഫ്‌ളാറ്റിൽ നിന്ന് പുറത്താക്കി. പാലക്കാട് നിന്ന് വീട് മാറേണ്ടി വന്നു. ഇപ്പോൾ ജോലിയും പോയി. അന്നം മുട്ടിച്ചപ്പോൾ മുഖ്യമന്ത്രിക്ക് സമാധാനമായോമുഖ്യമന്ത്രി സ്വന്തം മകളെ മാത്രം നോക്കിയാൽ പോരാ. കേരളത്തിലുള്ള എല്ലാ പെൺമക്കളോടും മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ട്.

ഞങ്ങളെയെല്ലാം അദ്ദേഹം പെൺമക്കളായി കാണണം. സർക്കാർ സംവിധാനങ്ങൾ നിരന്തരം വേട്ടയാടിയതുകൊണ്ടാണ് എച്ച്.ആർ.ഡി.എസിൽ നിന്ന് പുറത്തായത്. മുഖ്യമന്ത്രിയെക്കുറിച്ചുള്ള സത്യങ്ങൾ പുറത്തുകൊണ്ടുവന്നതാണ് കാരണം. ഞാൻ നൽകിയ മൊഴികളെല്ലാം സത്യമാണ്. 2016 മുതൽ 2020 വരെ നടന്ന കാര്യങ്ങൾ ഇന്നലെ വന്ന വക്കീലിനോ എച്ച്.ആർ.ഡി.എസിനോ അറിയില്ല. വക്കീലിന്റെ രാഷ്ട്രീയവും വിശ്വാസവും എന്നെ ബാധിക്കില്ല- സ്വപ്ന പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയുടെ പക്കലുണ്ടായിരുന്ന കൂടുതൽ ഇലക്ട്രോണിക്സ് തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ( ഇ.ഡി) കൈമാറി. കോടതി ഉത്തരവിനെ തുടർന്നാണിത്. നേരത്തെ ശേഖരിച്ച മൊഴികളും ലഭിച്ച പുതിയ തെളിവുകളും ഒത്തുനോക്കിവരികയാണ്. മൊഴികളിലും മറ്റും പൊരുത്തക്കേടുണ്ടെങ്കിൽ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം.