- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശിവശങ്കരനെ വെട്ടിലാക്കിയ വെളിപ്പെടുത്തലിന് പിന്നാലെ സ്വപ്ന സുരേഷ് ഇഡിക്ക് മുന്നിലെത്തി; അനാരോഗ്യം കാരണം മൊഴി നൽകാൻ സാവകാശം അനുവദിക്കണമെന്ന് ഉദ്യോഗസ്ഥരോട് സ്വപ്ന; സാവകാശം അനുവദിച്ച് ഇഡിയും; കൂടൂതൽ തെളിവു ശേഖരിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിന് ഇഡി നീക്കം
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നൽകിയ നോട്ടീസ് പ്രകാരം ഓഫിസിൽ ഹാജരായ സ്വപ്ന സുരേഷ് മൊഴി നൽകാതെ മടങ്ങി. അനാരോഗ്യം കാരണം രണ്ട് ദിവസത്തെ സാവകാശം സ്വപ്ന ആവശ്യപ്പെട്ടിരുന്നു. നേരിൽ ഹാജരായി ആവശ്യപ്പെട്ടത് അനുസരിച്ച് ഇ.ഡി സമയം അനുവദിക്കുകയായിരുന്നു. കസ്റ്റഡിയിൽ ഇരിക്കെ മുഖ്യമന്ത്രിയുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിച്ചുവെന്ന ശബ്ദരേഖയ്ക്ക് പിന്നിൽ എം. ശിവശങ്കർ നടത്തിയ ഗൂഢാലോചനയാണെന്ന് സ്വപ്ന അഭിമുഖങ്ങളിൽ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യാൻ ഇ.ഡി തീരുമാനിച്ചത്
അഭിഭാഷകനെ ഓഫിലെത്തി കണ്ട് ചർച്ച നടത്തിയ ശേഷമാണ് 11.25 ഓടെ സ്വപ്ന ഇ.ഡി ഓഫിസിലെത്തിയത്. സ്വപ്നയ്ക്ക് ഒപ്പം സ്വർണക്കടത്ത് കേസിലെ മറ്റൊരു പ്രതി സരിതും അഭിഭാഷകനെ കണ്ടിരുന്നു. ഇ.ഡി ഓഫിസിൽ നിന്നിറങ്ങിയ ശേഷവും അഭിഭാഷകനെ കണ്ട ശേഷമാണ് സ്വപ്ന തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
ഐ.എ.എസ് ഉദ്യോഗസ്ഥൻ എം. ശിവശങ്കറിനെതിരെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ഈമാസം ഒമ്പതിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഇ.ഡി സ്വപ്നക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും 15ന് ഹാജരാകാമെന്നും സ്വപ്ന വ്യക്തമാക്കുകയായിരുന്നു. വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുമായി പൂർണമായും സഹകരിക്കുമെന്നും സ്വപ്ന വ്യക്തമാക്കിയിട്ടുണ്ട്. കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നെന്നും സ്വപ്ന അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നൽകിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവൽ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കി കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. കേസ് ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ടെങ്കിലും സർക്കാർ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ സ്വപ്നയുടെ വെളിപ്പെടുത്തൽ നിർണായകമാകുമെന്നാണ് ഇഡി ഉദ്യോഗസ്ഥർ വിശദീകരിക്കുന്നത്
കള്ളപ്പണ ഇടപാടിൽ ശിവശങ്കറിന് കൂടുതൽ കാര്യങ്ങൾ അറിയാമായിരുന്നു എന്നും സ്വപ്ന അഭിമുഖത്തിൽ തുറന്നുപറഞ്ഞു. പുതിയ വിവരങ്ങൾ കോടതിയിൽ ഔദ്യോഗികമായി ഉടൻ അറിയിക്കാനാണ് ഇഡിയുടെ നീക്കം. ഈ കേസിൽ കുറ്റപ്പത്രം സമർപ്പിച്ച് കഴിഞ്ഞെങ്കിലും കൂടുതൽ തെളിവ് ശേഖരണത്തിന് സാധ്യത ഉണ്ടോയെന്ന് പരിശോധിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്.
മറുനാടന് മലയാളി ബ്യൂറോ