കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിനു പിന്നിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുന്മന്ത്രി കെ.ടി.ജലീൽ എംഎൽഎ നൽകിയ പരാതിയിൽ കേസെടുത്തതിനെ തുടർന്നു നൽകിയ ഹർജിയാണ് തള്ളിയത്. പി.എസ്. സരിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷയും തള്ളി.

സ്വപ്നയ്‌ക്കെതിരെ ചുമത്തിയ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്നു വിലയിരുത്തിയാണു ജസ്റ്റിസ് വിജു ഏബ്രഹാം ഹർജി തള്ളിയത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിലാണ് കേസെന്ന സർക്കാർ വാദം അംഗീകരിച്ചാണ് നടപടി. സ്വപ്നയുടെ മുൻകൂർ ജാമ്യ ഹർജി നിലനിൽക്കില്ലെന്ന് സർക്കാർ വാദിച്ചു. പിഎസ് സരിത്ത് നിലവിൽ കേസിൽ പ്രതിയല്ലെന്നും സർക്കാർ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.

തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസെടുത്തതിനു പിന്നാലെ ഇന്നു രാവിലെ സ്വപ്നയും സരിത്തും മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മുതിർന്ന രാഷ്ട്രീയ നേതാവ് പി.സി.ജോർജിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. പലഭാഗത്തുനിന്നും ഭീഷണി ഉള്ളതിനാൽ മുൻകൂർ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇടക്കാല ഉത്തരവു വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിൽ തിടുക്കം എന്തിനാണെന്നായിരുന്നു രാവിലെ കോടതി ആരാഞ്ഞത്.

മുഖ്യമന്ത്രിക്കു വേണ്ടി ഇടനിലക്കാരനായി ഷാജി കിരൺ എന്ന ഒരാൾ തന്നെ വന്നു കണ്ടു ഭീഷണിപ്പെടുത്തിയെന്നും മൊഴി പിൻവലിക്കാൻ സമ്മർദം ചെലുത്തിയെന്നും മുൻകൂർ ജാമ്യാപേക്ഷയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഇയാൾ ഭീഷണിപ്പെടുത്തുന്നതിന്റെ ശബ്ദരേഖ തന്റെ പക്കലുണ്ടെന്നും സ്വപ്ന അവകാശപ്പെട്ടിട്ടുണ്ട്.

ഇപ്പോഴത്തെ വെളിപ്പെടുത്തൽ അടക്കം കസ്റ്റംസിന് മൊഴി നൽകിയിരുന്നു. എന്നാൽ തന്റെ രഹസ്യമൊഴിയിൽ നടപടി എടുക്കാതെ പൂഴ്‌ത്തി വെക്കാനാണ് കസ്റ്റംസ് ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ടവരുടെ പേരുകൾ പുരത്തു വരാതിരിക്കാൻ ജയിലിൽ കിടക്കുന്ന ഘട്ടത്തിലും കടുത്ത സമ്മർദ്ദം ഉണ്ടായിരുന്നു. പൊലീസുകാർ തന്നെ അപായപ്പെടുത്തുമെന്ന ഘട്ടം വരെയുണ്ടായി. അതിനാലാണ് ഇക്കാര്യങ്ങളെല്ലാം തുറന്നുപറയാൻ നിർബന്ധിതയായത്.

കേസ് തന്നെ വേട്ടയാടുന്നതിന്റെ ഭാഗമായാണ്. അതിനാൽ മുൻകൂർ ജാമ്യം നൽകണം. ഇപ്പോഴുണ്ടായിട്ടുള്ള ആരോപണങ്ങളിൽ താൻ പങ്കാളിയല്ലെന്നും ഹർജിയിൽ സ്വപ്ന വ്യക്തമാക്കിയിരുന്നു. ഗൂഢാലോചന, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും തനിക്കെതിരെ വ്യക്തിപരമായും സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ വ്യാജമാണെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നതെന്നും കെ.ടി.ജലീൽ പറയുന്നു.

നുണപ്രചാരണത്തിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്താനാണ് പരാതി നൽകിയിരിക്കുന്നതെന്നുമാണ് ജലീലിന്റെ ഭാഷ്യം. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ സ്വപ്‌ന സുരേഷിനെതിരായ അന്വേഷണത്തിന്റെ വേഗം ഇനിയും കൂടും. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തിന് പൊലീസ് രൂപം നൽകിയിട്ടുണ്ട്.