- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലിയ ഫീസുള്ള അഭിഭാഷകനെ നിലനിർത്താനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്ന് സ്വപ്നാ സുരേഷ്; അഭിഭാഷകൻ മാറുന്നതിൽ അസ്വാഭാവികത വേണ്ടെന്നും വിശദീകരണം; സ്വപ്നയ്ക്ക് ജോലി നൽകിയത് ആർ എസ് എസ് അനുകൂല എൻജിഒ എന്നും പ്രചരണം; സ്വർണ്ണ കടത്തു കേസിൽ ട്വിസ്റ്റുകൾക്ക് ഇനിയും സാധ്യത
കൊച്ചി: നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ ഇനിയും ട്വിസ്റ്റുകൾക്ക് സാധ്യത. കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഒഴിഞ്ഞതായി പ്രതിഭാഗം അഭിഭാഷകൻ സൂരജ് ഇലഞ്ഞിക്കൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) പ്രത്യേക കോടതിയെ അറിയിച്ചത് ഇതിന്റെ സൂചനയാണ്.
എന്നാൽ വിവാദങ്ങൾക്ക് അടിസ്ഥാനമില്ലെന്ന സൂചനയാണ് സ്വപ്‌ന നൽകുന്നത്. തിരക്കുള്ള അഭിഭാഷകർക്ക് നല്ല തുക ഫീസ് നൽകണം. ഇതിനുള്ള സാമ്പത്തിക ശേഷി തനിക്കില്ലെന്നാണ് സ്വപ്‌ന പറയുന്നത്. അതുകൊണ്ട് തന്നെ വലിയ ഫീസില്ലാത്ത അഭിഭാഷകനെ അഡ്വക്കേറ്റായി നിയോഗിക്കാനാണ് സ്വപ്‌നയുടെ നീക്കം. ഇതിന്റെ ഭാഗമാണ് അഭിഭാഷകനെ മാറ്റിയതെന്നാണ് സ്വപ്‌ന പറയുന്നത്. അപ്പോഴും ഈ കേസിൽ ഇനി പല നിർണ്ണായക വഴിത്തിരുവുകളുമുണ്ടാകുമെന്നാണ് പുറത്തു വരുന്ന സൂചന.
സ്വപ്നയ്ക്കു വേണ്ടി ആദ്യം ഹാജരായ അഭിഭാഷകൻ ജോ പോൾ കേസ് ഒഴിഞ്ഞപ്പോഴാണു സൂരജ് ഇലഞ്ഞിക്കലിനെ കേസ് ഏൽപിച്ചത്. അതിനുശേഷം 3 കോടതികളിലും ഇദ്ദേഹമാണു സ്വപ്നയ്ക്കു വേണ്ടി ഹാജരായിരുന്നത്. സ്വപ്‌നയ്ക്ക് ആദ്യ അഭിഭാഷകനേയും മറ്റും ഏർപ്പാടാക്കി കൊടുത്തത് അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആണെന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് അഭിഭാഷകന്റെ മാറ്റം ചർച്ചയാകുന്നത്.
അശ്വത്ഥാമാവ് വെറുമൊരു ആനയെന്ന പുസ്തകം പുറത്തിറങ്ങിയതോടെ ശിവശങ്കറിനെതിരെ ശക്തമായ പ്രതികരണവുമായി സ്വപ്‌ന രംഗത്തു വന്നിരുന്നു. ഇത് വിവാദവുമായി. ഇതിന് പിന്നാലെയാണ് അഭിഭാഷകൻ മാറുന്നത്. കാരണം വ്യക്തമാക്കാതെയാണ് അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ (യുഎപിഎ) പ്രകാരമുള്ള കേസാണ് എൻഐഎ കോടതിയിലുള്ളത്. ഈ കേസ് സ്വപ്‌നയ്ക്ക് ഏറെ നിർണ്ണായകമാണ്.
കസ്റ്റംസ് അന്വേഷിക്കുന്ന കള്ളക്കടത്ത് കേസ് സാമ്പത്തിക കുറ്റവിചാരണ കോടതിയും (അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധനക്കേസ് (പിഎംഎൽഎ) പ്രിൻസിപ്പൽ സെഷൻസ് കോടതിയുമാണു പരിഗണിക്കുന്നത്. ഈ കേസിലേയും അഭിഷാകൻ മാറാനാണ് സാധ്യത. അതിനിടെ സ്വപ്‌നയ്ക്ക് പുതിയ ജോലി കിട്ടി കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണമാണ് താൻ പുതിയ ജോലിക്ക് കയറുന്നതെന്നാണ് സ്വപ്‌നയുടെ വിശദീകരണം.
സ്വപ്ന സുരേഷിന് സംഘപരിവാർ അനുകൂല എൻജിഒയിൽ ജോലി കിട്ടിയെന്നാണ് ദേശാഭിമാനി അടക്കമള്ള പത്രങ്ങളുടെ വാർത്ത. ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായാണ് നിയമനം. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയും സജീവ ആർഎസ്എസ് പ്രവർത്തകനുമായ കെ ജി വേണുഗോപാലാണ് സൊസൈറ്റി വൈസ് പ്രസിഡന്റ്.
ഈ മാസം പന്ത്രണ്ടിനാണ് സ്വപ്നയ്ക്ക് ഓഫർ ലെറ്റർ ആയച്ചത്. സ്വപ്ന ഓഫർ സ്വീകരിച്ചു. എച്ച്ആർഡിഎസ് വെബ്സൈറ്റിൽ സ്വപനയുടെ പേരും തസ്തികയും വ്യക്തിവിവരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളം, തമിഴ്‌നാട്, കർണാടക, ഗുജറാത്ത്, ത്രിപുര, ഉത്തരാഖണ്ഡ്, അസം, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ- ആദിവാസി മേഖലയിൽ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റി.
മറുനാടന് മലയാളി ബ്യൂറോ