- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയെ പ്രകോപിപ്പിച്ചാൽ 'ആ ഫോട്ടോ' പുറത്തു വരുമോ? ബ്രഹ്മാസ്ത്ര ഭയത്തിൽ കരുതലോടെ മാത്രം മുഖ്യമന്ത്രിയും സിപിഎമ്മും; പിണറായിയുടെ ഭാര്യയേയും മകളേയും കേന്ദ്ര ഏജൻസികൾക്ക് ചോദ്യം ചെയ്യേണ്ടി വരും
തിരുവനന്തപുരം: വീണ്ടും സ്വപ്നാ സുരേഷ്. ഇതുവരെ പറയാത്തത് പലതുമാണ് സ്വപ്ന പറയുന്നത്. എന്നാൽ പറഞ്ഞതുമായി വൈരുദ്ധ്യവുമില്ല. തൃക്കാക്കര തോൽവിക്ക് പിന്നാലെ സ്വപ്ന വീണ്ടും തുറന്നു പറച്ചിൽ നടത്തുമ്പോൾ കരുതലോടെ മാത്രമേ സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിക്കൂ. സ്വപ്നയെ നോവിച്ചാൽ അവർ ബ്രഹ്മാസ്ത്രം പുറത്തു വിടുമോ എന്ന ഭയം ചില കേന്ദ്രങ്ങൾക്കുണ്ട്. ശിവശങ്കറിന്റെ പുസ്തകം എഴുത്തു വിവാദമായപ്പോൾ സ്വപ്ന ആദ്യമായി പ്രതികരിച്ചു. ഇനിയും എഴുത്തു തുടർന്നാൽ ഫോട്ടോ വച്ച് താനും എഴുതുമെന്നായിരുന്നു സ്വപ്നയുടെ വെല്ലുവിളി.
ഭരണത്തെ പോലും അട്ടിമറിക്കാൻ പോന്ന ഫോട്ടോകൾ സ്വപ്നയുടെ കൈയിലുണ്ടെന്ന സംശയം അന്നത്തെ പ്രതികരണങ്ങൾക്കിടെ ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിലും അന്വേഷണം നടക്കട്ടേ.. സത്യം പുറത്തു വരും... എല്ലാം ഗൂഢാലോചന മാത്രം... തുടങ്ങിയ വാക്കുകളിൽ പ്രതികരണങ്ങൾ ഉയർത്തും. കേരളം കണ്ട ഏറ്റവും സത്യസന്ധയായ ഐഎഎസ് ഓഫീസറായിരുന്നു മുൻ ചീഫ് സെക്രട്ടറി കൂടിയായ നളിനി നെറ്റോ. നളിനി നെറ്റോയെ കൂടെ ആരോപണങ്ങളിലേക്ക് സ്വപ്ന കരതുലോടെ കൊണ്ടു വരുന്നു. അതുകൊണ്ട് ഈ വിഷയത്തിൽ ഇപ്പോൾ സർക്കാരുമായി അകലത്തിലുള്ള നളിനി നെറ്റോ പ്രതികരിക്കുമോ എന്നതാണ് നിർണ്ണായകം.
ബാക്കി എല്ലാ പേരും പലപ്പോഴും സ്വർണ്ണ കടത്തിൽ ചർച്ചയായതാണ്. അതുകൊണ്ട് തന്നെ നളിനി നെറ്റോയുടെ പേരിലെ ആരോപണം ഈ കേസിൽ പുതിയ ട്വിസ്റ്റാകും. കേന്ദ്ര ഏജൻസികൾ നളിനി നെറ്റോയെ ചോദ്യം ചെയ്യേണ്ട സാഹചര്യമുണ്ടാകും. അങ്ങനെ വന്നാൽ അത് മുഖ്യമന്ത്രിക്ക് നിർണ്ണായകമായി മാറുകയും ചെയ്യും. സത്യം മാത്രം പറയുന്ന ഉദ്യോഗസ്ഥയായാണ് നളിനി നെറ്റോയെ എന്നും പൊതു സമൂഹം വിലയിരുത്തിയിട്ടുണ്ട്. മന്ത്രിയായിരുന്ന നീലലോഹിത ദാസൻ നാടാരെ വരെ സ്ഥാനഭൃഷ്ടനാക്കിയ ഉദ്യോഗസ്ഥ കരുത്താണ് നളിനി നെറ്റോ. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി കെ ടി ജലീൽ, ശിവശങ്കർ തുടങ്ങിയവർ വീണ്ടും സ്വർണ്ണ കടത്ത് ചർച്ചകളിൽ എത്തുന്നു.
ശിവശങ്കർ പുസ്തകം എഴുതി വിവാദമുണ്ടാക്കിയപ്പോൾ സ്വപ്ന പറഞ്ഞ ചിത്രങ്ങൾ സഹിതമുള്ള എഴുത്തെന്ന വെളിപ്പെടുത്തിലാണ് എല്ലാവരുടേയും ശ്രദ്ധ. അന്ന് ഏതെല്ലാമാണ് ആ ചിത്രങ്ങൾ എന്ന് സ്വപ്ന പറഞ്ഞിരുന്നില്ല. ഉന്നതരായ പലരുമായുള്ള സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങൾ സ്വപ്നയുടെ കൈയിലുണ്ടെന്ന സംശയം ഉയർന്നിരുന്നു. വീണ്ടും സ്വപ്ന എത്തുമ്പോൾ അതിശക്തമായ ഡിജിറ്റൽ തെളിവുകൾ സ്വപ്ന ശേഖരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇനിയുള്ള ഓരോ ചർച്ചകളും വെളിപ്പെടുത്തലുകളും ആരോപണ പ്രത്യാരോപണങ്ങളും കേരള രാഷ്ട്രീയത്തെ നിർണ്ണായകമായി സ്വാധീനിക്കും.
രണ്ടും കൽപ്പിച്ചാണ് താനെന്ന് വ്യക്തമാക്കിയാണ് സ്വപ്നാ സുരേഷിന്റെ മാധ്യമങ്ങളെ കാണൽ. സ്വർണക്കടത്ത് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് എത്തുമ്പോൾ കേരളത്തിലെ ചർച്ചകളും ആ വഴിക്ക് മാറും. ജീവന് ഭീഷണിയുള്ളതിനാലാണ് ഇപ്പോൾ രഹസ്യമൊഴി നൽകിയതെന്നും കേസുമായി ബന്ധമുള്ളവരിൽനിന്നാണ് ഭീഷണിയുള്ളതെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, മുൻ മന്ത്രി കെ.ടി. ജലീൽ എന്നിവരടക്കമുള്ളവർക്കെതിരേ രഹസ്യമൊഴി നൽകിയതായും സ്വപ്ന വെളിപ്പെടുത്തി. ഇവരെയെല്ലാം കേന്ദ്ര ഏജൻസിക്ക് ചോദ്യം ചെയ്യേണ്ടി വരും. ഇത് മുഖ്യമന്ത്രിക്ക് തലവേദന സൃഷ്ടിക്കും. എല്ലാം തീർന്നുവെന്ന് കരുതിയിടത്തു നിന്നാണ് വീണ്ടും സ്വപ്നയുടെ വരവ്. ഇതിന് പിന്നിലെ 'രാഷ്ട്രീയം' സിപിഎം ചർച്ചയാക്കും.
മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്നതൊന്നും പരസ്യമായി സ്വപ്നാ സുരേഷ് പറഞ്ഞിരുന്നില്ല. എന്നാൽ പലതും കേന്ദ്ര ഏജൻസികളോട് പറയുകയും ചെയ്തു. തന്റെ ഓഡിയോ പുറത്തു വന്നതടക്കം കേന്ദ്ര ഏജൻസികൾക്ക് ആശ്വാസമായി മാറിയത് അങ്ങനെയാണ്. ഇനി കോടതികളുടെ നിലപാടും നിർണ്ണായകമാണ്. മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസികൾ കേസിൽ പ്രതിയാക്കുമോ എന്നതാണ് നിർണ്ണായകം. പുതിയ വെളിപ്പെടുത്തൽ സ്വർണ്ണ കടത്തിലെ തുടരന്വേഷണത്തിന് പോന്നതുമാണ്. ഇതിന് കോടതി തടയിടുമോ എന്നതാണ് അറിയേണ്ടത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ സ്വീകരിക്കുന്ന നിലപാടുകൾ ഈ കേസിലും ചർച്ചയാകും.
'മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രൻ, മുന്മന്ത്രി കെ.ടി.ജലീൽ, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവർ എന്തൊക്കെ ചെയ്‌തെന്നുമുള്ളത് രഹസ്യമൊഴിയിൽ നൽകിയിട്ടുണ്ട്. 2016-ൽ മുഖ്യമന്ത്രി ദുബായിൽപോയ സമയത്താണ് ശിവശങ്കർ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് ഞാൻ കോൺസുലേറ്റിൽ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ബാഗ് മറന്നു, എത്രയുംപെട്ടെന്ന് ദുബായിൽ എത്തിക്കണമെന്നായിരുന്നു ആവശ്യം. കോൺസുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതിൽ കറൻസിയായിരുന്നു. കോൺസുലേറ്റിലെ സ്‌കാനിങ് മെഷീനിൽ ആ ബാഗ് സ്‌കാൻ ചെയ്തിരുന്നു. അങ്ങനെയാണ് കറൻസിയാണെന്ന് മനസിലാക്കിയത്. അങ്ങനെയാണ് ഇതെല്ലാം തുടങ്ങുന്നത്.
നിരവധി തവണ കോൺസുൽ ജനറലിന്റെ വീട്ടിൽനിന്ന് ശിവശങ്കറിന്റെ നിർദ്ദേശപ്രകാരം ബിരിയാണി പാത്രങ്ങൾ ക്ലിഫ് ഹൗസിലേക്ക് കൊടുത്തുവിട്ടുണ്ട്. അതിൽ ബിരിയാണി മാത്രമല്ല, ലോഹവസ്തുക്കളും ഉണ്ടായിരുന്നു. എന്റെ മൊഴികളിൽ ഒന്നും വ്യത്യസ്തമായി പറഞ്ഞിട്ടില്ല. ആരെയും വലിച്ചിഴക്കാനോ മറ്റോ എനിക്ക് അജൻഡയില്ല. അന്വേഷണം കാര്യക്ഷമമാകണം. ഇവരുടെ ഇടപെടൽ എല്ലാം കോടതിയാണ് തീരുമാനിക്കേണ്ടത്. ഞാൻ എവിടെയും പോകുന്നില്ല, എല്ലാം നിങ്ങളുടെ മുന്നിൽവന്ന് പറയും. രഹസ്യമൊഴിയിലെ കൂടുതൽകാര്യങ്ങൾ വെളിപ്പെടുത്താനാകില്ല. കോടതിയെ ബഹുമാനിക്കണം. നിങ്ങളല്ലേ സ്വപ്ന സുരേഷിനെ സ്വപ്ന സുരേഷ് ആക്കിയത്. ബാക്കി നിങ്ങൾ അന്വേഷിക്കൂ'- സ്വപ്ന പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി സമ്മർദ്ദം ചെലുത്തിയെന്ന് സ്വപ്ന പറയുന്നതായി നേരത്തെ പുറത്തുവന്നിരുന്നു. എന്നാൽ ജയിലിൽ നിന്നിറങ്ങിയ ശേഷം അങ്ങനെ പറഞ്ഞത് പൊലീസ് സമ്മർദ്ദം ചെലുത്തിയതുകൊണ്ടാണെന്ന് സ്വപ്ന വെളിപ്പിടുത്തിയത്. ഇതേതുടർന്ന് ഇഡി എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. തെളിവ് നശിപ്പിക്കൽ, കേസ് അട്ടിമറിക്കാൻ ശ്രമിക്കൽ എന്നീ കാര്യങ്ങളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ചൊവ്വാഴ്ച വെളിപ്പെടുത്തുമെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കിയിരുന്നു. മൊഴി നൽകിയ ശേഷം പുറത്തിറങ്ങിയ സ്വപ്ന ജീവന് ഭീഷണിയുണ്ടെന്ന് മജിസ്‌ട്രേട്ടിനെ അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ