- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണ്ണ കടത്തിൽ രാജ്യദ്രോഹം നിലനിൽക്കില്ല; യുഎപിഎ തള്ളി സ്വപ്നയ്ക്കും സരിത്തിനും ജാമ്യം നൽകി ഹൈക്കോടതി; എൻഐഎയ്ക്ക് കനത്ത തിരിച്ചടി; ജാമ്യം അനുവദിച്ചതിനെതിരെ അതിവേഗം സുപ്രീംകോടതിയെ സമീപിക്കാൻ കേന്ദ്ര ഏജൻസിയും; നയതന്ത്ര കടത്ത് വെറും കസ്റ്റംസ് കേസായേക്കും; സ്വപ്ന ജയിലിന് പുറത്തേക്ക്

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും പി.എസ്. സരിത്തിനും ജാമ്യം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷയിലാണ് വിധി. 25 ലക്ഷം ജാമ്യത്തുകയായി കെട്ടിവയ്ക്കണം എന്നാണ് ജാമ്യ വ്യവസ്ഥ എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കേസിൽ യുഎപിഎ നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. രാജ്യദ്രോഹ കേസ് ചുമത്തിയതിനെയും കോടതി ചോദ്യം ചെയ്തു. എല്ലാ സ്വർണ്ണക്കടത്തു കേസും രാജ്യദ്രോഹമായാണോ കണക്കാക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം.
പ്രതികൾക്കെതിരെ യു.എ.പി.എ. കുറ്റം നിലനിൽക്കുമെന്നും ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എൻ.ഐ.എ.യുടെ വാദം. ഈ വാദം തള്ളിയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. 25 ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നിലവിൽ കരുതൽ തടങ്കൽ പൂർത്തിയാക്കിയ സ്വപ്നയ്ക്കും സരിത്തിനും ഈ തുക കെട്ടിവച്ചാൽ പുറത്തിറങ്ങാം. മറ്റുപ്രതികളായ കെ.ടി. റമീസ്, ജലാൽ തുടങ്ങിയവർ കരുതൽ തടങ്കലിലാണ്. ഈ മാസം അവസാനത്തോടെ ഇവർക്കും ജയിലിൽനിന്ന് പുറത്തിറങ്ങാനാകും.
എൻ.ഐ.എ. രാജ്യത്ത് രജിസ്റ്റർ ചെയ്ത ആദ്യത്തെ സ്വർണക്കടത്ത് കേസായിരുന്നു തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴിയുള്ളത്. കേസിന്റെ കുറ്റപത്രവും കോടതിയിൽ സമർപ്പിച്ചിരുന്നു. പിന്നാലെയാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇപ്പോഴത്തെ കോടതിവിധി ഇത് എൻഐഎയ്ക്ക് വലിയ തിരിച്ചടിയാണ്.
യുഎപിഎ കേസ് മാത്രമേ എൻഐഎയ്ക്ക് അന്വേഷിക്കാൻ കഴിയൂ. അതുകൊണ്ട് തന്നെ വലിയ തിരിച്ചടിയാണ് ഈ കേസിലെ വിധി. ഇതോടൊപ്പം സ്വർണ്ണക്കടത്തിൽ ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ഉൾപ്പെടെയുള്ള 5 പ്രതികളുടെ ജാമ്യഹർജികളിലും കോടതി അനുകൂല വിധി പറഞ്ഞു. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ കാഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു.
കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികൾ ജാമ്യ ഹർജിയിൽ വാദിച്ചിരുന്നു. അതേസമയം പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കി. എന്നാൽ, ഇതെല്ലാം തള്ളിയാണ് കോടതി വിധി പറഞ്ഞിരിക്കുന്നത്. സ്വപ്ന അട്ടകുളങ്ങര വനിതാ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. അറസ്റ്റിലായി ഒരു വർഷത്തിന ശേഷമാണ് സ്വപ്ന സുരേഷിന് ജാമ്യം ലഭിക്കുന്നത്.
സ്വപ്ന സുരേഷ് ജയിൽ മോചിതയായി പുറത്തിറങ്ങുമ്പോൾ എന്താണ് പറയുക എന്നതാകും നിർണായകമായ കാര്യം. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിൽ തുടർച്ചയായി ഇടപെട്ടെന്നും, ഇനിയും കള്ളക്കടത്തിൽ ഏർപ്പെട്ടേക്കമെന്നുമുള്ള കസ്റ്റംസ് ശുപാർശയിലായിരുന്നു സ്വപ്ന സുരേഷിനെ കൊഫെപോസ ബോർഡ് 1 വർഷത്തെ കരുതൽ തടങ്കലിന് ശിക്ഷിച്ചത്. സ്വപ്ന സുരേഷിന് പുറമെ സന്ദീപ് നായർ, സരിത് അടക്കമുള്ള കൂട്ട് പ്രതികളെയും തടങ്കലിലാക്കി. എന്നാൽ, കൊഫെപോസ ചുമത്തിയത് നിയമ വിരുദ്ധമായെന്ന് ചൂണ്ടികാട്ടി സ്വപ്ന സുരേഷിന്റെ അമ്മ കുമാരി പ്രഭ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കൊഫെപോസ ചുമത്താൻ ചൂണ്ടികാട്ടിയ കാരണങ്ങൾക്ക് അനുബന്ധ രേഖകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസികൾക്ക് കഴിഞ്ഞില്ലെന്നായിരുന്നു പ്രധാന വാദം. തുടർച്ചയായി സ്വർണ്ണക്കടത്ത് നടത്തിയെന്നത് മൊഴികൾ മാത്രമാണെന്നും എതിർഭാഗം വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാർ അടങ്ങിയ ഡിവിഷൻ ബഞ്ച് നേരത്തെ തടങ്കൽ റദ്ദാക്കിയത്.


