തിരുവനന്തപുരം: ഭാര്യയ്ക്കും മകൾക്കും വേണ്ടി വഴിവിട്ട രീതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രോട്ടോകോൾ ലംഘനം നടത്തിയെന്ന് സ്വപ്‌നാ സുരേഷ്. ഷാർജാ സുൽത്താനെ സ്വാധീനിക്കാൻ രാജകുമാരന് എത്ര സ്വർണം കൊടുക്കേണ്ടി വരുമെന്ന് ചോദിച്ചെന്നും സ്വപ്‌ന വെളിപ്പെടുത്തുന്നു. കെടി ജലീലിനെക്കാൾ വലിയ പ്രോട്ടോകോൾ ലംഘനം മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും അതെല്ലാം തെളിയിക്കുമെന്നും സ്വപ്‌ന പറഞ്ഞു. ഞെട്ടിക്കുന്ന ഒരു രഹസ്യമുണ്ടെന്നും അതിന്റെ തെളിവുകൾ ശേഖരിക്കുകയാണെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു.

തന്നെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചു വരുത്തി മുഖ്യമന്ത്രി ചർച്ച നടത്തിയിരുന്നു. മകൾ വീണാ വിജയന്റെ സ്ഥാപനത്തിന് ഷാർജയിൽ സുഗമമായി പ്രവർത്തിക്കാൻ ഷാർജാ സുൽത്താനെ സ്വാധീനിക്കാൻ എന്തുമാത്രം സ്വർണം ഉപഹാരമായി നൽകണമെന്നായിരുന്നു അറിയേണ്ടത്. ഭാര്യ കമലാ വിജയന് ഷാർജാ സുൽത്താനെ കണക്ട് ചെയ്തു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അതു താൻ ചെയ്തു. ലീലാ പാലസ് ഹോട്ടലിൽ വച്ച് കമലയും നളിനി നെറ്റോയും സുൽത്താനെ കണ്ടു. ലീലയിലെ സിസിടിവി പരിശോധിച്ചാൽ അത് വ്യക്തമാകും-സ്വപ്‌ന പറഞ്ഞു.

താൻ പറയുന്നതൊന്നും ആരോപണമല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. ആരോപണം എന്ന് ആക്ഷേപിക്കുന്നവർ ഇതെല്ലാം ആരോപണമാണെന്ന് തെളിയിക്കണം. വലിയ ഇടപാടുകൾ നടന്നിട്ടുണ്ട്. രാജ്യദ്രോഹം പോലും ഇതിന് വേണ്ടി നടത്തി. മുഖ്യമന്ത്രിയും ശിവശങ്കറും ചേർന്ന് നടത്തിയ ഇത്തരത്തിലൊരു കാര്യത്തിൽ തെളിവ് ശേഖരിക്കുകയാണ്. ദിവസങ്ങൾക്കുള്ളിൽ പുറത്തു വിടും. അത് അറിയുമ്പോൾ എന്താണ് നടന്നതെന്നതിന്റെ വ്യാപ്തി എല്ലാവർക്കും ബോധ്യപ്പെടും-സ്വപ്‌ന വിശദീകരിച്ചു.

കേരള സന്ദർശനത്തിനിടെ ഷാർജ ഷെയ്ഖിനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തിച്ചത് റൂട്ട് മാറ്റിയാണെന്ന സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തെറ്റാണെന്ന് സിപിഎം വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ ഷാർജാ ഷെയ്ഖിന്റെ യാത്രാ റൂട്ട് താൻ വഴി തിരിച്ചുവിട്ടു കൊടുത്തുവെന്നായിരുന്നു സ്വർണക്കടത്ത് കേസ് പ്രതിയായ സ്വപ്നയുടെ ആരോപണം. ഇതിലും സ്വപ്‌ന വിശദീകരണം നൽകി. മാധ്യമങ്ങളെ അറിയിച്ചിരിക്കാം. എന്നാൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ റൂട്ട് മാറ്റം അറിയിച്ചില്ലെന്നാണ് സ്വപ്‌ന പറയുന്നത്.

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെത്തുടർന്ന് തന്നെ സമർദത്തിലാക്കാൻ സർക്കാർ പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് സ്വപ്നാ സുരേഷ് ഹൈക്കോടതിയിൽ ആരോപിച്ചിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഗൂഢാലോചനയ്ക്ക് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് സർക്കാരും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്‌ന എത്തുന്നത്.

ഗൂഢാലോചനയിൽ പങ്കാളിയായ ആളിന്റെ മൊഴിതന്നെ സ്വപ്നയ്‌ക്കെതിരേ തെളിവായുണ്ടെന്ന് പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി വാദിച്ചു. സമാന്തര അന്വേഷണമല്ല നടത്തുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 11 മണിക്കൂർ സ്വപ്നയെ ചോദ്യംചെയ്തതാണ്. അപ്പോഴൊന്നും കണ്ടെത്താനാകാത്ത കാര്യങ്ങളാണ് ഇപ്പോൾ തെളിവില്ലാതെ ആരോപിക്കുന്നത്. സ്ഥാപിതതാത്പര്യത്തോടെയാണിതെന്നാണ് പൊലീസ് വാദം. ഇത് പൊളിക്കാനാണ് തെളിവുകളുമായി സ്വപ്‌ന എത്തുന്നത്.