- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയെ കേസിൽ കുടുക്കാൻ കേന്ദ്ര ഏജൻസികൾ സമ്മർദ്ദം ചെലുത്തുന്നു എന്ന വിവാദ ശബ്ദരേഖ തയ്യാറാക്കിയത് ആര്? ശിവശങ്കറിന്റെ നിർദ്ദേശപ്രപകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥ തയ്യാറാക്കിയത് എന്ന് സ്വപ്ന സുരേഷ്; മുഖ്യമന്ത്രിക്ക് എന്തറിയാം എന്തറിയില്ല എന്ന് പറയാവുന്നത് ശിവശങ്കറിന്
കൊച്ചി: സ്വർണക്കടത്ത് കേസിൽ കസ്റ്റഡിയിലിരിക്കെ പിണറായി വിജയന്റെ പേര് പറയാൻ അന്വേഷണ ഏജൻസികളുടെ സമ്മർദ്ദമുണ്ടെന്ന തരത്തിൽ സ്വപ്‌ന സുരേഷിന്റെ ഓഡിയോ ക്ലിപ്പ് വന്നത് വിവാദമായിരുന്നു. ആ ശബ്ദരേഖ അന്വേഷണ ഏജൻസികളെയും വെട്ടിലാക്കിയിരുന്നു. ഇപ്പോൾ, ആ ശബ്ദരേഖയ്ക്ക് പിന്നിലെ മാസ്റ്റർ ബ്രെയിൻ ശിവശങ്കറെന്ന് പറയുന്നു സ്വപ്‌ന. റിപ്പോർട്ടർ ടിവിയോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്.
ശബ്ദരേഖ ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥ തയ്യാറാക്കിയതാണെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ശബ്ദരേഖ തയ്യാറാക്കിയതിന് പിന്നിൽ ആരൊക്കെയെന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുമായി തനിക്ക് ഔദ്യോഗിക ബന്ധം മാത്രമാണുള്ളത്. മുഖ്യമന്ത്രിക്ക് എന്തറിയാം എന്തറിയില്ല എന്ന് പറഞ്ഞുതരാൻ തന്നേക്കാൾ കഴിയുക ശിവശങ്കറിനാണെന്നും സ്വപ്ന പറഞ്ഞു.
മുഖ്യമന്ത്രിയെ കേസിൽ കുടുക്കാൻ കേന്ദ്ര ഏജൻസികൾ സമ്മർദം ചെലുത്തുന്നു എന്നായിരുന്നു ശബ്ദരേഖയുടെ ഉള്ളടക്കം. എന്നാൽ, കേസിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കാമെന്ന് ശിവശങ്കർ പറഞ്ഞതായി ചിലർ ഉറപ്പു നൽകിയതിനെത്തുടർന്ന് അവർ പറഞ്ഞ വാചകങ്ങൾ പറയുകയായിരുന്നു എന്നാണ് സ്വപ്ന പറയുന്നത്. ഇതിനു നേതൃത്വം നൽകിയത് സ്വപ്നയുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സിപിഎം അനുഭാവിയായ പൊലീസുകാരിയാണെന്ന് ആരോപണമുണ്ടായിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴികൊടുക്കാൻ സമ്മർദം ചെലുത്തിയെന്ന ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിയിരുന്നു. ഇതിനെതിരെ ഇഡിയും കോടതിയെ സമീപിച്ചു. ജയിലിൽനിന്ന് ശബ്ദരേഖ പുറത്തുവന്നതെങ്ങനെയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
എം ശിവശങ്കറിന്റെ ആത്മകഥയിലെ ആരോപണങ്ങളും സ്വപ്ന സുരേഷ് തള്ളി. ഐ ഫോൺ കൊടുത്ത് ഒരു ഐഎഎസ് ഓഫീസറെ ചതിക്കാൻ മാത്രം താൻ വളർന്നിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു. തന്നെ എങ്ങനെ ഉപയോഗിച്ചു എന്നതിനെ കുറിച്ചും ശിവശങ്കർ എഴുതണമായിരുന്നു എന്നും സ്വപ്ന തുറന്നടിച്ചു. തന്റെ ഒരു ദിനം തുടങ്ങി അവസാനിച്ചിരുന്നത് ശിവശങ്കറിലൂടെയായിരുന്നു. അങ്ങനൊരാളെ ഫോൺ നൽകി ചതിക്കേണ്ട ആവശ്യമില്ല. ലോക്കറിലുണ്ടായത് ലൈഫ് മിഷനിലൂടെ കിട്ടിയ പണമാണെന്നും അത് ആരുടേതെന്ന് ഉടൻ വെളിപ്പെടുത്തുമെന്നും സ്വപ്ന പറഞ്ഞു.
താൻ ആത്മഹത്യയുടെ വക്കിലാണെന്നും സ്വപ്ന പറഞ്ഞു. ഇപ്പോൾ തനിക്ക് ഒരു ജോലി പോലുമില്ല. ശിവശങ്കർ എല്ലാ കഴിഞ്ഞ അധികാരത്തിൽ തന്നെ തിരികെ എത്തി. തന്റെ ജീവിതം നശിച്ചു, ഇനി ഒന്നും നോക്കാനില്ല. പുസ്തകത്തിലെ കൂടുതൽ വിവരങ്ങൾ അറിഞ്ഞ ശേഷം കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തുമെന്നും സ്വപ്ന പറഞ്ഞു.
സ്വർണക്കടത്ത് ഉൾപ്പെടെ യുഎഇ കോൺസുലേറ്റിലെ എല്ലാ അവിഹിത ഇടപാടുകളെക്കുറിച്ചും ശിവശങ്കറിന് അറിയാമെന്നാണ് സ്വപ്‌ന കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. നയതന്ത്ര ബാഗുകൾ കസ്റ്റംസ് തടഞ്ഞപ്പോൾ ശിവശങ്കറിനെ ബന്ധപ്പെട്ടപ്പോൾ ആവശ്യമായ ഇടപെടൽ നടത്തിയെന്നും, ബാഗേജിൽ എന്താണ് എന്നറിഞ്ഞുതന്നെയാണ് ശിവശങ്കർ ഇടപെട്ടതെന്നും സ്വപ്ന ആരോപിക്കുന്നു. കേന്ദ്ര ഏജൻസികൾ ഈ ആരോപണം അന്വേഷിക്കുമെന്നാണ് സൂചന.
തന്റെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാമായിരുന്ന ശിവശങ്കർ, സ്വർണക്കടത്ത് പിടികൂടിയതിനു പിന്നാലെ കീഴടങ്ങാതെ ഒളിവിൽ പോകാനാണ് നിർദ്ദേശിച്ചതെന്ന് സ്വപ്ന ആരോപിക്കുന്നു. സ്വർണക്കടത്തു കേസിൽ പങ്കുണ്ടെന്നറിഞ്ഞിട്ടും സ്വപ്നയെ ഒളിവിൽ പോകാനും മുൻകൂർജാമ്യത്തിനും ഉന്നത ഉദ്യോഗസ്ഥനായ ശിവശങ്കർ സഹായിച്ചതെന്തെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാനുണ്ട്. സ്വപ്നയുടെ പണം ലോക്കറിൽ വയ്ക്കാൻ മാത്രമാണ് സഹായിച്ചതെന്നായിരുന്നു ശിവശങ്കർ അന്വേഷണ ഏജൻസികളോട് പറഞ്ഞത്. എന്നാൽ, ലോക്കറിലെ പണം തന്റേതു മാത്രമല്ലെന്നും അതിൽ ശിവശങ്കറിനു പങ്കുണ്ടെന്നുമാണ് സ്വപ്ന പറയുന്നത്. സ്വപ്ന തന്നെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ പണമിടപാടുകളെക്കുറിച്ച് കേന്ദ്ര ഏജൻസികൾ കൂടുതൽ വിവരം ശേഖരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ശിവശങ്കറിനെതിരെ തന്റെ പക്കൽ തെളിവുകളുണ്ടെന്ന സ്വപ്നയുടെ വെളിപ്പെടുത്തലും കേന്ദ്ര ഏജൻസികൾ ഗൗരവത്തോടെയാണ് കാണുന്നത്.
മറുനാടന് മലയാളി ബ്യൂറോ