- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്ന സുരേഷും കെ ടി റമീസും ഒരേ സമയം ആശുപത്രിയിൽ എത്തിയത് എങ്ങനെ? ഇരുവരുടെയും അസുഖങ്ങളിൽ അസ്വഭാവികത കണ്ട് അന്വേഷണ ഏജൻസികൾ; ജയിൽവകുപ്പ് അധികൃതർ വിയ്യൂർ ജയിൽ മെഡി.ഓഫിസറോട് റിപ്പോർട്ട് തേടി; സ്വപ്നയ്ക്ക് വന്നത് നെഞ്ചുവേദനയും ഛർദിയും; റമീസിനു ആശുപത്രിയിലാക്കിയത് വയറുവേദനയയെ തുടർന്നും; ചികിത്സയിൽ ഇരിക്കവേ ഇടത് സംഘടനയിലെ നഴ്സുമാരുടെ ഫോൺ ഉപയോഗിച്ച് സ്വപ്ന പല ഉന്നതരെയും വിളിച്ചതായി ആരോപണം
തൃശൂർ: സ്വർണ്ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും കെ ടി റമീസും ഒരേ സമയം ആശുപത്രിയിൽ ചികിത്സ തേടിയതിൽ അസ്വഭാവികത കണ്ട് അന്വേഷണ ഏജൻസികൾ. സംഭവം വിവാദമാകുന്ന ഘട്ടം വന്നതോടെ ജയിൽ വകുപ്പും റിപ്പോർട്ടു തേടി. വിയ്യൂർ ജയിൽ മെഡിക്കൽ ഓഫിസറോടാണ് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയത്. തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി സംസാരിച്ച ശേഷം റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യം. ഇതിനായുള്ള മെഡിക്കൽ ബോർഡ് യോഗം ചേർന്നു.
റമീസിന്റെ ആശുപത്രി വാസവുമായി ബന്ധപ്പെട്ട് വലിയ അസ്വാഭാവികതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. റമീസിന് ഇതുവരെ കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. ഇന്നലെ ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ റമീസിന് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തൃശൂർ മെഡിക്കൽ കോളജിലേക്കാണ് ഇരുവരേയും കൊണ്ടുവന്നിരിക്കുന്നത്. നെഞ്ചുവേദനയും ഛർദിയും ഉണ്ടായതിനെ തുർന്നാണ് സ്വപ്ന സുരേഷിനെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വനിതാസെല്ലിലെ 16 -ാം നമ്പർ വാർഡിലാണ് പ്രവേശിപ്പിച്ചത്. കേസിലെ മറ്റൊരുപ്രതി റമീസിനേയും ഇന്നലെ പരിശോധനയ്ക്കു കൊണ്ടുവന്നു. വയറുവേദനയെ തുടർന്നായിരുന്നു.
ഈയിടെ സ്വപ്നയ്ക്ക് അമിത ഉൽക്കണ്ഠ മൂലം ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറുദിവസത്തെ വിശദനിരീക്ഷണത്തിനു ശേഷം ശനിയാഴ്ച്ചയാണ് ഡിസ്ചാർജ് ചെയ്തത്. ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് പ്രത്യേക മെഡി.ബോർഡ് യോഗം ചേർന്ന് വിലയിരുത്തിയിരുന്നത്. തുടർന്ന് കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയോടെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റി.
ഇന്നലെ വൈകീട്ട് സ്വപ്ന വീണ്ടും ചികിത്സ തേടുകയായിരുന്നു. കനത്ത പൊലീസ് കാവലിൽ സുരക്ഷയെരുക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. കോവിഡ്പരിശോധനയും നടത്തി. ഡോക്ടർമാർ ചർദിയുടെ വിവരങ്ങൾ ചോദിച്ചറിഞ്ഞ് മരുന്നു നൽകി. ഇ.സി.ജി.യിൽ നേരിയ വ്യതിയാനം കണ്ടതിനെ തുടർന്ന് കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിലെ 16 -ാ0 വാർഡിലെ വനിത ജയിൽ സെല്ലിലേക്ക് മാറ്റി.
ഇന്നു രാവിലെ കാർഡിയോളജി, സർജറി, മെഡിസിൻ പൾമണോളജി,ഗ്യാസ്ട്രോളജി, സൈക്യാട്രി വിഭാഗങ്ങളിലെ ഡോക്ടർമാർ എത്തി പരിശോധിക്കുന്നുണ്ട്. തുടർന്ന് മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തുടർനടപടികളെടുക്കും. കേസിലെ കൂട്ടുപ്രതി റമീസിനെ അത്യാഹിത വിഭാഗത്തിലാക്കി. ഇയാൾക്ക് അൾട്രാ സൗണ്ട് സ്കാൻ ചെയ്തു. വയറുവേദനയുടെ ലക്ഷണം കാര്യമായി പ്രകടമല്ലെന്നാണ് സൂചന.
ചികിത്സയിൽ തുടരാൻ തക്ക ആരോഗ്യ പ്രശ്നങ്ങളൊന്നും സ്വപ്നയ്ക്കില്ലെന്നു പ്രത്യേക മെഡിക്കൽ ബോർഡ് യോഗം വിലയിരുത്തിയതിനെ തുടർന്നാണ് മെഡിക്കൽ കോളജിൽനിന്ന് ഡിസ്ചാർജ് ചെയ്തത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശനിയാഴ്ച ഉച്ചയ്ക്കു മൂന്നോടെ സ്വപ്നയെ വിയ്യൂർ വനിതാ ജയിലിലേക്കു മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അവർക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതും ആശുപത്രിയിലേക്ക് മാറ്റിയതും.
അതേസമയം ആദ്യ തവണ സ്വപ്നയെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച സമയത്ത് സ്വപ്ന സുരേഷ് പല ഉന്നതരെയും ഫോണിലൂടെ ബന്ധപ്പെട്ടതായി ആരോപണങ്ങളുണ്ട്. ഇടതു സംഘടനയിലെ നഴ്സുമാരുടെ മൊബൈൽ ഫോൺ മുഖേനയാണ് സ്വപ്ന പ്രമുഖരെ ഫോണിൽ ബന്ധപ്പെട്ടത് എന്നാണ് ഉയരുന്ന ആക്ഷേപം.
മറുനാടന് മലയാളി ബ്യൂറോ