- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചതിന് പരാതി നൽകിയത് സിഐ.എസ്എഫ്; മുഖ്യമന്ത്രി കൈക്കൊണ്ടത് തീവ്രവാദത്തെ സഹായിക്കുന്ന നിലപാട്; എല്ലാം ചെയ്തത് മകൾ വീണക്ക് വേണ്ടി; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
തിരുവനന്തപുരം: നിരോധിത സാറ്റലൈറ്റ് ഫോണുമായി 2017 ൽ നെടുമ്പാശേരിയിൽ പിടിയിലായ യുഎഇ പൗരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിന്നെന്ന ആരോപണവുമുമായി സ്വപ്ന സുരേഷ്. നിരോധിത ഫോൺ കൈവശം വെച്ചു എന്നതിന് സിഐഎസ്എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലും കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ0 കിട്ടി. ഇതിനായി ശിവശങ്കറും മുഖ്യമന്ത്രിയും ഇടപെടൽ നടത്തി എന്നാണ് സ്വപ്നയുടെ ആരോപണം.
കോൺസൽ ജനറലിന്റെ ആവശ്യപ്രകാരമാണ് യു.എ.ഇ പൗരനെ വിട്ടയച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ വഴിയാണ് ഇടപെടൽ നടത്തിയത്. നിരോധിത സാറ്റലൈറ്റ് ഫോണുമായി യു.എ.ഇ പൗരൻ അഞ്ച് ദിവസം കേരളത്തിൽ കഴിഞ്ഞ സംഭവത്തിൽ തുടരന്വേഷണം നടത്തിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് യു.എ.ഇ പൗരനെ സിഐ.എസ്.എഫ് പിടികൂടുന്നത്. തുടർന്ന് നെടുമ്പാശേരി പൊലീസിന് ഇയാളെ കൈമാറി. യു.എ.ഇ പൗരനായതുകൊണ്ട് കോൺസുൽ ജനറലിനെ വിവരം അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചു. കോൺസുൽ ജനറലിലെ നിർദ്ദേശ പ്രകാരം ശിവശങ്കറിനോട് കാര്യങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബന്ധപ്പെട്ട ശിവശങ്കർ കോൺസൽ ഓഫിസിൽ നിന്ന് പ്രതിനിധിയെ നെടുമ്പാശേരി സ്റ്റേഷനിലേക്ക് വിടാൻ പറയുകയും ഇതുപ്രകാരം പി.ആർ.ഒയെ അയക്കുകയും ചെയ്തു. പൊലീസ് ഓഫിസർ എഴുതി കൊടുത്ത സത്യവാങ്മൂലത്തിന്റെ മാതൃകയിൽ കോൺസുലേറ്റിന്റെ ലെറ്റർപാഡിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ലെറ്റർപാഡിൽ എഴുതി കോൺസുൽ ജനറൽ ഒപ്പിട്ട സത്യവാങ്മൂലത്തിന്റെ കോപ്പി പി.ആർ.ഒക്ക് വാട്ട്‌സ്ആപ്പിലൂടെ അയച്ചു കൊടുത്തു.
നിരോധിതവും തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതുമായ സാറ്റലൈറ്റ് ഫോണുമായി ദിവസങ്ങളോളം എന്താണ് ചെയ്തതെന്ന് അന്വേഷണം നടത്താതെയാണ് യു.എ.ഇ പൗരനെ രാജ്യം വിടാൻ അനുവദിച്ചത്. ഒരു തീവ്രവാദിയെ രക്ഷപ്പെടാൻ മുഖ്യമന്ത്രി സഹായിക്കുകയാണ് ചെയ്തത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യതയുണ്ട്. മകൾ വീണയുടെ വ്യക്തിപരവും സാമ്പത്തികവുമായി നേട്ടത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ കൂടുതൽ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്ന ആരോപണവമാണ് സ്വപ്‌ന ഉയർത്തുന്നത്. അതേസമയം ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിൽ എത്തിച്ചെന്ന ആരോപണത്തിൽ മുഖ്യമന്ത്രി ഇനിയും മറുപടി നൽകിയിട്ടില്ല. റൂട്ട് മാപ്പിന്റെ രേഖകൾ, റൂട്ട് മാറ്റുന്നതിന് പൊലീസ് ആസ്ഥാനത്തെ എ.ഡിജിപി നേതൃത്വം നൽകിയെന്ന സ്വർണ്ണ കടത്ത് കേസ് പ്രതിയുടെ ആരോപണം ശരിയോ, അല്ലെങ്കിൽ അവർക്കെതിരെ കേസെടുക്കുമോ, വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ 2016 - 20 കാലഘട്ടത്തിൽ യു എ ഇ കോൺസുലേറ്റ് ജനറൽ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിന് തുടങ്ങിയ ചോദ്യങ്ങൾ സഭയിൽ ഉന്നയിച്ചത് എം കെ മുനീർ ആയിരുന്നു. ഈ ചോദ്യങ്ങൽക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല.
ഷാർജ ഭരണാധികാരിയെ റൂട്ട് മാറ്റി ക്ലിഫ് ഹൗസിൽ എത്തിച്ചെന്നും എഡിജിപി മനോജ് എബ്രഹാമാണ് റൂട്ട് മാറ്റുന്നതിന് നേതൃത്വം നൽകിയതെന്നും സ്വപ്ന സുരേഷാണ് ആരോപണം ഉന്നയിച്ചത്. ഇത് ശരിയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത് വന്നിരുന്നു. പിണറായി , ഭാര്യ കമല , മകൾ വീണ, കെ.റ്റി.ജലിൽ, ഡോ.കെ.എം.എബ്രഹാം, സി.എം രവീന്ദ്രൻ എന്നിവർ ക്ലിഫ് ഹൗസിൽ ഷാർജ ഭരണാധികാരിയെ സ്വീകരിച്ച് സമ്മാനങ്ങൾ നൽകുന്നതടക്കമുള്ള വിഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
2017 സെപ്റ്റംബറിലാണ് ഷാർജ ഭരണാധികാരി കേരളത്തിലെത്തിയത്. സന്ദർശനത്തിന് രണ്ടാഴ്ച മുൻപ് തയ്യാറാക്കിയ ഷെഡ്യൂളിൽ പക്ഷെ ക്ലിഫ് ഹൗസില്ല. ഭരണാധികാരിയുടെ ഷെഡ്യൂളിൽ ക്ലിഫ് ഹൗസ് ഉണ്ടായിരുന്നില്ലെന്നാണ് സന്ദർശന രേഖ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആണ് റൂട്ട് മാറ്റിയതെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. തിരുവനന്തപുരത്തും കോഴിക്കോട്ടുമായി മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വിധത്തിൽ സന്ദർശനം തീരുമാനിച്ചെങ്കിലും ക്ലിഫ് ഹൗസ് പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു എന്നും ഇത് മുഖ്യമന്ത്രിയുടെ താൽപര്യപ്രകാരം ആയിരുന്നു എന്നുമാണ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിക്കുന്ന ആരോപണം.
. വിദേശ കാര്യമന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ ഷാർജാ ഭരണാധികാരിയുടെ യാത്രാ റൂട്ട് മാറ്റിയെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരിന്റെയും നിർദ്ദേശം അനുസരിച്ചാണിത് ചെയ്തതെന്നുമാണ് സ്വപ്ന സുരേഷ് ആരോപിക്കുന്നത്. ഇരുവരുടേയും നിർദ്ദേശം അനുസരിച്ചാണ് യാത്രാ ഷെഡ്യൂളിൽ മാറ്റം വരുത്തി താൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിച്ചതെന്നും സ്വപ്ന പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ