- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സ്വപ്ന സുരേഷിന്റേത് വ്യാജ ബിരുദ സർട്ടിഫിക്കറ്റാണെന്ന് മഹാരാഷ്ടയിലെ സർവ്വകലാശാലയിൽ നിന്നും ഔദ്യോഗിക അറിയിപ്പ്; ഇനി സർവ്വകലാശാലയിൽ നേരിട്ടുള്ള പരിശോധന; സർട്ടിഫിക്കറ്റ് എവിടെ നിർമ്മിച്ചു ആരൊക്കെ പങ്കാളികളായി എന്നും കണ്ടെത്തും; സ്വപ്നയെ പൂട്ടാൻ കൺറ്റോൺമെന്റ് പൊലീസിന് മറ്റൊരു ആയുധവും; ക്യാമറയിലെ മൊഴി ശിവശങ്കറിനെ രക്ഷിക്കുമോ?
തിരുവനന്തപുരം. സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വ്യാജ ബിരുദ സർട്ടിഫിക്കറ്റിൽ അന്വേഷണത്തിനായി പൊലീസ് ഉടൻ മഹാരാഷ്ട്രയിലേക്ക് പോകും. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്റെ ഒറ്റ ഫോൺ വിളിയിലാണ് തനിക്ക് ഐടി വകുപ്പിൽ നിയമനം ലഭിച്ചതെന്നും അഭിമുഖ പരീക്ഷ പോലും ഉണ്ടായിരുന്നില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു ഇക്കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് മഹാരാഷ്ട്രയിലെ ബാബ സാഹേബ് അംബേദ്കർ ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിലേക്ക് പോകാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം.സർവ്വകലാശാലയുമായി കന്റോൺമെന്റ് പൊലീസ് നടത്തിയ കത്തിടപാടിൽ സ്വപ്നയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സ്ഥിരീകരിച്ച് അവർ മറുപടി നല്കിയിട്ടുണ്ട് . ഇങ്ങനെയൊരു കത്ത് ലഭിച്ചിട്ടുണ്ടെന്ന് കന്റോൺമെന്റ് സി ഐ ബി.ഷാഫിയും സ്ഥിരീകരിച്ചു.
സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അന്വേഷണം ഊർജിതമാക്കാൻ പൊലീസ് നീക്കമാരംഭിച്ചത്. ഐടി വകുപ്പിനു കീഴിലെ സ്പേസ് പാർക്കിൽ സ്വപ്ന നിയമനം നേടിയത് വ്യാജ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സ്വപ്ന തന്നെയാണ് സർട്ടിഫിക്കറ്റുകൾ വ്യാജമായി തയാറാക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇതിന് സ്വപ്നയെ ആരൊക്കെ സഹായിച്ചു അന്തർസംസ്ഥാന വ്യാജ സർട്ടിഫിക്കറ്റ് ലോബിക്ക് ഇതിൽ ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളു പൊലീസ് പരിശോധിക്കും. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കർ ടെക്നോളിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൊമേഴ്സിൽ ബിരുദം നേടിയെന്ന തരത്തിലായിരുന്നു വ്യാജ രേഖകൾ.
2009 മുതൽ 11 വരെയുള്ള കാലയളവിൽ പഠനം പൂർത്തിയാക്കിയെന്നാണ് രേഖ. ഐപിസി 198, 464, 468, 471 എന്നിവയും ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ ലംഘനവും ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. രേഖകൾ വ്യാജമെന്ന് യൂണിവേഴ്സിററി തന്നെ സ്ഥരീകരിച്ചെങ്കിലും സർവകലാശാലയിൽ നേരിട്ടെത്തിയുള്ള പരിശോധനയ്ക്ക് മഹാരാഷ്ട്രയിലേക്ക് പോകാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. വ്യാജരേഖകൾ തയാറാക്കിയത് എവിടെയെന്ന് കണ്ടെത്തേണ്ടതുമുണ്ട്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു സ്വപ്നയ്ക്ക് സ്പെയ്സ് പാർക്കിൽ നിയമനം.
സ്പെയ്സ് പാർക്കിന്റെ കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പറാണ് സ്വപ്നയെ തെരഞ്ഞെടുത്തത്. വ്യാജ രേഖ ചമച്ച് ജോലി നേടിയ സ്വപ്ന സുരേഷ് 16 ലക്ഷം രൂപയായിരുന്നു ശമ്പളയിനത്തിൽ വാങ്ങിയത്. സ്വർണകടത്ത് കേസിന് പിന്നാലെയാണ് സ്വപ്നയുടെ നിയമനവും വ്യാജരേഖയും പുറത്ത് വരുന്നത്. പുതിയ വിവാദങ്ങൾ കത്തിനിൽക്കുന്നതിനിടെയാണ് കേസിലെ കുറ്റപത്രം ഉടൻ സമർപ്പിച്ചേക്കുമെന്നാണ് സൂചന. അന്വേഷണ സംഘത്തിന് മേൽ ഇത്തരത്തിൽ സമ്മർദ്ദം ഉണ്ടെന്നാണ് സൂചന.
വ്യാജ സർട്ടിഫിക്കറ്റെന്ന് അറിഞ്ഞു കൊണ്ട് ശിവശങ്കറാണ് ജോലി നൽകിയതെന്ന് സ്വപ്ന ആരോപിച്ചിരുന്നു. വെളിപ്പെടുത്തൽ പ്രകാരം ശിവശങ്കറും വ്യാജ രേഖാ നിർമ്മാണത്തിൽ പ്രതിയാകേണ്ടതാണ്. എന്നാൽ ഉടൻ അത്തരം നീക്കമുണ്ടാവില്ല. കാരണം കേസിന്റെ തുടക്കത്തിൽ ജയിലിലെത്തി സ്വപ്നയുടെ വിശദ മൊഴിയെടുത്തിരുന്നു. കാമറയിൽ ചിത്രീകരിച്ച ആ മൊഴിയിലെവിടെയും സ്വപ്ന ശിവശങ്കറിന്റെ പേര് പറയുന്നില്ല.
ചീഫ് സെക്രട്ടറി നടത്തിയ വകുപ്പ് തല അനോഷണത്തിലും വ്യാജ രേഖാ നിർമ്മാണത്തിൽ ശിവശങ്കറിന് പങ്കെന്ന് കണ്ടെത്തലില്ല. അതിനാൽ കൂടുതൽ തെളിവ് ശേഖരിച്ച ശേഷമേ തീരുമാനമുണ്ടാകു.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്