കൊച്ചി: സ്വപ്‌നാ സുരേഷിന് സുരക്ഷാ ഭടന്മാരെ നിയോഗിച്ചതിന് പിന്നിൽ കേന്ദ്രമന്ത്രി അമിത് ഷായുമായി അടുപ്പമുള്ള പരിവാർ നേതാവിന്റെ ഇടപെടൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതിവേഗ കേരള സന്ദർശനവും ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 21ന് മോദിയെ കേരളത്തിൽ എത്തിക്കുന്നതിന് പിന്നിലും ചരടു വലിച്ചതും ഈ യുവ പരിവാർ നേതാവാണ്. സ്വപ്‌നാ സുരേഷിന്റെ മൊഴിയും തുടർന്നുണ്ടായ രാഷ്ട്രീയ കോളിളക്കവുമെല്ലാം കേന്ദ്രം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. മോദി കേരളത്തിലേക്ക് എത്തിയാൽ സ്വർണ്ണ കടത്ത് കേസിൽ എന്തു പറയുമെന്നതും നിർണ്ണായകമാണ്. വികസന പദ്ധതികളുടെ ഉദ്ഘാടനത്തിനൊപ്പം ബിജെപിയുടെ രാഷ്ട്രീയ പരിപാടികളിലും മോദി പങ്കെടുക്കുമെന്നാണ് സൂചന. എന്നാൽ മോദി കേരളത്തിൽ എത്തുന്നതിനെ കുറിച്ച് ഔദ്യോഗിക അറിയിപ്പൊന്നും കേരളാ പൊലീസിന് കിട്ടിയിട്ടുമില്ല.

സ്വർണ്ണ കടത്തിലെ സ്വപ്നാ സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെ എടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നുണ്ട്. പരിവാർ ബന്ധമുള്ള വിശ്വസ്തനെ കാര്യങ്ങൾ നിരീക്ഷിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിയോഗിച്ചതും നിർണ്ണായകമായ നീക്കങ്ങൾക്ക് വേണ്ടിയാണ്. സ്വപ്നാ സുരേഷിനെതിരായ പുതിയ കേസ് റദ്ദാക്കാനുള്ള അപേക്ഷ ഹൈക്കോടതി നിരസിച്ചാൽ അപ്പീലുമായി സുപ്രീംകോടതിയിലും എത്തും. ഈ കേസിനെ ദേശീയ തലത്തിൽ ചർച്ചയാക്കാനാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ ഉയർന്ന ആക്ഷേപവും ദേശീയ തലത്തിലേക്ക് എത്തിക്കാൻ മോദിയുടെ കേരള സന്ദർശനത്തിലൂടെ കഴിയുമെന്നാണഅ വിലയിരുത്തൽ.

ഇഡിയും സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴി പരിശോധിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മൊഴിയിൽ ആരോപണ നിഴലിൽ നിൽക്കുന്നവരെ എല്ലാം ചോദ്യം ചെയ്യും. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയേയും മകളേയും ചോദ്യം ചെയ്യും. മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ മൊഴിയും രേഖപ്പെടുത്തും. സത്യം മാത്രം പറയുന്ന നളിനി നെറ്റോയെ ആർക്കും സ്വാധീനിക്കാൻ കഴിയില്ല. ഇത് കേസിൽ നിർണ്ണായക വഴിത്തിരിവാകുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. അതിവേഗ ചോദ്യം ചെയ്യലുകൾ കേസിൽ ഉണ്ടാകില്ലെന്നും സൂചനകളുണ്ട്.

തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തൽ സാധൂകരിക്കുന്ന തെളിവുകൾ യു.എ.ഇ കോൺസുൽ ജനറലായിരുന്ന ജമാൽ അൽ സാബിയുടെ ബാഗിൽ നിന്ന് പിടിച്ചെടുത്ത പത്ത് മൊബൈൽ ഫോണുകളിൽ നിന്നും രണ്ട് പെൻഡ്രൈവുകളിൽ നിന്നും കേന്ദ്ര ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. സ്വർണം, ഡോളർ കടത്തിലെ നിർണായക തെളിവുകളും രാഷ്ട്രീയ ഉന്നതരുടെ ശുപാർശയിൽ അയോഗ്യർക്ക് വിസ നൽകിയതിനടക്കം ഈ മൊബൈലുകളിൽ തെളിവുണ്ട്. മൂന്നു വർഷത്തിനിടെ അൽ-സാബി ഉപയോഗിച്ചിരുന്നവയാണ് പിടിച്ചെടുത്ത പത്ത് ഫോണുകൾ. ഇടയ്ക്കിടെ ഫോൺ മാറുന്ന പതിവ് അൽ സാബിക്കുണ്ടായിരുന്നു. ഡോളർ കടത്തിലെ രേഖകളടക്കം പെൻഡ്രൈവിലുണ്ട്. ഇതെല്ലാം കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്.

ബിജെപിയും അതിശക്തമായ പ്രതിഷേധമാണ് സ്വർണ്ണ കടത്തിൽ നടത്തുന്നത്. : മുഖ്യമന്ത്രി പിണറായി വിജയന്റ കറുപ്പ് നിരോധനത്തിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് മഹിളാമോർച്ചാ ഇന്നും പ്രതിഷേധ മാർച്ച് നടത്തി. കറുത്ത സാരിയും മാസ്‌കും ധരിച്ച് ക്ലിഫ് ഹൗസിന് മുന്നിലായിട്ടായിരുന്നു മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ച്. സംഭവത്തിൽ നാല് വനിതാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയാണ് മുഖ്യമന്ത്രിയെ കടത്തിവിട്ടത്. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്താണ് മഹിളാമോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. കൂടാതെ മുഖ്യമന്ത്രിക്ക് നേരെ ഇവർ കരിങ്കൊടിയും ഉയർത്തി. ഇതോടെ പത്തോളം മഹിളാമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സംഭവത്തിൽ നാല് യുവമോർച്ച പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലിഫ് ഹൗസ് പരിസരത്ത് പല വഴികളിലായി നിന്ന പ്രതിഷേധക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കറുപ്പ് മാസ്‌ക് നിരോധനം വിവാദമായതിന്റെ പശ്ചാത്തലത്തിൽ പിണറായിയുടെ ജന്മനാട്ടിൽ ഉൾപ്പടെ വ്യാപക പ്രതിഷേധമാണ് അരങ്ങേറുന്നത്. തലസ്ഥാനത്ത് ഇന്ന് രണ്ട് പൊതുപരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രിക്ക് മുൻ ദിവസങ്ങളിലേപോലെ തന്നെ വൻ പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ ക്രമസമാധാനത്തിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ആശങ്കകളുണ്ട്. ഇക്കാര്യത്തിൽ കേന്ദ്രത്തിന് ഗവർണ്ണർ റിപ്പോർട്ട് നൽകിയേക്കും. സിപിഎമ്മുകാർ കൂടി പ്രതിഷേധത്തിന് ഇറങ്ങി അക്രമം വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഇതെല്ലാം.

സ്വപ്ന സുരേഷ്. സുരക്ഷയ്ക്കായി രണ്ട് ബോഡിഗാർഡുകളെ നിയോഗിച്ചിട്ടുണ്ട്. ഇരുവരും മുഴുവൻ സമയവും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകും. സ്വകാര്യ ഏജൻസിയാണ് സ്വപ്നയുടെ സുരക്ഷ ഏറ്റെടുത്തിരിക്കുന്നതെന്നാണ് വിവരം. ഇതിന് പിന്നിൽ കേന്ദ്ര ബിജെപിയുടെ ഇടപെടലാണെന്നാണ് സൂചന.