കൊച്ചി: മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും, കലാപം ഉണ്ടാക്കാനുള്ള ശ്രമമാണെന്നുമുള്ള മുൻ മന്ത്രി കെ.ടി.ജലീലിന്റെ പരാതിയിൽ സ്വപ്നയെയും പി.സി.ജോർജിനെയും പ്രതികളാക്കിയെടുത്ത കേസ് നിലനിൽക്കാൻ ഇടയില്ല. ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കന്റോൺമെന്റ് പൊലീസ് കേസെടുത്തത്. എന്നാൽ കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിന്റെ പേരിൽ കലാപത്തിനുള്ള ആഹ്വാനക്കുറ്റം ചുമത്തിയത് നിലനിൽക്കുന്നതല്ലെന്ന് നിയമവിദഗ്ദ്ധർ പറയുന്നു.

സി.ആർ.പി.സി 164പ്രകാരം മജിസ്‌ട്രേറ്റിനു മുന്നിൽ രഹസ്യമൊഴി നൽകുന്നതിന് ഒരു സ്റ്റേറ്റ്‌മെന്റിന്റെ രൂപം മാത്രമാണുള്ളത്. ഈ മൊഴി നൽകിയ വ്യക്തി വിചാരണക്കോടതിയിൽ ഇതേ മൊഴി ആവർത്തിക്കുമ്പോൾ മാത്രമാണ് അതിന് തെളിവുമൂല്യമുണ്ടാവുക. രഹസ്യമൊഴിയെ സർക്കാർ ഇത്രയേറെ ഭയപ്പാടോടെ കാണുന്നതെന്തിന് എന്ന ചോദ്യം സ്വാഭാവികമായി ഉയരും. കേന്ദ്ര അന്വേഷണ ഏജൻസികളായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും സിബിഐയ്ക്കുമെല്ലാം ഈ മൊഴി ശേഖരിക്കാനും ഇതിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താനും അവസരമുണ്ട്. ഇതാണ് സർക്കാരിനെ ഭയപ്പെടുത്തുന്നത്.

പിണറായിയുടെ ദുബായ് സന്ദർശനത്തിനിടെ ഒരു ബാഗ് നിറയെ കറൻസി വിദേശത്തേക്ക് കടത്തിയെന്നും പിണറായിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്നുമുള്ള സ്വപ്നയുടെ വെളിപ്പെടുത്തലുകൾ സ്വാഭാവികമായും രഹസ്യമൊഴിയിലും ഉണ്ടായിരിക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായിക്കും ഭാര്യ കമലയ്ക്കും മകൾ വീണയ്ക്കും മറ്ര് കുടുംബാംഗങ്ങൾക്കുമെതിരേ അന്വേഷണം ആരംഭിക്കാനാവും.

ക്ലിഫ്ഹൗസിലും വീണയുടെ ഐ.ടി സ്ഥാപനങ്ങളിലും പരിശോധന നടത്താനും ഏതു രേഖ വേണമെങ്കിലും കസ്റ്റഡിയിലെടുക്കാനും ഇ.ഡിക്ക് കഴിയും. മുഖ്യമന്ത്രിയെ ഇ.ഡി ചോദ്യം ചെയ്താൽ അദ്ദേഹത്തിന് പദവിയൊഴിയേണ്ടി വരും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് കലാപത്തിനുള്ള ആഹ്വാനം നടത്തിയെന്ന കേസ് ചുമത്തി സ്വപ്നയെ നിശബ്ദമാക്കാൻ സർക്കാർ ശ്രമിക്കുന്നത്. കലാപത്തിനുള്ള ആഹ്വാനക്കുറ്റം സ്വപ്നയ്ക്കും പി.സി.ജോർജ്ജിനും മേൽ നിലനിൽക്കുമോയെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌പി എസ്. മധുസൂദനൻ സംശയമുന്നയിച്ചു കഴിഞ്ഞു. എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സ്വപ്നയും ജോർജ്ജും ഹൈക്കോടതിയിൽ ഹർജി നൽകുന്നതു കൂടി പരിഗണിച്ചാവും തുടരന്വേഷണം

കലാപത്തിനുള്ള ആഹ്വാനം നടത്തിയതിനുള്ള ഐ.പി.സി 153 ചുമത്തുന്നത് കരുതലോടെ വേണമെന്ന് അരുൺ പുരി കേസിൽ സുപ്രീംകോടതി ഉത്തരവുണ്ട്. ഒരു അക്രമമോ പ്രത്യേക സംഭവമോ (ആക്ട്) അതേത്തുടർന്നുള്ള അക്രമ പരമ്പരകളോ ഉണ്ടെങ്കിൽ മാത്രമേ ഈ വകുപ്പ് നിലനിൽക്കൂ. സ്വപ്നയും പി.സി.ജോർജ്ജും രഹസ്യമൊഴിയുടെ വിവരങ്ങൾ പുറത്തുവിട്ടത് ആസൂത്രിതമായ കലാപത്തിനുള്ള ശ്രമത്തിന്റെ ഭാഗമായാണെന്നും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയും പൊലീസിനെ ആക്രമിക്കുകയും, അതുവഴി നാട്ടിലാകെ സംഘർഷം വ്യാപിപ്പിക്കാനുമാണ് നീക്കമെന്നുമാണ് കെ.ടി.ജലീലിന്റെ പരാതി.

കേരളത്തിൽ ബോധപൂർവം കലാപം അഴിച്ചുവിടാനുള്ള ഗൂഢാലോചനയാണിതെന്നും പരാതിയിലുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഗൂഢാലോചനയ്ക്കും കലാപ ആഹ്വാനത്തിനും ഇരുവർക്കുമെതിരേ കേസെടുത്തത്. എന്നാൽ രഹസ്യമൊഴി പുറത്തുവിടുന്നത് കലാപത്തിനുള്ള ആഹ്വാനമായി വ്യാഖ്യാനിക്കാനാവില്ലെന്ന് നിയമവിഗദ്ധർ പറയുന്നു. കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് ഗൂഢാലോചന നടത്തിയതിനാണ് ഐ.പി.സി 120 (ബി) പ്രകാരം ഗൂഢാലോചന കുറ്റം ചുമത്തിയത്. എന്നാൽ കലാപ ആഹ്വാനത്തിനുള്ള ഐ.പി.സി 153 നിലനിൽക്കുന്നതല്ലെങ്കിൽ ഗൂഢാലോചനക്കുറ്റത്തിന് പ്രസക്തിയില്ലാതാവും.

ആദ്യകുറ്റം റദ്ദായാൽ ഗൂഢാലോചനക്കുറ്റം സ്വാഭാവികമായി റദ്ദാകും. സി.ആർ.പി.സി 164പ്രകാരമുള്ള രഹസ്യമൊഴിയിൽ കുറ്റസമ്മതമൊഴിയായോ സാക്ഷിമൊഴിയായോ എന്തും പറയാം. ബാഹ്യസമ്മർദ്ദങ്ങളില്ലാതെ മജിസ്‌ട്രേറ്റിനു മുന്നിൽ രേഖപ്പെടുത്തുന്ന മൊഴിയാണിത്. എന്നാൽ വിചാരണ വേളയിൽ, രഹസ്യമൊഴിയിലേത് തെറ്റായ വിവരങ്ങളാണെന്ന് തെളിയിക്കാനായാൽ ഐ.പി.സി 193പ്രകാരം വ്യാജ തെളിവു നൽകിയതിന് കേസെടുക്കാനാവും. തനിക്കെതിരെ വ്യാജമൊഴി നൽകിയെന്ന് സി.ആർ.പി.സി 341പ്രകാരം മുഖ്യമന്ത്രിക്ക് കോടതിയിൽ ഹർജി നൽകാം. എന്നാൽ ഇത് വിചാരണ വേളയിൽ മാത്രമാവും പരിഗണിക്കപ്പെടുക.