പാലക്കാട്: മുൻ മന്ത്രി കെ ടി ജലീലിനെ ലക്ഷ്യമിട്ട് സ്വപ്‌ന സുരേഷിന്റെ പടയൊരുക്കം. കെ ടി ജലീലിനെതിരെ കോടതിയിൽ നൽകിയ രഹസ്യ മൊഴിയിലെ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് സ്വപ്‌ന വ്യക്തമാക്കി. കൊച്ചിയിൽ വെച്ച് തന്റെ അഭിഭാഷകുരമായി കൂടിക്കാഴ്‌ച്ച നടത്തിയ ശേഷമാണ് സ്വപ്‌ന നിലപാട് വ്യക്തമക്കിയത്.

ജലീലിനെതിരെ കോടതിയിൽ നല്കിയ രഹസ്യ മൊഴിയിൽ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തും. കേരളാ പൊലീസ് തനിക്കെതിരെ എടുത്ത ഗൂഢാലോചനാ കേസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും. താൻ ഒരു ഗൂഢാലോചനയും നടത്തിയിട്ടില്ല. തനിക്കെതിരെ ഗൂഢാലോചന നടത്തുന്നത് സർക്കാറും കെ ടി ജലീലുമാണെന്നും സ്വപ്‌ന ആരോപിച്ചു.

സ്വപ്‌ന പറഞ്ഞത് ഇങ്ങനെ: ''തനിക്കെതിരെ ചാർജ് ചെയ്തിരിക്കുന്നത് ഗൂഢാലോചനക്കേസാണ്. ഇവിടെ യഥാർത്ഥ ഗൂഢാലോചന നടന്നിരിക്കുന്നത് എതിർഭാഗത്താണ്. ഷാജ് കിരൺ എന്നയാളെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി വിട്ട് ഇതൊരു ഒത്തുതീർപ്പിലോട്ട് കൊണ്ടു പോകാൻ ഗൂഢാലോചന നടത്തിയത് ആരാണ്? ഇതിന്റെ പേരിൽ ഒരു ഗൂഢാലോചനയും ഞാൻ നടത്തിയിട്ടില്ല. കെ.ടി ജലീലിനെക്കുറിച്ച് നേരത്തെ തന്നെ കോടതിയിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ്. തനിക്കെതിരെ കേസ് കൊടുത്ത്, അവർ പറഞ്ഞു വിട്ട പ്രതിനിധിയെ സാക്ഷിയാക്കിക്കൊണ്ട് അവരാണ് ഗൂഢാലോചന നടത്തിയത്.

കെടി ജലീലിനെക്കുറിച്ച് 164 സ്റ്റേറ്റ്‌മെന്റിൽ പറഞ്ഞത് എത്രയും പെട്ടെന്ന് തന്നെ വെളിപ്പെടുത്തും. അദ്ദേഹം എന്തൊക്കെ ക്രൈം ആണോ ചെയ്തത് അതെല്ലാം ഉടൻ തന്നെ പുറത്തുവിടും. എനിക്കെതിരെ ഒരു കാരണവുമില്ലാതെ നടപടിയെടുക്കുകയും ഒത്തു തീർപ്പിന് വേണ്ടി ആളുകളെ എന്റടുത്തേക്ക് അയക്കുകയും ചെയ്തത് അവരാണ്. നമുക്ക് നോക്കാം, എന്തൊക്കെ കേസ് അവർ തനിക്കെതിരെ കൊടുക്കുമെന്ന്. ഷാജ് കിരൺ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടന്നില്ലേ. ആരാണ് ഷാജ് കിരൺ? എന്തിനാണ് എഡിജിപിക്കെതിരെ നടപടിയെടുത്തത്? ഇവിടെ ആരാണ് ഗൂഢാലോച നടത്തുന്നതെന്നും സ്വപ്ന ചോദിച്ചു''

അതേസമയം അതേസമയം കുടുംബത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി താൻ രണ്ടു പേരെ സെക്യൂരിറ്റിയായി നിയോഗിച്ചിട്ടുണ്ടെന്നും കേരളാ പൊലീസിന്റെ സഹായം വേണ്ടെന്നും സ്വപ്ന പറഞ്ഞു. തന്റെ വീടിന്റെ പരിസങ്ങളിലും മറ്റും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള പൊലീസുകാരെ എത്രയും പെട്ടെന്ന് മുഖ്യമന്ത്രി തിരിച്ചു വിളിക്കണമെന്നും സ്വപ്ന ആവശ്യപ്പെട്ടു. അഭിഭാഷകനൊപ്പമായിരുന്നു സ്വപ്ന മാധ്യമങ്ങളെ കാണാനെത്തിയത്.

സ്വന്തം നിലയിൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ച് സ്വപ്ന സുരേഷ്. തന്റെ ജീവനു ഭീഷണിയുണ്ടെന്നു കാട്ടി ഹൈക്കോടതിയിൽ സുരക്ഷ ആവശ്യപ്പെടുമെന്നു കഴിഞ്ഞ ദിവസവും സ്വപ്ന പറഞ്ഞതിന് പിന്നാലെയാണ് രണ്ട് സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഒപ്പം കൂട്ടിയത്. കെ.ടി. ജലീലിന്റെ പരാതിയിൽ എടുത്ത പൊലീസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. നേരത്തെ കെ ടി ജലീൽ നൽകിയ പരാതിയിലാണ് സ്വപ്‌ന സുരേഷിനെതിരെ ഗൂഢാലോചനക്കെതിരെ കേസെടുത്തത്.

മതനിന്ദ ആരോപിച്ച് സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. ആർ.കൃഷ്ണരാജിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു. കൃഷ്ണരാജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. തൃശൂർ സ്വദേശിയായ അഭിഭാഷകൻ വി.ആർ.അനൂപ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.