- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഒരുമിച്ച് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ട്; ഞാൻ ജയിലിൽ കിടക്കുമ്പോൾ വിവാദ വനിതയെ അറിയില്ല എന്ന് അദ്ദേഹം പറഞ്ഞത് കള്ളം; രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കും എന്നും സ്വപ്ന സുരേഷ്
കൊച്ചി: ഷാജ് കിരണെ ദൂതനായി അയച്ചത് മുഖ്യമന്ത്രി തന്നെ എന്ന് ആവർത്തിച്ച് സ്വപ്ന സുരേഷ്. മുഖ്യമന്ത്രി ഷാജ് കിരണെ ഉപയോഗിച്ച് ഗൂഢാലോചന നടത്തുകയായിരുന്നു. തന്നെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. താനും മുഖ്യമന്ത്രിയും ഭാര്യയും മകനും മകളും ഭാര്യയും ഒരുമിച്ച് ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി ഒരുപാട് കാര്യങ്ങളിൽ തീരുമാനമെടുത്തിട്ടുണ്ടെന്ന് സ്വപ്ന പറഞ്ഞു. ക്ലിഫ് ഹൗസിൽ നടന്ന ചർച്ചയുടെ കാര്യങ്ങൾ വേണ്ട സമയത്ത് ഓർമിപ്പിച്ചു നൽകുമെന്നും സ്വപ്ന പറഞ്ഞു.
വിവാദ വനിതയെ അറിയില്ല എന്ന് മുഖ്യമന്ത്രി ഞാൻ ജയിലിൽ കിടക്കുന്ന സമയത്ത് പറഞ്ഞു. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനുമായി ക്ലിഫ് ഹൗസിൽ ഇരുന്ന് ഒരുപാട് കാര്യങ്ങളിൽ ചർച്ച ചെയ്ത് നടപടി എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോൾ മറന്നുപോയെങ്കിൽ അവസരം വരുന്നതനുസരിച്ച് മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓർമിപ്പിച്ചു കൊടുക്കാം' സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
എനിക്കെതിരെ കേരളത്തിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിൽ കേസെടുത്താലും സെക്ഷൻ 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ ഉറച്ച് നിൽക്കും. ഇതിൽ നിന്ന് ഞാൻ പിന്മാറണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം. എന്നെ കൊന്നതുകൊണ്ട് മാത്രമാകില്ല. ജയിലിലിട്ട് മർദ്ദിച്ച് എന്തെങ്കിലും എഴുതി വാങ്ങാനുണ്ടെങ്കിൽ അതിന് ശ്രമിക്കാം. ഗൂഢാലോചന ആരാണ് നടത്തിയതെന്ന് പ്രവൃത്തി കൊണ്ട് തെളിയുന്നുണ്ടെന്നും സ്വപ്ന കൂട്ടിച്ചേർത്തു.
കോടതി രേഖകൾ മുഖ്യമന്ത്രി ഇടപ്പെട്ട് ചോർത്തിയോയെന്നും സ്വപ്നയും അഭിഭാഷകനും സംശയം പ്രകടിപ്പിച്ചു. ഷാജ് കിരൺ വന്നത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമായാണെന്ന് സ്വപ്നയുടെ അഭിഭാഷകൻ പറഞ്ഞു.
സ്വപ്ന സുരേഷിന്റെ വാക്കുകൾ:
'പിന്മാറണമെങ്കിൽ നിങ്ങൾ എന്നെ കൊല്ലണം. കൊന്നുകഴിഞ്ഞാൽ ഒരു പക്ഷേ, ഇതെല്ലാം ഇവിടെ നിലയ്ക്കും. അതും ഒരു പക്ഷെയാണ്, കാരണം, ഞാൻ എല്ലാ തെളിവുകളും വ്യത്യസ്ത വ്യക്തികൾക്ക് കൊടുത്തിട്ടുണ്ട്. എന്നെ കൊന്നതുകൊണ്ട് മാത്രം തീരില്ല. പിന്നെ എന്നെ ജയിലിലിട്ട് അടിച്ച് കൊന്ന് നിർബന്ധമായും എന്തെങ്കിലുമൊക്കെ ഒപ്പിടീച്ച് വാങ്ങിക്കാനാണെങ്കിൽ ശ്രമിക്കൂ, നോക്കാം. ഞാൻ കസ്റ്റംസിന് കൊടുത്തിരിക്കുന്നതും 164 മൊഴിയും തമ്മിൽ വ്യത്യാസമുണ്ടെന്നാണ് മുതിർന്ന രാഷ്ട്രീയക്കാരന്റെ പരാതി. അതിൽ പുതിയ കേസെടുത്തിരിക്കുകയാണ്.
കോടതിയുടെ പക്കലുള്ള രേഖകളുമായി വ്യത്യാസമുണ്ടെന്ന് മുതിർന്ന ഒരു സിപിഐഎം നേതാവിന് എങ്ങനെ പറയാൻ പറ്റും? സ്വാധീനമുപയോഗിച്ച് അയാളോ പാർട്ടിയോ അത് എടുത്തിരിക്കുന്നു. അല്ലാതെ, പറയാൻ പറ്റില്ലല്ലോ? എന്റെ 164ൽ മാറ്റമില്ല. ഞാനതിൽ ഉറച്ചുനിൽക്കുന്നു. ഷാജ് കിരണിന്റെ ശബ്ദരേഖ കൃത്രിമത്വം കാണിച്ചെന്നാണ് ആരോപണം. ഞാനും ഷാജ് കിരണും സരിത്തും കൂടി എന്റെ ഓഫീസിൽ വെച്ചുണ്ടായ സംഭാഷണം എവിടെയൊക്കെ മാറ്റം വരുത്തിയെന്ന് ഈ രാഷ്ട്രീയക്കാരൻ എങ്ങനെ അറിയും?
ഞാൻ ശബ്ദരേഖ എഡിറ്റ് ചെയ്തെന്ന് എങ്ങനെ പറയാനാകും. ഷാജ് കിരണുമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ട്. അവരാണ് എന്റെ ഓഫീസിലേക്ക് ഷാജ് കിരണിനെ അയച്ചത്. ഇപ്പോൾ അവർ എനിക്കെതിരെ മറ്റൊരു ഗൂഢാലോചന കേസ് ചാർത്തിയിരിക്കുന്നു. ഞാനാണോ അതോ ഷാജ് കിരണിനെ ഉപയോഗിച്ച് മുഖ്യമന്ത്രിയും പാർട്ടിയും ചേർന്നാണോ ഗൂഢാലോചന നടത്തിയത്? ഇതെല്ലാം ഓരോന്നായി അവർ പ്രവൃത്തി കൊണ്ട് തന്നെ തെളിയിക്കുന്നുണ്ട്.
മറ്റൊരു കള്ളവും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയോട് എനിക്കൊരു കാര്യം പറയാനുണ്ട്. വിവാദ വനിതയെ അറിയില്ലെന്ന് പറഞ്ഞു, ഞാൻ ജയിലിൽ കിടന്ന സമയത്ത്. ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും അദ്ദേഹത്തിന്റെ മകളും മകനുമൊക്കെയായിട്ട് ക്ലിഫ് ഹൗസിൽ ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്ത് 'ആക്ഷൻസ്' എടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോൾ മറന്നുപോയെങ്കിൽ അവസരം വരുന്നതിന് അനുസരിച്ച് ഞാൻ മാധ്യമങ്ങൾ വഴി മുഖ്യമന്ത്രിയേയും കുടുംബത്തേയും ഓർമ്മിപ്പിച്ച് കൊടുക്കാം.ഞാൻ 164 കൊടുത്ത് നിരപരാധിയാകാൻ ശ്രമിക്കുന്നെന്ന് പ്രമോദ് ആരോപിക്കുന്നു. ഒരിക്കലുമില്ല. ഒന്നാമത്തെ ദിവസം മുതൽ ഇന്ന് വരെ ഞാൻ ഒരേ കാര്യമാണ് പറയുന്നത്. എന്റെ പങ്കാളിത്തത്തിന്റെ വലുപ്പത്തേക്കുറിച്ച് (ഡിഗ്രി ഓഫ് ഇൻവോൾവ്മെന്റ്) 164ൽ പറഞ്ഞത് തന്നെയാണ് ഞാൻ എല്ലാ അന്വേഷണ ഏജൻസികൾക്കും മൊഴിയായി നൽകിയിരിക്കുന്നത്. നിയമത്തിൽ രക്ഷപ്പെടാൻ വേണ്ടിയല്ല ഞാൻ ശ്രമിക്കുന്നത്. അതുകൊണ്ട് ഇതൊന്നും എന്റെ ഡ്രാമയല്ല. എനിക്ക് ശിക്ഷ കിട്ടുകയാണെങ്കിൽ അത് ഞാൻ അനുഭവിച്ചോളാം. ഓക്കെ.'
അതേസമയം, സ്വപന സുരേഷിന്റെ രഹസ്യമൊഴി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന കേസിൽ ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ തീർപ്പാക്കി. ഷാജ് കിരണും ഇബ്രാഹിമും നിലവിൽ പ്രതികൾ അല്ലെന്ന് സർക്കാർ കോടിതിയിൽ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയത്. ആവശ്യമെങ്കിൽ ഇരുവരേയും പൊലീസിന് നോട്ടീസ് നൽകി വിളിപ്പിക്കാം എന്ന് കോടതി പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മർദ്ദം ചെലുത്തിയെന്നാണ് കേസ്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഹർജി സമർപ്പിച്ചിരുന്നത്. അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകാൻ തയാറാണെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയിൽ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തിൽ കൃത്രിമം കാട്ടിയെന്നുമാണ് ഷാജ് കിരൺ ആരോപിച്ചിരുന്നു.
കേരളം വിട്ട ഷാജിനോടും ഇബ്രാഹിമിനോടും ഉടൻ ഹാജരാകാൻ പൊലീസ് അറിയിച്ചുവെന്നാണ് വിവരം. എന്നാൽ സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ ലഭിച്ചാലുടൻ കേരളത്തിൽ എത്തുമെന്ന് ഷാജ് കിരൺ പൊലീസിനെ അറിയിച്ചു. അതേസമയം, മുൻ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് ഗൂഢാലോചന, കലാപശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തി പി സി ജോർജ്ജ്, സ്വപ്ന സുരേഷ് എന്നിവരെ പ്രതികളാക്കി കേസ് എടുത്തിട്ടുണ്ട്. എന്നാൽ മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ രഹസ്യ മൊഴി നൽകിയതിലുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് സ്വപ്നയുടെ വാദം.
മറുനാടന് മലയാളി ബ്യൂറോ