- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്‌നയുടെ സത്യവാങ്മൂലത്തിൽ പി ശ്രീരാമകൃഷ്ണനെതിരെയും കെ ടി ജലീലിനെതിരെയും ആരോപണം; മിഡിൽ ഈസ്റ്റിൽ കോളേജ് തുടങ്ങാൻ ഭൂമിക്കായി ശ്രീരാമകൃഷ്ണൻ സമ്മർദ്ദം ചെലുത്തി; കോൺസൽ ജനറലിന് പണം അടങ്ങിയ ബാഗ് നൽകി; കെ ടി ജലീലിന് മുംബൈയിൽ ബിനാമിയെന്നും ആരോപണം
കൊച്ചി: സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിൽ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണം. യുഎഇയിൽ കോളേജ് തുടങ്ങാൻ വേണ്ടി ശ്രീരാമകൃഷ്ണൻ ഇടപെട്ടെന്നാണ് സ്വപ്‌നയുടെ ആരോപണം. മിഡിൽ ഈസ്റ്റിൽ കോളേജ് തുടങ്ങാൻ ഭൂമിക്കായി ഷാർജാ ഭരണാധികാരിയെ സമീപിച്ചു. പി ശ്രീരാമകൃഷ്ണൻ ഇതിനായി സമ്മർദ്ദം ചെലുത്തി. ഇടപാടിനായി ഒരു ബാഗ് നിറയെ പണം യുഎഇ കോൺസൽ ജനറലിന് നൽകി. ഇക്കാര്യം കോൺസുൽ ജനറലാണ് വ്യക്തമാക്കിയത്.
ഈ പണം അടങ്ങിയ ബാഗ് കോൺസുൽ ജനറൽ ഏൽപ്പിച്ചത് സരിത്തിനെയാണ്. പണം കോൺസുലേറ്റ് ജനറലിന് നൽകിയ ശേഷം ബാഗ് സരത്ത് എടുക്കുകയായിരുന്നു. ഈ ബാഗ് പിന്നീട് കസ്റ്റംസ് സരിത്തിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്തെന്നും സ്വപ്‌ന സുരേഷ് വ്യക്തമാക്കി. അതേസമയം കെ ടി ജലീലിനെ ബിനാമി ആരോപണവും സ്വപ്‌ന ഉയർത്തുന്നു.
ഫ്‌ളൈ ജാക്ക് ലോജിസ്റ്റിക്‌സ് ഉടമ മാധവ വാര്യർ ജലീലിന്റെ ബിനാമി. മുംബൈ ആസ്ഥാനമായുള്ള ഈ കമ്പനി വഴിയാണ് ജലീലിന്റെ ഇടപാടുകൾ. സംസ്ഥാനത്ത് പുറത്തെ കോൺസുലേറ്റ് വഴിയും ഖുർആൻ എത്തിച്ചുവെന്നും അവർ ആരോപിച്ചു. ഷാർജ ഭരണാധികാരിക്ക് ഡി ലിറ്റ് നൽകാൻ വേണ്ടി ജലീൽ സമ്മർദ്ദം ചെലുത്തി. ഇതിനായി വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീറിനെ സ്വാധീനിച്ചെന്നും സത്യവാങ്മൂലത്തിൽ സ്വപ്‌ന സുരേഷ് ആരോപിച്ചു.
ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ക്ലിഫ് ഹൗസിലെ അടച്ചിട്ട മുറിയിൽ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് സ്വപ്‌ന സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിക്കുതന്നെ അറിയില്ലെങ്കിൽ ഓർമിപ്പിക്കുന്ന ചില കാര്യങ്ങൾ തുറന്നു പറയുമെന്നു സ്വപ്ന പറഞ്ഞതിന്റെ തൊട്ടു പിന്നാലെയാണ് സത്യവാങ്മൂലത്തിലെ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
പിണറായിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തി. 2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലായിരുന്നു ചർച്ച. അടച്ചിട്ട മുറിയിലെ ചർച്ചയിൽ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തു. ഷാർജയിൽ ബിസിനസ് പങ്കാളിയുമായും ചർച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു. ഷാർജ ഭരണാധികാരിയുടെ എതിർപ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസ്സമായത്. ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു.
കോൺസുലേറ്റിൽനിന്നു സമ്മാനങ്ങൾ എന്ന പേരിൽ ബിരിയാണി ചെമ്പ് ക്ലിഫ് ഹൗസിലേയ്ക്കു വന്നെന്നും അതിൽ ലോഹങ്ങൾ ഉണ്ടായിരുന്നെന്നും ഉള്ള പരാമർശവും സത്യവാങ്മൂലത്തിലുണ്ട്. ബിരിയാണി ചെമ്പ് പരാമർശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലിൽ ഉണ്ട്. എൻഐഎ പിടിച്ചെടുത്ത മൊബൈലുകൾ കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.
സ്വപ്ന ക്ലിഫ് ഹൗസിൽ ഔദ്യോഗിക കാര്യത്തിന് മാത്രമാണ് എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്. ഇത് സ്ഥിരീകരിക്കുന്നതിന് 2020 ഒക്ടോബർ 13നു നടന്ന വാർത്താസമ്മേളനത്തിന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. കോൺസുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് അവർ അന്നു വന്നതെന്നും ആ നിലയ്ക്കാണ് അവരെ പരിചയമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറയുന്നുണ്ട്. ഇതിനു പിന്നാലെയാണ് സ്വപ്ന വീണ്ടും മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
ഈ വിവരങ്ങൾ സ്വപ്ന ഒരു വർഷം മുൻപു കസ്റ്റംസിനും എൻഐഎയ്ക്കും നൽകിയ മൊഴികളിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ രണ്ട് ഏജൻസികളും കുറ്റപത്രം സമർപ്പിച്ചെങ്കിലും ഈ വിവരങ്ങൾ വെളിപ്പെടുത്തുകയോ തുടരന്വേഷണം നടത്തുകയോ ചെയ്തില്ല. ഇതിൽ തെളിവില്ലെന്നു വ്യക്തമാക്കിക്കൊണ്ടായിരുന്നു നടപടി. ഇപ്പോഴും ഇഡി ഈ കേസിൽ അന്വേഷണം തുടരുകയാണ്. ഇടക്കാല കുറ്റപത്രം സമർപ്പിച്ചെങ്കിലും അതിൽ എം.ശിവശങ്കറിനെതിരെയാണ് കാര്യമായ കുറ്റാരോപണമുള്ളത്.
മറുനാടന് മലയാളി ബ്യൂറോ