- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലക്ഷ്യം പിണറായിയും കുടുംബവും തന്നെ; സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ സമർപ്പിക്കും; മുദ്രവച്ച കവറിൽ തെളിവ് കൊടുക്കുന്നത് കേസിന്റെ ഗൗരവം പരമോന്നത കോടതിയെ ബോധ്യപ്പെടുത്തൽ; സന്ദീപ് നായരെ ശിവശങ്കർ സ്വാധീനിച്ചതിനും തെളിവു കിട്ടി; ഡൽഹിയിലെ വിധി നിർണ്ണായകം
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കുമെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ സമർപ്പിക്കും. മൊഴി പരസ്യമാക്കില്ല. മുദ്രവെച്ച കവറിലാകും ഇ.ഡി.മൊഴി കൈമാറുക. ഇതോടെ കേസ് കേരളത്തിന് പുറത്തേക്ക് മാറ്റുന്നതിന്റെ ലക്ഷ്യം പിണറായിയും കുടുംബവുമാണെന്ന് വ്യക്തമാകുകയാണ്.
കേന്ദ്ര സർക്കാരിന്റെ മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ ഇത്തരത്തിലുള്ള നീക്കം. പിണറായി വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിലാണ് ഇഡി. എന്നാൽ കേരളത്തിൽ കേസെടുത്താൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേരള സർക്കാർ പ്രതികാര നടപടികൾ എടുക്കും. വ്യാജ മൊഴികളിലൂടെ പീഡിപ്പിക്കുമെന്ന ഭയം ഇഡി ഉദ്യോഗസ്ഥർക്കുണ്ട്. അതുകൊണ്ടാണ് കേരളത്തിന്റെ പുറത്തേക്ക് അന്വേഷണം കൊണ്ടു പോകാനുള്ള നീക്കം.
ജൂൺ 6,7 തീയതികളിൽ സ്വപ്ന ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ മൊഴിയിൽ മുഖ്യമന്ത്രിക്കും, കുടുംബാംഗങ്ങൾക്കും, ശിവശങ്കറും ഉൾപ്പെടയുള്ള ചില ഉന്നതർക്കും എതിരെ ഗൗരവ സ്വഭാവമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവ സ്വഭാവം കണക്കിലെടുത്ത് മൊഴി പരസ്യപ്പെടുത്തരുതെന്ന് മജിസ്ട്രേറ്റ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതിനാൽ മൊഴി മുദ്ര വച്ച കവറിൽ സുപ്രീം കോടതിയിൽ സമർപ്പിക്കാം എന്നാണ് ഇഡി സുപ്രീം കോടതിയെ അറിയിച്ചിരിക്കുന്നത്.
നയതന്ത്ര പാഴ്സൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ കേസിൽ ഇഡിയുടെ അന്വേഷണം അട്ടിമറിക്കാൻ സംസ്ഥാന സർക്കാരും, പൊലീസും, ജയിൽ ഉദ്യോഗസ്ഥരും നടത്തിയ ശ്രമങ്ങളുടെ വിശദശാംശങ്ങളും ഇഡി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ട്രാൻസ്ഫർ ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. ഇഡിക്കെതിരെ കേസുകൾ എടുക്കാൻ നടത്തിയ നീക്കവും ഇതിൽ പെടും. ഈ സാഹചര്യത്തിൽ കേസ് പുറത്തേക്ക് കൊണ്ടു പോകാൻ സുപ്രീംകോടതി സമ്മതിക്കുമെന്നാണ് സൂചന.
കള്ളപ്പണം വെളുപ്പിക്കൽ കേസിലെ പ്രതി സന്ദീപ് നായരേ ശിവശങ്കർ സ്വാധീനിച്ചതായും ഇഡി ഹർജിയിൽ അവകാശപ്പെടുന്നു. ഇഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടർ സുപ്രീം കോടതിയെ സമീപിച്ചത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഉള്ള കേസ് ബെംഗളൂരുവു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഇഡി യുടെ ആവശ്യം. ഈ കേസിനെ ഇഡി കൂടുതൽ ഗൗരവത്തോടെ എടുക്കുന്നതെന്നാണ് വരുന്ന സൂചന. എം ശിവശങ്കർ ഉൾപ്പെട്ട കേസ് കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് മാറ്റാൻ ഇഡി ശ്രമിക്കുന്നത്. ഇത് അനുവദിച്ചാൽ കേസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തും. ഈ കേസിൽ ഇനി അറസ്റ്റുകളുണ്ടായാൽ അവരുമായി ഇഡിക്ക് ബംഗളൂരുവിലേക്ക് പോകാം. മറ്റൊരു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ബിനീഷ് കോടിയേരിയെ ഇഡി ജയിലിൽ അടച്ചിരുന്നു. അന്ന് ബംഗ്ലൂരു കേന്ദ്രീകരിച്ചായിരുന്നു നടപടികൾ. ഈ സാഹചര്യത്തിൽ പുതി നീക്കത്തിന് മാനങ്ങൾ ഏറെയാണ്.
സ്വപ്ന സുരേഷിന്റെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ ആലോചിക്കുന്നതിനിടയിലാണ് ഇഡിയുടെ നിർണ്ണായക നീക്കം. സാക്ഷികളെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാൻ ശ്രമം ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന ഉന്നത തല കൂടിയാലോചനകൾക്ക് ശേഷമാണ് ഇഡി ട്രാൻസ്ഫർ ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെയാണ് സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ. ഇഡിയുടെ നീക്കം സുപ്രീംകോടതി അംഗീകരിച്ചാൽ ഇനി നടപടികൾ എല്ലാം ബംഗ്ളുരുവിൽ നടത്താൻ കഴിയും. കൂടുതൽ പ്രതികളെ അറസ്റ്റു ചെയ്യേണ്ടി വന്നാൽ അവരെ ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകാൻ ഇഡിക്ക് കഴിയും.
എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള സെഷൻസ് കേസ് 610/2020 കേരളത്തിന് പുറത്തേക്കുള്ള കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി സുപ്രീം കോടതിയെ സമീപിച്ചത്. ഈ കേസിൽ നാല് പ്രതികളാണ് ഉള്ളത്. പി എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ, എം ശിവശങ്കർ എന്നിങ്ങനെയാണ്.കേസ് ബംഗളൂരുവിലേ പ്രത്യേക കോടതിയിലേക്ക് മാറ്റണമെന്നാണ് അസിസ്റ്റന്റ് ഡയറക്ടർ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്ന ട്രാൻസ്ഫർ ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ബി ബാലഗോപാലിന്റെ റിപ്പോർട്ട് ഇനി ഈ കേസിൽ ഇഡി എന്തു ചെയ്യുമെന്ന സൂചനയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ കേസ് നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് നീക്കങ്ങൾ എന്ന വിലയിരുത്തലും സജീവമാണ്.
ഹർജിയുടെ കൂടുതൽ വിശദശാംശങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്താൻ ഇഡി വൃത്തങ്ങളോ, അഭിഭാഷക വൃത്തങ്ങളോ തയ്യാറായില്ല. അതേസമയം അനൗദ്യോഗികമായി ലഭിക്കുന്ന സൂചനകൾ പ്രകാരം സാക്ഷികളെ ഉൾപ്പടെ സ്വാധീനിച്ച് വിചാരണ അട്ടിമറിക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന ആശങ്കയെ തുടർന്നാണ് ഇഡിയുടെ ട്രാൻസ്ഫർ ഹർജിയെന്നാണ് സൂചന. കേസിലെ പ്രതിയായ എം ശിവശങ്കർ ഇപ്പോഴും സർക്കാരിൽ നിർണ്ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥൻ ആണ്. അതിനാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഇടപെടുലകൾ ഉണ്ടാകുമോയെന്ന് സംശയിക്കുന്നതായി കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ