- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡിയും കസ്റ്റംസും ശിവശങ്കറിനെ പ്രതിയാക്കി; എല്ലാം സ്വപ്ന പറഞ്ഞിട്ടും കേട്ടില്ലെന്ന് നടിച്ച് എൻഐഎ മാത്രം വെറുതെ വിട്ടു; യുഎപിഎ വകുപ്പിൽ നിന്ന് രക്ഷപ്പെട്ടത് കേസ് ഭീകര വിരുദ്ധ ഏജൻസിയെ എത്തിച്ചതിനു പിന്നിലെ മാസ്റ്റർ ബ്രെയിനോ? സ്വർണ്ണ കടത്തിൽ പുനരന്വേഷണത്തിന് ഇഡി; ലൈഫ് മിഷനിൽ സിബിഐയ്ക്കും സ്വപ്നയുടെ വെളിപ്പെടുത്തൽ പുതിയ ആയുധം
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തുടരന്വേഷണ സാധ്യത തേടുന്നു. അതിനിടെ എൻഐഎ അന്വേഷണത്തിൽ സംശയവും ഉയർന്നു കഴിഞ്ഞു. പ്രധാന പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വിലയിരുത്തുമ്പോൾ സ്വർണ്ണ കടത്തിന് പിന്നിൽ ശിവശങ്കറിനും പങ്കുണ്ടെന്ന് വ്യക്തമാണ്. കസ്റ്റംസിൽ ഇടപെടലും നടത്തി. എന്നാൽ എൻഐഎ കേസിൽ മാത്രം ശിവശങ്കർ പ്രതിയായില്ല. ഇത് ദുരൂഹമായി മാറുകയാണ്.
സ്വർണ്ണ കടത്ത് വെറുമൊരു കസ്റ്റംസ് കേസാണ്. അതിലേക്ക് എൻഐഎയെ എത്തിച്ചത് ശിവശങ്കറിന്റെ ഇടപെടലാണെന്ന് സ്വപ്‌നാ സുരേഷ് ആരോപിച്ചിരുന്നു. തന്നെ നിശബ്ദയാക്കി കേസിൽ അകത്തിടാനുള്ള നീക്കം. സ്വർണ്ണ കടത്തു കേസ് സ്വപ്‌നയിൽ അവസാനിക്കണമെന്ന സന്ദേശം ശിവശങ്കർ നൽകിയെന്നും അവർ വെളിപ്പെടുത്തിയിരുന്നു. പ്രതികളെ രക്ഷിക്കാൻ ശ്രമിച്ചതും ശിവശങ്കറാണെന്ന് വെളിപ്പെടുത്തലുണ്ട്. ലൈഫ് മിഷനിലെ കമ്മീഷനിലും സ്വപ്‌ന തുറന്നു പറച്ചിൽ നടത്തുന്നു. എല്ലാ അന്വേഷണ ഏജൻസികളോടും അവർ ഇത് നേരത്തെ പറഞ്ഞതുമാണ്. എന്നിട്ടും എൻഐഎ മാത്രം ശിവശങ്കറിനെ കേസിൽ പ്രതിയാക്കിയില്ലെന്നതാണ് വസ്തുത.
ഇതിന് പിന്നിൽ എൻഐഎയിൽ ശിവശങ്കറിന് സ്വാധീനമുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനിടെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കൊച്ചി ജോയിന്റ് ഡയറക്ടർ തുടരന്വേഷണ സാധ്യത ആരാഞ്ഞു വിശദമായ റിപ്പോർട്ട് ന്യൂഡൽഹിയിലെ ഇഡി ആസ്ഥാനത്തു സമർപ്പിക്കുന്നത്. കേസന്വേഷണത്തിന്റെ മേൽനോട്ട ചുമതല ഉണ്ടായിരുന്ന ഇഡി സ്‌പെഷൽ ഡയറക്ടർക്കാണു റിപ്പോർട്ട് നൽകുക. സ്വപ്ന കോടതിയിൽ നൽകിയ 164 സ്റ്റേറ്റ്‌മെന്റിലെ വിവരങ്ങളും ചോദ്യം ചെയ്യലിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു കൈമാറിയ ചില കാര്യങ്ങളുമാണ് ഇപ്പോൾ പരസ്യമാക്കിയത്.
സ്വപ്ന സുരേഷിന്റെ തുറന്നുപറച്ചിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു കരുത്താകുകയാണ്. സ്വർണക്കടത്തു കേസ് അന്വേഷണത്തിനു തടയിടാൻ സർക്കാർ പൊലീസിനെയും ക്രൈംബ്രാഞ്ചിനെയും ഉപയോഗിച്ചെന്ന ഇഡിയുടെ ആരോപണത്തിനു തെളിവാകുകയാണു സ്വപ്നയുടെ തുറന്നുപറച്ചിലുകൾ. ഇതെല്ലാം കേന്ദ്ര സർക്കാർ ഗൗരവത്തോടെ എടുത്താൽ പിണറായി സർക്കാർ പ്രതിക്കൂട്ടിലാകും. ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടാകും നിർണ്ണായകം.
മുഖ്യമന്ത്രിയെ കേസിലേക്കു വലിച്ചിഴയ്ക്കാൻ ഇഡി ഉദ്യോഗസ്ഥർ ശ്രമിച്ചതായി 2 കേസുകളാണു ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തത്. ഇത് ഇഡിയും സംസ്ഥാന സർക്കാരും തമ്മിലുള്ള നിയമ പോരാട്ടത്തിനും വഴിവച്ചു. ഈ കേസുകളിൽ ഇഡിക്ക് എതിരായുള്ള എഫ്‌ഐആർ ഹൈക്കോടതി പിന്നെ റദ്ദാക്കിയെങ്കിലും വിടാൻ കൂട്ടാക്കാതെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയി. മുഖ്യമന്ത്രിയുടെ പേരു പറയാൻ അന്വേഷണ ഉദ്യോഗസ്ഥർ തനിക്കു മേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്നും രക്ഷിക്കാമെന്നു ശിവശങ്കർ പറഞ്ഞു എന്നറിയിച്ച് ഡ്യൂട്ടി പൊലീസ് ഉദ്യോഗസ്ഥയാണു തന്നെക്കൊണ്ട് അപ്രകാരം പറയിപ്പിച്ചതെന്നുമാണു സ്വപ്നയുടെ വെളിപ്പെടുത്തൽ.
സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയായ സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ കണക്കിലെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസികൾ തുടരന്വേഷണം ആരംഭിക്കണം. വ്യാജരേഖ തയാറാക്കി സ്വപ്ന സുരേഷിന് ഐടി വകുപ്പിൽ നിയമനം തരപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കർ ആണെന്നത് ഗൗരവമായ വെളിപ്പെടുത്തലാണ്. ക്രിമിനൽ കേസുകളിൽ നിന്നു കുറ്റവിമുക്തനാകാത്ത ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിച്ചത് സർക്കാരിന്റെ ഗുരുതരമായ കൃത്യവിലോപമാണ്.
മുഖ്യമന്ത്രിയെ കേസിൽപ്പെടുത്താൻ ഇഡി ശ്രമിക്കുന്നുവെന്ന ശബ്ദരേഖ റെക്കോർഡ് ചെയ്തു പൊലീസ് പുറത്തുവിട്ടെന്നു സ്വപ്ന ആരോപിക്കുന്നു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്ന കേസിൽ ഇഡിക്ക് സ്വപ്‌നയുടെ വെളിപ്പെടുത്തൽ ചർച്ചയാക്കും. കേസ് അട്ടിമറിക്കാൻ കൂട്ടുനിന്നവർ, ഇഡിയുടെ കസ്റ്റഡിയിലിരിക്കുന്ന പ്രതിയെക്കൊണ്ട് ഇപ്രകാരം പറയിപ്പിച്ചു ശബ്ദരേഖ പുറത്തുവിട്ട ആസൂത്രണം എന്നിവ വിശദമായി അന്വേഷിക്കണമെന്ന ആവശ്യവും കേന്ദ്ര ഏജൻസി കോടതിക്കു മുന്നിൽ ഉന്നയിക്കും. ഇതെല്ലം വ്യക്തമാക്കിയാണ് ഇഡി റിപ്പോർട്ട് നൽകുന്നത്.
ഈ കേസ് അന്വേഷണത്തിന് സിബിഐയെ എത്തിക്കാനാണ് നീക്കം. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളോടുള്ള പിണറായി സർക്കാരിന്റെ മൗനം കുറ്റസമ്മതമാണ്. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ കേരള പൊലീസാണു തന്റെ പേരിൽ വ്യാജ ശബ്ദരേഖയുണ്ടാക്കിയതെന്ന സ്വപ്നയുടെ തുറന്നുപറച്ചിൽ ഗൗരവതരമാണ്. വ്യാജ ശബ്ദരേഖ സൃഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം എന്നും കോടതിയിൽ ഇഡി ആവശ്യപ്പെടും.
ലൈഫ് മിഷൻ കേസിലെ സിബിഐ അന്വേഷണവും സർക്കാർ ഇടപെട്ടു കോടതിയിൽ തടഞ്ഞിരിക്കുകയാണ്. അതിനെതിരെ സുപ്രീം കോടതിയിൽ വരെ സിബിഐ പോയിരുന്നു. സംസ്ഥാന സർക്കാർ നേരിട്ടു നടത്തേണ്ടിയിരുന്ന ലൈഫ് പദ്ധതി അട്ടിമറിച്ചു യുഎഇ കോൺസൽ ജനറലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറും ചേർന്നു കമ്മിഷൻ തട്ടാൻ വേണ്ടി യൂണിടാക്കിനു നൽകുകയായിരുന്നുവെന്ന സ്വപ്നയുടെ വെളിപ്പെടുത്തൽ ആ കേസിലും നിർണ്ണായകമാണ്. ഈ കേസിൽ സിബിഐ എടുക്കുന്ന നിലപാട് ഇനിയും പുറത്തു വന്നിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ