കൊച്ചി: സ്വപ്‌ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ അവർക്കെതിരെ വലിയ ഭീഷണികൾ നിൽക്കുന്നുണ്ട്. ഇതിനിടെയാണ് സുരക്ഷ തേടി സ്വപ്ന കോടതിയെ സമീപിച്ചത്. കേന്ദ്ര ഏജൻസികളുടെ സുരക്ഷ വേണമെന്ന നിലപാടാണ് സ്വപ്‌ന അറിയിച്ചത്. എന്നാൽ, ഈ ആവശ്യം കേന്ദ്ര ഏജൻസികൾ തള്ളുകയും ചെയ്യുന്നു.

നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള ആഭ്യന്തര സംവിധാനമോ അധികാരമോ ഇല്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിചാരണക്കോടതിയെ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കേന്ദ്രസർക്കാരിനു വേണ്ടി കേസുകൾ അന്വേഷിക്കാൻ മാത്രം ചുമതലപ്പെട്ട ഏജൻസിയാണ് ഇഡി.

അന്വേഷണത്തിന്റെ ഭാഗമായി സുരക്ഷാ പ്രശ്‌നങ്ങൾ ഉരുത്തിരിയുമ്പോൾ സംസ്ഥാന പൊലീസിനെ ആശ്രയിക്കുന്നതാണു പതിവു രീതിയെന്നും സ്വപ്നയുടെ ഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇഡി ബോധിപ്പിച്ചു. സ്വപ്നയുടെ ഹർജിയിൽ കേന്ദ്രസർക്കാർ കക്ഷിയല്ലെന്നും ഇഡി ചൂണ്ടിക്കാട്ടി.

കേരള പൊലീസിനെയും സംസ്ഥാന സർക്കാരിനെയും വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടിയാണു സ്വപ്ന സുരേഷ് കേന്ദ്ര ഏജൻസിയുടെ സുരക്ഷ ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചത്. ഹർജിയിൽ ജൂലൈ 8നു കോടതി വിധി പറയും. കേസുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ മജിസ്‌ട്രേട്ട് കോടതി മുൻപാകെ രഹസ്യമൊഴി നൽകിയ ശേഷമാണു ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി സ്വപ്ന കേന്ദ്ര ഏജൻസിയുടെ സുരക്ഷ ആവശ്യപ്പെട്ടു ഹർജി സമർപ്പിച്ചത്

നിലവിൽ സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ബോഡിഗാർഡുകശളെയാണ് സ്വപ്‌ന നിയോഗിച്ചിരിക്കുന്നത്. ഇവർ മുഴുവൻ സമയവും സ്വപ്‌നയ്‌ക്കൊപ്പം ഉണ്ടാകും. തന്നോടൊപ്പമുള്ളത് അംഗരക്ഷകരല്ലെന്നും സഹായികളാണെന്നുമാണ് സ്വപ്‌ന ഇവരെ കുറിച്ച് പറഞ്ഞത്.