- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയത് അടച്ചിട്ട മുറിയിൽ; ചർച്ച പിണറായിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങാൻ; ഷാർജ ഭരണാധികാരിയുമായി ഉള്ള കൂടിക്കാഴ്ചയിൽ നളിനി നെറ്റോയും ശിവശങ്കറും; ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ സത്യവാങ്മൂലം
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷ്. സ്വർണക്കടത്തു കേസ് പ്രതിയുടെ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. ക്ലിഫ് ഹൗസിൽ അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയിരുന്നെന്നു സ്വപ്ന സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തി.
പിണറായിയുടെ മകൾക്ക് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ചായിരുന്നു ചർച്ച. ഇതിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുമായി ചർച്ച നടത്തി. 2017 സെപ്റ്റംബറിൽ ഷാർജ ഭരണാധികാരി എത്തിയപ്പോൾ ക്ലിഫ് ഹൗസിലായിരുന്നു ചർച്ച. അടച്ചിട്ട മുറിയിലെ ചർച്ചയിൽ നളിനി നെറ്റോയും എം.ശിവശങ്കറും പങ്കെടുത്തു. ഷാർജയിൽ ബിസിനസ് പങ്കാളിയുമായും ചർച്ച നടത്തിയെന്ന് സ്വപ്ന പറയുന്നു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ചർച്ചയിൽ ശിവശങ്കറും നളിനി നെറ്റോയും പങ്കെടുത്തു എന്നുമാണ് സത്യവാങ്മൂലത്തിലെ ആരോപണം.
ഷാർജ ഭരണാധികാരിയുടെ എതിർപ്പാണ് ബിസിനസ് തുടങ്ങുന്നതിന് തടസ്സമായത്. ഷാർജ ഐടി മന്ത്രിയുമായും മുഖ്യമന്ത്രി സംസാരിച്ചു. ബിരിയാണി ചെമ്പ് പരാമർശമുള്ള ശിവശങ്കറിന്റെ ചാറ്റ് തന്റെ മൊബൈലിൽ ഉണ്ട്. എൻഐഎ പിടിച്ചെടുത്ത മൊബൈലുകൾ കോടതിയുടെ കൈവശമുണ്ടെന്നും സ്വപ്ന വ്യക്തമാക്കി.
മകളുടെ ബിസിനസിന് മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്ന് സ്വപ്ന ഇതിൽ ആരോപിക്കുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് പലതരത്തിലുള്ള ഭീഷണികളുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചപ്പോഴാണ് സ്വപ്ന സുരേഷ് സത്യവാങ്മൂലം സമർപ്പിച്ചത്. എറണാകുളം സെഷൻസ് കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചിരുന്നത്.
വിശദാംശങ്ങൾ
2017-ൽ ഷാർജ ഭരണാധികാരി കേരളം സന്ദർശനത്തിനിടെ ക്ലിഫ്ഹൗസിലും എത്തുകയുണ്ടായി. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അദ്ദേഹത്തിന്റെ കുടുംബം ഒരു ബിസിനസ് താത്പര്യം ഷാർജ ഭരണാധികാരിയെ അറിയിച്ചുവെന്ന് സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഷാർജയിൽ ഐടി സംരംഭം തുടങ്ങുന്നതിനുള്ള താത്പര്യമാണ് അറിയിച്ചത്. എന്നാൽ ഷാർജയിൽ നിന്നുള്ള എതിർപ്പുകളെ തുടർന്ന് ഈ പദ്ധതി ഉപേക്ഷിച്ചുവെന്നും പറയുന്നു.
ഷാർജ ഭരണാധികാരി എത്തുമ്പോൾ വേണ്ട നടപടികളും ആശയവിനിമയവും മുഖ്യമന്ത്രിയുടെ കുടുംബത്തെ പഠിപ്പിക്കുന്നതിന് ക്ലിഫ് ഹൗസിൽ താൻ എത്തിയിരുന്നുവെന്നും സ്വപ്ന അവകാശപ്പെടുന്നുണ്ട്. ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് പുറമെ ഒറ്റയ്ക്കുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ കുടുംബം ആവശ്യപ്പെട്ടുവെന്നും അതിന് അവസരം ഒരുക്കികൊടുത്തുവെന്നും അവർ പറയുന്നു. ക്ലിഫ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ നളിനി നെറ്റോ, എം.ശിവശങ്കർ തുടങ്ങിയവരും ഉണ്ടായിരുന്നു.
ആരോപണം തള്ളി നളിനി നെറ്റോ
അതേസമയം ആരോപണങ്ങൾ മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ തള്ളി. അന്വേഷണ ഏജൻസികൾ ചോദിക്കുമ്പോൾ താൻ കാര്യങ്ങൾ പറയാമെന്ന് നളിനി നെറ്റോ പറഞ്ഞു. തന്നെക്കുറിച്ച് പുറത്തു വരുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്നും അവർ വ്യക്തമാക്കി. മാധ്യമങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് നളിനി നെറ്റോ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ