കൊച്ചി: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയർന്നു തുടങ്ങിയപ്പോൾ മുതൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. വാർത്തകൾ വഴിതിരിച്ചു വിടാൻ വേണ്ടിയുള്ള ആസൂത്രിത ശ്രമങ്ങൾ സർക്കാർ തലത്തിൽ തന്നെ നടന്നു. എകെജി സെന്ററിലെ പടക്കമേറ് അടക്കം വ്യാഖ്യാനിക്കപ്പെട്ടത് ഇത്തരത്തിലാണ്. പ്രതിപക്ഷം ഈ ആരോപണം ആവർത്തിക്കുകയും ചെയ്തു. ഇതിനിടെ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസും നൽകി.

സർക്കാറിനെതിരെ ഗൂഢാലോചന നടത്തിയെന്ന വാദം ഉയർത്തിയാണ് പി സി ജോർജ്ജിനെ അടക്കം പ്രതിയാക്കി കേസെടുത്തത്. പിന്നാലെ ക്രൈം നന്ദകുമാറിനെ മറ്റൊരു കേസിൽ സർക്കാർ അറസ്റ്റു ചെയ്തു. എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെയും അറസ്റ്റു ചെയ്തു. ഇത് കൂടാതെ പഴയ പരാതിയിൽ സ്വപ്‌നയുടെ അഭിഭാഷകനെയും അറസ്റ്റു ചെയ്ത സാഹചര്യമുണ്ട്. ഇങ്ങനെ നിരവധി വാർത്തകൾക്കിടെയും സർകകാർ സ്വപ്‌നയുടെ ഗൂഢാലോചനാ കേസുമായി മുന്നോട്ടു തന്നെയാണെണെന്നാണ് സൂചനകൾ. ഇക്കാര്യം ശരിവെക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നതും.

സ്വപ്‌നയുടെ സുഹൃത്ത് സരിത്തിനെ വിജിലൻസ് പിടിച്ചുകൊണ്ടുപോയപ്പോൾ മുതൽ തുടങ്ങിയ ദുരൂഹതകൾ ഇപ്പോഴും അവശേഷിക്കുകയാണ്. ഇത് ഏറ്റവും ഒടുവിൽ എത്തി നിൽക്കുന്നത് സ്വപ്‌ന സുരേഷിന്റെ ഡ്രൈവറുടെ വെളിപ്പെടുത്തലിലാണ്. മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സ്വപ്ന സുരേഷ് ഗൂഢാലോചന നടത്തിയെന്ന് മൊഴി നൽകാൻ പൊലീസ് ആവശ്യപ്പെട്ടുവെന്ന ആരോപണവുമായി അവരുടെ ഡ്രൈവർ അനീഷ് സദാശിവൻ രംഗത്തുവന്നു.

സ്വപ്നയ്‌ക്കൊപ്പം മാധ്യമങ്ങളെ കാണവേയാണ് ഡ്രൈവർ ആരോപണം ഉന്നയിച്ചത്. മൊഴി നൽകേണ്ട കാര്യങ്ങൾ പൊലീസ് എഴുതി നൽകി. ഗൂഢാലോചനക്ക് വേണ്ടിയാണ് പാലക്കാട് വന്നതെന്നും ഗൂഢാലോചന നടത്തിയെന്നും പറയണമെന്നുമായിരുന്നു നിർദ്ദേശം. ഇതിന് തയ്യാറായില്ലെന്നും തുടർന്നാണ് പാലക്കാട് കേസിൽ പ്രതിയാക്കിയതെന്നും അനീഷ് ആരോപിച്ചു.

എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണൻ പ്രതിയായ കേസിൽ സ്വപ്നയുടെ ഡ്രൈവർ അനീഷിനെ പൊലീസ് പ്രതി ചേർത്തിരുന്നു. 2021 ജൂലൈയിൽ നടന്ന സംഭവത്തിൽ പതിനൊന്നാം തീയതിയാണ് അഗളി പൊലീസ് കേസെടുത്തത്. ഗൂഢാലോചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷും രംഗത്തെത്തി. പൊലീസിന് അനുകൂലമായി രഹസ്യ മൊഴി നൽകാതിരുന്ന തന്റെ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെന്നും വിസമ്മതിച്ചതോടെ കള്ളക്കേസിൽ കുടുക്കിയെന്നുമാണ് ആരോപണം.

ഈ സംഭവം നടക്കുമ്പോൾ എച്ച്ആർഡിഎസുമായി അനീഷിന് ബന്ധം പോലും ഉണ്ടായിരുന്നില്ല. എന്നിട്ടും അനീഷിനെ പ്രതി ചേർത്തതിൽ നിന്നു തന്നെ സർക്കാർ സ്വപ്നയെ പൂട്ടാനുള്ള വഴികളുമായി മുന്നോട്ടു പോകുകയാണെന്ന ആക്ഷേപം ഉയർന്നു കഴിഞ്ഞു. ഷാജ് കിരൺ ഉൾപ്പെടെയുള്ളവരെ കേസിൽ സാക്ഷികളാക്കിയും തന്നെ സഹായിക്കുന്നവരെ പ്രതി ചേർത്തും മുഖ്യമന്ത്രിക്ക് വേണ്ടി പൊലീസ് വേട്ടയാടുകയാണെന്നും സ്വപ്‌നയും ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെയും മകൾ വീണാ വിജയന്റെയും പേര് പറഞ്ഞതിനുള്ള വൈരാഗ്യമാണ് ഇതെന്നും സ്വപ്ന ആരോപിച്ചു. നേരത്തെ സ്വപ്നക്കെതിരെ ഗൂഢാലോചനാ കേസിൽ തെളിവുണ്ടെന്ന് ഹൈക്കോടതിയിൽ സംസ്ഥാന സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. സ്വപ്നയുമായി അടുത്തു നിൽക്കുന്നവരിൽ നിന്നും രഹസ്യമൊഴി രേഖപ്പെടുത്തി സ്വപ്നയെ വലയിലാക്കാനാണ് സർക്കാറിന്റെ നീക്കം.

ഗൂഢാലോചന നടത്തിയതു സ്ഥിരീകരിക്കുന്ന തെളിവുകൾ സർക്കാരിന്റെ പക്കലുണ്ടെന്നാണ് സർക്കാർ വാദവും. അതേസമയം സ്വർണക്കടത്തിലെ വെളിപ്പെടുത്തലുകളെ അതിജീവിക്കുന്നതിന് വേണ്ടിയാണ് കെ കെ രമക്കെതിരായ അധിക്ഷേപം പോലും സർക്കാർ അവസരമാക്കി മാറ്റുന്നതെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു. മണി രമയെ അധിക്ഷേപിച്ചതാണ് രണ്ട് ദിവസമായി മാധ്യമങ്ങളിൽ വാർത്തകളിൽ നിളയുന്നതും. സൈബറിടത്തിലും ആസൂത്രിതമായി രമക്കെിരെ അധിക്ഷേപങ്ങൾ നിറുന്നുണ്ട്.

ഇത് സർക്കാർ ചെന്നുപെട്ട പ്രതിസന്ധികളുടെ തെളിവായി രാഷ്ട്രീയ നിരീക്ഷകരും വ്യാഖ്യാനിക്കുന്നുണ്ട്. മുഖ്യമന്ത്രി മണിയെ പിന്തുണച്ചതും വിവാദം വീണ്ടും നിലനിർത്തി കൊണ്ടുപോകും വിധമുള്ള പ്രസ്താവനകളും അടക്കം പല മാനങ്ങൾക്കും കൂട്ടിവായനകൾക്കും ഇടം നൽകുന്നുണ്ട്.