കൊച്ചി: ഒന്നാം പിണറായി സർക്കാറിനെ പിടിച്ചുലച്ച സ്വർണ്ണക്കടത്തു കേസ് എല്ലാവരും മറന്നതായിരുന്നു. ഇതിനിടെയാണ് ആ പഴയകാലം ഓർമ്മപ്പെടുത്തി കൊണ്ട് എം ശിവശങ്കരന്റെ കഥ എത്തിയത്. അശ്വത്ഥാമാവ് വെറുമൊരു ആന എന്ന പുസ്തകം സർക്കാറിനെ സംബന്ധിച്ചിടത്തോളം നല്ലൊരു വെള്ളപൂശൽ പുസ്തകം ആയിരുന്നു. എന്നാൽ, സ്വപ്‌ന സുരേഷിന് എല്ലാ പഴിയും തന്നിൽ ചാരി രക്ഷപെടുന്ന എം ശിവശങ്കരനെയാണ് അതിൽ കണ്ടത്. ഇതോടെ അധികം താമസിയാതെ തന്നെ സ്വപ്‌ന സുരേഷ് മാധ്യമങ്ങളിലുടെ ശിവശങ്കരനെതിരെ രംഗത്തുവന്നു ഇതോടെ സ്വപ്‌നയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ വീണ്ടും കേസുകൾ പുനരന്വേഷിക്കണമെന്ന ആവശ്യവും ഉയർന്നു തുടങ്ങി. ഇതോടെ പഴയ വിഷയങ്ങളെ വീണ്ടും പ്രതിരോധിക്കേണ്ട അവസ്ഥയിലാണ് പാർട്ടിയും സർക്കാറും.

പ്രതിപക്ഷം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ശക്തമായി ഉയർത്തുമ്പോൾ അങ്ങനെയൊരു നീക്കമില്ലെന്നാണ് ദേശാഭീമാനി റിപ്പോർട്ടു ചെയ്യുന്നത്. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിലെ പ്രധാനപ്രതി സ്വപ്ന സുരേഷ് മാധ്യമ അഭിമുഖങ്ങളിൽ പറഞ്ഞകാര്യങ്ങളിൽ പുതുതായി ഒന്നുമില്ലെന്ന് അന്വേഷണ ഏജൻസികളെന്നാണ് ദേശാഭിമാനി വാർത്ത. മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയശേഷം സ്വപ്ന സുരേഷ് നൽകിയ അഭിമുഖങ്ങൾ പരിശോധിച്ചാണ് അന്വേഷണ ഏജൻസികളുടെ പ്രതികരണം.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വർണക്കടത്തും അനുബന്ധ കേസുകളും അന്വേഷിച്ച കസ്റ്റംസ്, എൻഐഎ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിലെ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. കേസുകളിലെ പ്രധാനപ്രതിയായി ജയിലിൽ കഴിയുമ്പോൾ അന്വേഷണ ഏജൻസികളെല്ലാം സ്വപ്നയെ വിശദമായി ചോദ്യം ചെയ്തിരുന്നു. മജിസ്ട്രേട്ടിനുമുന്നിൽ രഹസ്യമൊഴിയും രേഖപ്പെടുത്തി. അതിൽ പറയാത്ത കാര്യങ്ങളൊന്നും ഇപ്പോൾ പറഞ്ഞിട്ടില്ലെന്നാണ് അന്വേഷകരുടെ പ്രതികരണം. അതുകൊണ്ടുതന്നെ മാധ്യമ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണത്തിന്റെയോ കൂടുതൽ അന്വേഷണത്തിന്റെയോ ആവശ്യമില്ല. കസ്റ്റംസ് എടുത്ത രണ്ടു കേസുകളിലും സ്വപ്നയെ വിശദമായി ചോദ്യം ചെയ്തിരുന്നു.

നയതന്ത്രബാഗേജിൽ സ്വർണം കടത്തിയ കേസിലും വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും പ്രധാനപ്രതിയാണ് സ്വപ്ന. ചോദ്യം ചെയ്യലിനുപുറമെ ക്രിമിനൽ നടപടിക്രമം 164 പ്രകാരം മജിസ്ട്രേട്ടിനുമുന്നിൽ രഹസ്യമൊഴിയും രേഖപ്പെടുത്തി. അതിന്റെയെല്ലാം ഭാഗമായി കസ്റ്റംസ് തുടർപരിശോധനകളും അന്വേഷണവും നടത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.

കേസിൽ എൻഐഎയെ ഇടപെടുവിച്ചത് ശിവശങ്കറാണെന്ന സ്വപ്നയുടെ ആരോപണം അന്വേഷണ ഉദ്യോഗസ്ഥൻ നിഷേധിച്ചുവെന്നും ദേശാഭിമാനി റിപ്പോർട്ടു ചെയ്യുന്നു. എൻഐഎ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, കേസിൽ അദ്ദേഹം പ്രതിയല്ല. കഴിഞ്ഞവർഷം ജനുവരിയിൽ കുറ്റപത്രവും സമർപ്പിച്ചു. സ്വപ്നയുടെ ഇപ്പോഴത്തെ ആരോപണങ്ങൾ വ്യക്തിവിരോധത്തിന്റെ പേരിലുള്ളതാണെന്ന് കരുതുന്നതായും എൻഐഎ പ്രതികരിച്ചു.

കസ്റ്റഡിയിലിരിക്കെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖ, യുണിടാക് ഫ്‌ളാറ്റ്, ഐ ഫോൺ തുടങ്ങിയ ആക്ഷേപങ്ങളിൽ അന്വേഷണം നടത്തിയതാണെന്നാണ് ഇഡിയുടെ നിലപാടെന്നാണ് ദേശാഭിമാനി പറയുന്നത്. സ്വപ്ന നേരത്തേ ഇഡിക്കു നൽകിയ മൊഴികളിൽ ഈ ആക്ഷേപങ്ങളുണ്ടായിരുന്നെന്നും പുതിയ കാര്യമല്ലെന്നുമാണ് ഇഡി ഉദ്യോഗസ്ഥരുടെയും പ്രതികരണം. നേരത്തെ സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ ബന്ധിപ്പിക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിച്ചിരുന്നു. പേഴ്സണൽ സെക്രട്ടറി പി കെ രവീന്ദ്രനെ ഉൾപ്പെടെ ചൊദ്യം ചെയ്തത് അതിനായിരുന്നെങ്കിലും ഫലംകണ്ടില്ല. പിഡബ്ല്യുസിയിലെ നിയമനകാര്യം മുഖ്യമന്ത്രിയോട് സംസാരിക്കാമെന്ന് ശിവശങ്കർ തന്നോട് പറഞ്ഞെന്നും അതിനാൽ മുഖ്യമന്ത്രി അറിഞ്ഞാണ് നിയമനം നടന്നതെന്നുമായിരുന്നു സ്വപ്നയുടെ മൊഴി.

നയതന്ത്രസ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന ഇ.ഡിക്ക് നൽകിയ മൊഴി തന്നെയാണ് ഇപ്പോൾ അവർ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തിയതെങ്കിലും പ്രതി തന്നെ തുറന്നു പറഞ്ഞത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ഇരട്ടിക്കരുത്തായി എന്ന വിലയിരുത്തലുമുണ്ട്. കേന്ദ്ര സർക്കാർ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണത്തിന്റെ മുനയൊടിക്കാൻ സ്വപ്നയുടെ വെളിപ്പെടുത്തൽ തുണയ്ക്കുമെന്ന ആവേശത്തിലാണ് ബിജെപി. സ്വപ്ന നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്ത് എത്തുകയും ചെയ്തു.

മുൻസർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെതിരേയാണ് സ്വപ്നയുടെ വെളിപ്പെടുത്തലുകളെങ്കിലും മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം. കേസിൽ താൻ ജയിലിൽ കഴിയവേ മുഖ്യമന്ത്രിയുടെ പേരുപറയാൻ ഇ.ഡിയുടെ സമ്മർദമുണ്ടെന്നാരോപിച്ചു പുറത്തുവന്ന തന്റെ ശബ്ദരേഖയ്ക്കു പിന്നിൽ ശിവശങ്കരനാണെന്ന സ്വപ്നയുടെ വെളിപ്പെടുത്തലാണു പ്രതിപക്ഷത്തിനു പിടിവള്ളിയായത്. മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു ഈ നീക്കമെന്നാണ് ആരോപണം.

യു.എ.ഇ. സന്ദർശനം കഴിഞ്ഞു മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തുന്നതിനു തൊട്ടുമുമ്പാണ് സ്വപ്നയുടെ വെളിപ്പെടുത്തലുണ്ടായതും. നിയമസഭാ സമ്മേളനം ചേരാനിരിരേ വെളിപ്പെടുത്തലുകൾ സർക്കാരിനു വലിയ തലവേദനയുണ്ടാക്കും. പാർട്ടി സമ്മേളനത്തിന്റെ കാലത്താണ് മുമ്പ് അണഞ്ഞുപോയ സ്വർണ്ണക്കടത്തിന്റെ കനലുകൾ ആളിക്കത്തുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ വിഷയം ഇപ്പോൾ ഉയർന്നു വന്നതിൽ പാർട്ടിക്കും കടുത്ത അമർഷമുണ്ട്.