- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വപ്നയ്ക്ക് ഉണ്ടായിരുന്നത് അതിവിപുലമായ സ്വപ്ന പദ്ധതി! ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് അടക്കമുള്ള സ്വകാര്യ നിർമ്മാണക്കമ്പനികൾക്കു സ്വപ്ന ഓഫർ ചെയ്തത് 100 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനം; ഇതിലൂടെ ലക്ഷ്യമിട്ടത് 15 കോടിയുടെ കമ്മീഷൻ; റെഡ് ക്രെസന്റ് സഹകരിക്കുന്ന 20 കോടിയുടെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയും ഇതിൽപ്പെടും; യുണിടാക് കമ്പനി നൽകിയ 4.25 കോടി രൂപ കമ്മിഷനിലെ പങ്ക് ലഭിച്ചുവെന്ന വിവരത്തിൽ മന്ത്രിപുത്രനെയും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും
കൊച്ചി: സ്വർണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന് ഉണ്ടായിരുന്നത് അതിവിപുലമായി പദ്ധതികളെന്ന സൂചനകൾ പുറത്തേക്ക്. സംസ്ഥാന സർക്കാറിന്റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം വിപുലമായി തന്നെ കമ്മീഷൻ നേടാൻ അവർ പരിശ്രമം നടത്തിയിരുന്നു. ഇതിനായി തന്റെ ബന്ധങ്ങൾ ഉപയോഗിക്കാമെന്ന് അവർ പലർക്കും വാഗ്ദാനം ചെയ്‌തെന്ന വിവരങ്ങളുമാണ് പുറത്തുവരുന്നത്.
സംസ്ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് അടക്കമുള്ള സ്വകാര്യ നിർമ്മാണക്കമ്പനികൾക്കു സ്വപ്ന സുരേഷ് വാഗ്ദാനം ചെയ്തത് 100 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണെന്നാണ് ലഭിക്കുന്ന വിവരം. നൂറ് കോടിയുടെ പദ്ധതിയിൽ തന്റെ കമ്മീഷൻ വിഹിതം അടക്കം അവർ കാൽക്കുലേറ്റ് ചെയ്തിരുന്നു. 15 ശതമാനം കമ്മിഷൻ പ്രകാരം 15 കോടി രൂപയെങ്കിലും പോക്കറ്റിലാക്കാനാണ് സ്വപ്‌ന പദ്ധതിയിട്ടത്. ഇതിൽ യുഎഇയിലെ ജീവകാരുണ്യസംഘടനയായ റെഡ്ക്രസന്റ് സഹകരിക്കുന്ന 20 കോടി രൂപയുടെ വടക്കാഞ്ചേരി ഫ്‌ളാറ്റ് പദ്ധതിയും ഉൾപ്പെടും. ഇതിൽ നിന്നും 4.5 കോടിയുടെ കമ്മീഷനാണ് സ്വപ്നക്ക് ലഭിച്ചത്.
തൃശൂർ വടക്കാഞ്ചേരിയിലെ പദ്ധതി പൂർത്തിയാക്കുമ്പോൾ ഇടുക്കിയിലെ മൂന്നാറിലും കൊല്ലത്തെ കുളത്തൂപ്പുഴയിലും റെഡ്ക്രസന്റിന്റെ സഹകരണത്തോടെ സമാനപദ്ധതികൾ വരുമെന്നായിരുന്നു സ്വപ്നയുടെ വാഗ്ദാനം. എന്നാൽ ഈ പദ്ധതികളുടെ വിവരം റെഡ്ക്രസന്റോ യുഎഇ കോൺസുലേറ്റോ സംസ്ഥാന സർക്കാരിനെ രേഖാമൂലം അറിയിച്ചിട്ടില്ല. ലൈഫ് മിഷനും ഇതേപ്പറ്റി അറിവില്ല. യൂണിടാക്കിനു പുറമേ മറ്റു 2 നിർമ്മാണക്കമ്പനികളുമായും സ്വപ്ന വിലപേശൽ നടത്തിയതായി അന്വേഷണ സംഘങ്ങൾക്കു വിവരം ലഭിച്ചു.മൂന്നാറിൽ സ്വകാര്യഭൂമി വിലയ്ക്കുവാങ്ങിയും കുളത്തൂപ്പുഴയിൽ പഞ്ചായത്തിന്റെ കൈവശമുള്ള ഭൂമിയിലും പദ്ധതി നടപ്പാക്കുമെന്നാണ് യൂണിടാക് കമ്പനി പ്രതിനിധികളെ സ്വപ്ന അറിയിച്ചിരുന്നത്.
അതേസമയം യുഎഇ റെഡ് ക്രസന്റുമായി സഹകരിച്ച് തൃശൂരിൽ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കുന്നതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലൈഫ് മിഷൻ സിഇഒ യു.വി.ജോസിന്റെ മൊഴി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) രേഖപ്പെടുത്തും. കൊച്ചിയിൽ ഹാജരാകാൻ അദ്ദേഹത്തിനു നോട്ടിസ് നൽകി. എന്നാൽ, തനിക്ക് അറിയിപ്പു ലഭിച്ചിട്ടില്ലെന്നാണ് യുവി ജോസ് പറയുന്നത്.
വടക്കാഞ്ചേരിയിൽ 20 കോടി രൂപയുടെ ഫ്‌ളാറ്റ് സമുച്ചയം നിർമ്മിക്കാൻ സർക്കാരിനു വേണ്ടി റെഡ് ക്രസന്റുമായി 2019 ജൂലൈ 11ന് ധാരണാപത്രം ഒപ്പിട്ടത് യു.വി.ജോസ് ആണ്. കരാറുമായി ബന്ധപ്പെട്ട് രേഖകളൊന്നും കൃത്യമായിരുന്നില്ലെന്നു പിന്നീടു വ്യക്തമായി. ലൈഫ്മിഷൻ ഇടപാടിൽ യുണിടാക് കമ്പനി നൽകിയ 4.25 കോടി രൂപ കമ്മിഷനിലെ പങ്ക് ലഭിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മന്ത്രിപുത്രനെയും ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്. അതിനു ശേഷം വടക്കാഞ്ചേരി പദ്ധതിയുടെ കരാറിനു വേണ്ടി സ്വപ്നയ്ക്കു കമ്മിഷൻ നൽകിയ യൂണിടാക് ബിൽഡേഴ്‌സ്, സേൻ വെഞ്ചേഴ്‌സ് കമ്പനികളുടെ നടത്തിപ്പുകാരെ ഇഡി വീണ്ടും ചോദ്യം ചെയ്യും. ഇഡിക്കു ബിനീഷ് കോടിയേരി നൽകിയ മൊഴികളിലും ലൈഫ്മിഷൻ പദ്ധതിയെ സംബന്ധിക്കുന്ന നിർണായക വിവരങ്ങളുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിൽ കമ്മിഷനായി പോയെന്നു കരുതുന്ന 4 കോടി രൂപയുടെ പങ്കു പറ്റിയവരിൽ സംസ്ഥാനത്തെ ഒരു മുതിർന്ന മന്ത്രിയുടെ മകനും ഉള്ളതായി കേന്ദ്ര അന്വേഷണ ഏജൻസികൾക്കു സൂചന ലഭിച്ചുവെന്ന വാർത്ത ഇന്നലെയാണ് പുറത്തുവന്നത്. സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷും മന്ത്രിപുത്രനും തമ്മിലെ അടുത്ത സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളടക്കമാണ് ലഭിച്ചത്. ഇത് കേന്ദ്ര ഏജൻസികൾ പരിശോധിക്കുകയാണ്. താമസിയാതെ ഈ മന്ത്രി പുത്രനേയും ചോദ്യം ചെയ്യുമെന്നും പറയുന്നു. ഈ വാർത്തയ്ക്ക് പിന്നാലെയാണ് ഈ ചിത്രം പ്രചരിക്കാൻ തുടങ്ങിയത്. ചിത്രത്തിലുള്ളത് ജയരാജന്റെ മകനാണ്. എന്നാൽ ഇത് കൃത്രിമമായി ഉണ്ടാക്കിയതാണോ എന്ന് വ്യക്തമല്ല.
തലസ്ഥാനത്ത് പ്രമുഖ സിനിമാ താരങ്ങളുടെ ഉടമസ്ഥതയിലുള്ള ഹോട്ടൽ മുറിയിൽ വച്ചുള്ളതാണ് ചിത്രങ്ങളെന്നും വിവരം ലഭിച്ചു. ഇതു പരിശോധിക്കുകയാണെന്നും സ്വപ്നയുമായുള്ള ഇടപാടിനു കൂടുതൽ തെളിവുകൾ ലഭിക്കുന്ന മുറയ്ക്ക് മന്ത്രിപുത്രനെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നുമാണു വിവരമെന്ന് റിപ്പോർട്ട് ചെയ്യുന്നത് മനോരമായണ്. ലൈഫ് മിഷൻ ഇടപാടിൽ കമ്മിഷനായി 4 കോടി രൂപ കൈമറിഞ്ഞതിൽ പ്രമുഖ പങ്ക് ഈ ആൾക്ക് ഉണ്ടെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മന്ത്രി ആരെന്ന് വ്യക്തമാക്കുന്നുമില്ലായിരുന്നു. ഇതിന് പിന്നാലെയാണ് ഫോട്ടോ പ്രചരിച്ചത്.
മന്ത്രി ദുബായിൽ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനു മുൻപായിരുന്നത്രെ ഈ ഇടപാട്. സ്വപ്ന സുരേഷും മന്ത്രിപുത്രനും മറ്റൊരു ഇടനിലക്കാരനും ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. ആദ്യം ഇവർക്കു കൈമറിഞ്ഞ 2 കോടിയിൽ 30 ലക്ഷം ഈ മൂന്നാമനു നൽകാമെന്നായിരുന്നുവത്രെ വാഗ്ദാനം. ഇതു പക്ഷേ, മന്ത്രിപുത്രൻ ലംഘിച്ചതോടെയാണ് ചിത്രങ്ങൾ പുറത്തേക്കു പോയത്. ഇതിൽ ചിലത് അന്വേഷണ സംഘത്തിനും കിട്ടിയെന്നാണ് സൂചനയെന്നും മനോരമ വിശദീകരിച്ചിരുന്നു. ലൈഫ് മിഷൻ ഇടപാടിൽ യുണിടാക്കിന്റെയും റെഡ് ക്രസന്റിന്റെയും ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നത് മന്ത്രിപുത്രനാണെന്ന് അന്വേഷണ സംഘം കരുതുന്നു. കണ്ണൂരിൽ ഒരു പ്രമുഖ റിസോർട്ടിന്റെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. സ്വർണക്കടത്തു കേസിൽ അന്വേഷണ പരിധിയിലുള്ള യുഎഎഫ്എക്‌സ് എന്ന വീസ സ്റ്റാംപിങ് ഏജൻസിയുടെ ഡയറക്ടർക്കും ഈ റിസോർട്ടിൽ പങ്കാളിത്തമുണ്ടെന്നാണു വിലയിരുത്തൽ. ഏതായാലും കണ്ണൂരിലെ മന്ത്രിയിലേക്കാണ് മനോരമ വാർത്തയുടെ സൂചനകൾ പോകുന്നത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ യുഎഎഫ്എക്‌സ് സൊല്യൂഷൻസുമായി വ്യവസായ മന്ത്രി ഇ.പി ജയരാജന് അടുത്ത ബന്ധമുണ്ടെന്ന വാർത്ത നേരത്തെ പുറത്തു വന്നിരുന്നു. മന്ത്രിയുടെ മകൻ ചെയർമാനായ ആയുർവേദ റിസോർട്ടിൽ യുഎഎഫ്എക്‌സ് ഡയറക്ടർക്ക് ബിസിനസ് പങ്കാളിത്തമുണ്ടെന്ന് കോൺഗ്രസ് ചാനലയാ ജയ്ഹിന്ദ് ടിവിയാണ് നൽകിയത്. ബിനീഷ് കോടിയേരിക്കും യുഎഎഫ്എക്സ് സൊല്യൂഷൻസ് ഡയറക്ടർമാരുമായി അടുത്ത സൗഹൃദമുണ്ട്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ബാംഗ്ലൂരിലേക്ക് കടക്കാൻ യുഎഎഫ്എക്‌സ് സൊല്യൂഷൻസ് സൗകര്യമൊരുക്കിയതായും സംശയമുണ്ട്.
സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് നൽകിയ മൊഴിയിലാണ് യുഎഎഫ്എക്സിനെ കുറിച്ച് പ്രതിപാദിക്കുന്നത്. തന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടി രൂപ യുഎഎഫ്എക്സ് ഉൾപ്പെടെയുള്ള കമ്പനികൾ യുഎ ഇ കോൺസുലേറ്റുമായി നടത്തിയ ഇടപാടിൽ ലഭിച്ച കമ്മീഷൻ എന്നായിരുന്നു മൊഴി. ഇതിൽ എൻഫോഴ്‌സ്‌മെന്റ് ഉൾപ്പെടെ അന്വേഷണം നടത്തുന്നുണ്ട്. യുഎഎഫ്എക്‌സ് സൊല്യൂഷൻ ഡയറക്ടർ സുജാതന്റെ ഉടമസ്ഥതയിലുള്ള മാർബിൾ വിപണന ശൃംഖലയുടെ ഉദ്ഘാടനത്തിൽ ഇ.പി. ജയരാജന്റെ സാന്നിധ്യമുണ്ട്. ഇ.പി.ജയരാജന് ഇദ്ദേഹത്തിന്റെ വ്യവസായ സംരഭങ്ങളിൽ നിക്ഷേപമുണ്ടെന്നാണ് സിപിഎം നേതാക്കൾക്കിടയിലെ സംസാരമെന്നും ജയ്ഹിന്ദ് ടിവി വാർത്ത കൊടുത്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ