- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ബിഗ് ബോസിൽ നോബിക്ക് വോട്ട് ചെയ്തില്ല; മണിക്കുട്ടനും സായ് വിഷ്ണുവും ജയിക്കുമെന്ന് ഉറപ്പായിരുന്നു; ഷോയിലേക്ക് വിളി വന്നെങ്കിലും പോയില്ല; മറ്റുള്ളവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ തലയിട്ട് ആഹ്ലാദിക്കുന്നവരാണ് മലയാളികൾ': സ്വാസിക പ്രതികരിക്കുന്നു; വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നും താരം
തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് സ്വാസിക. സിനിമാ- സീരിയൽ അഭിനേതാവായും അവതാരകയായും നർത്തകിയായുമൊക്കെ മലയാളികളുടെ മനം കവർന്ന സ്വാസിക ഇപ്പോൾ പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താംമൈൽ എന്ന ചിത്രത്തിന്റെ ഷൂട്ടിങിലാണ്. ഇറങ്ങാനിരിക്കുന്ന ആറാട്ട്, കേശു ഈ വീടിന്റെ നാഥൻ, ചതുരം, കുടുക്ക 2025 എന്നീ ചിത്രങ്ങൾ സ്വാസികയുടേതായുണ്ട്.
ബിഗ്ബോസിൽ താൻ വോട്ട് ചെയ്തത് മണിക്കുട്ടനും സായി വിഷ്ണുവിനുമാണെന്ന് തുറന്നുപറയുകയാണ് സ്വാസിക. തുടക്കത്തിൽ വോട്ട് ചെയ്തത് മണിക്കുട്ടന് മാത്രമായിരുന്നു. പിന്നെ ഗെയിം മുന്നോട്ടുപോയപ്പോൾ സായി വിഷ്ണുവിനെ ഇഷ്ടപ്പെട്ടു. ശേഷം അവർക്ക് രണ്ടുപേർക്കുമാണ് വോട്ട് നൽകിയത്. വിജയികൾ ഇവരിലൊരാളായിരിക്കുമെന്ന് ഉറപ്പായിരുന്നെന്നും സ്വാസ്തിക പറയുന്നു. തന്റെ സുഹൃത്ത് കൂടിയായ നോബിക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞിട്ടില്ല. അദ്ദേഹം ഒരിക്കൽ പോലും എവിക്ഷനിൽ വരാത്തതുകൊണ്ടാണ്. ആർക്കും വെറുപ്പ് തോന്നാത്ത പെരുമാറ്റമാണ് നോബിയുടേത്. അതുകൊണ്ടാകാം അദ്ദേഹത്തെ ആരും നോമിനേറ്റ് ചെയ്യാത്തത്. എന്നാൽ നോബി വിജയിയാകില്ലെന്ന് ഉറപ്പായിരുന്നു. അത് അദ്ദേഹത്തോടും പറഞ്ഞിട്ടുണ്ട്. സ്വാസിക പറയുന്നു.
മണിക്കുട്ടൻ കഠിനാധ്വാനി ആണ്. നല്ല വ്യക്തിത്വമാണ് മണിക്കുട്ടന്റേത്. അദ്ദേഹം ആഗ്രഹിച്ച ഫെയിം സിനിമയിൽ കിട്ടിയില്ല. എന്നാൽ മലയാളികൾ മണിക്കുട്ടനെ സ്നേഹിക്കാൻ തുടങ്ങിയതും ഈ കലാകാരന്റെ വില തിരിച്ചറിഞ്ഞതും ബിഗ്ബോസിലൂടെയാണ്. അറിയാത്ത ഒരുപാട് പേരെ പൊതുസമൂഹത്തിൽ പരിചയപ്പെടുത്താനും ഇതിന് സാധിച്ചു. ഇത്തവണത്തെ മൽസരാർത്ഥികളിൽ പലരും പുതുമുഖങ്ങളായിരുന്നു. അവർക്ക് കിട്ടിയ മികച്ച പ്ലാറ്റ്ഫോമായിരുന്നു ബിഗ്ബോസ്.
അടുത്ത വർഷം കല്യാണമുണ്ടാകും. പയ്യനെ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ബിഗ്ബോസിൽ നിന്നും വിളി വന്നിരുന്നെന്നും സ്വാസിക വെളിപ്പെടുത്തുന്നു. അത്രയും ദിവസം അമ്മയ്ക്ക് തന്നെ പിരിഞ്ഞിരിക്കാൻ കഴിയാത്തതുകൊണ്ട് പോയില്ലെന്നും അവർ പറഞ്ഞു.
ഠമാർ പഠാർ ആരംഭിച്ചപ്പോൾ ആദ്യമൊക്കെ ഒരുപാട് നെഗറ്റീവ് കമന്റ്സ് വന്നിരുന്നു. ഗെയിംസ് ഒക്കെ കോമാളിത്തരമാണെന്ന് ഒരുപാടുപേർ ആക്ഷേപിച്ചിരുന്നു. അന്ന് വിഷമം തോന്നി. ബോളിവുഡിലൊക്കെ അമിതാഭ് ബച്ചനെയും ഷാരൂഖ് ഖാനെയും പോലുള്ള വലിയ താരങ്ങൾ പോലും ചാറ്റ്ഷോകളിൽ വന്നാൽ ഒരു മടിയും കൂടാതെ വളരെ കൂളായി സംസാരിക്കുകയും ഗെയിംസിൽ പങ്കെടുക്കുകയും ചെയ്യും. ബലൂൺ ചവിട്ടിപ്പൊട്ടിക്കാനും ബബിൾസ് ഊതിവിടാനും അവർക്ക് യാതൈാരു മടിയുമില്ല. എന്നാൽ ഇവിടത്തെ ചാറ്റ്ഷോകളിൽ വരുന്ന ചില സെലിബ്രിറ്റി ഗസ്റ്റുകൾ ഇത്തരം കാര്യങ്ങളിൽ നിന്നും പിൻവലിയുന്നത് കാണാം. ക്യാമറയ്ക്ക് മുന്നിൽ മസിൽ പിടിച്ച് അഭിനയിച്ചോളു. യഥാർത്ഥ ജീവിതത്തിൽ ഇതൊക്കെ ആസ്വദിക്കുന്നതിൽ എന്താണ് തെറ്റെന്നും സ്വാസ്തിക ചോദിക്കുന്നു.
മറ്റുള്ളവരുടെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടുന്നതിൽ ആഹ്ലാദം കണ്ടെത്തുന്നവരാണ് മലയാളികൾ. പേളി മാണിയുടെ ഗർഭകാല ഫോട്ടോകൾക്ക് താഴെ ഓരോരുത്തരും ഇട്ട കമന്റുകൾ മലയാളികൾക്ക് അപമാനമാണ്. ഏതെങ്കിലും സെലിബ്രിറ്റികളുടെ വിവാഹവാർത്ത വന്നാൽ അതിന് താഴെ വരുന്ന കമന്റുകൾ അവരുടെ ഡിവോഴ്സിനെ പറ്റിയാണ്. അവരും മനുഷ്യരാണെന്ന കാര്യം കമന്റിടുന്നവർ ഓർക്കുന്നില്ല. അവരാരും ഡിവോഴ്സ് ചെയ്യാൻ ആഗ്രഹിച്ച് നടക്കുന്നവരല്ല. ഇനി വരുന്ന തലമുറയെങ്കിലും മാറിച്ചിന്തിക്കുമെന്ന് കരുതാം. സ്വാസിക പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ