തിരുവനന്തപുരം: ടെക്‌നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രമായ ഐ.സി.ഫോസ്സ്‌
(International Cetnre for Free and Open Source Software) സംഘടിപ്പിക്കുന്ന 'സ്വതന്ത്ര 2014'അഞ്ചാമത് അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ സമ്മേളനം  18 മുതൽ 20 വരെ തിരുവനന്തപുരത്ത് ഹോട്ടൽ ഹൈസിൻതിൽ വച്ചു നടക്കും. 'സ്വതന്ത്ര ലോകത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയർ' എന്ന വിഷയമാണ് ഈ വർഷത്തെ സമ്മേളനത്തിൽ വിശകലനം ചെയ്യുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഡയറക്ടർ ഡോ. റിച്ചാർഡ് സ്റ്റോൾമാൻ  18 ന് വൈകുന്നേരം അഞ്ച് മണിക്ക് മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറി പി.എച്ച് കുര്യൻ  19 ന് രാവിലെ ഒമ്പത് മണിക്ക് നിർവ്വഹിക്കും.

മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ ഹോട്ടലിലെ മൂന്ന് വേദികളിലായി സമാന്തരമായി സംഘടിപ്പിക്കുന്ന സെമിനാറുകളിൽ ഇന്ത്യയിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള വിദഗദ്ധർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഇതോടനുബന്ധിച്ചുള്ള ചർച്ചകളും നടത്തും.        'സ്വതന്ത്ര ലോകത്തിന് സ്വതന്ത്ര സോഫ്റ്റ്‌വെയർ' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സ്വതന്ത്ര 2014 ആധുനിക ലോകത്തിൽ ടെക്‌നോളജി വളരെയധികം ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ അവകാശങ്ങൾ, സ്വകാര്യത, സ്വാതന്ത്ര്യം, സുരക്ഷിതത്വം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ പ്രതിബിംബിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ഐ. സി. ഫോസ്സ് ഡയറക്ടർ സതീഷ് ബാബു പറഞ്ഞു. വിദ്യാഭ്യാസം, സർക്കാർ കാര്യങ്ങളിൽ, കലാസാംസ്‌കാരിക മേഖലയിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ മറ്റു സോഫ്റ്റ്‌വെയറുകളെ അപേക്ഷിച്ച് ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ഇന്ത്യാ (FSF-India), സെന്റർ ഫോർ ഇന്റർനെറ്റ ആൻഡ് സൊസൈറ്റി (CIS) ബാംഗ്ലൂർ, സോഫ്റ്റ്‌വെയർ ഫ്രീഡം ലോ സെന്റർ (SFLC.in) ഡെൽഹി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ് (SMC), ഫോസ്സീ (FOSSEE), ഐ. ഐ. ടി ബോംബെ, സ്‌പോക്കൺ ട്യൂട്ടോറിയൽസ്, സ്‌പേസ് കേരള, ഡിപ്പാർട്ട്‌മെന്റ് ഓഫ് കമ്പ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ-ഇൻഫോർമാറ്റിക്‌സ്, കേരള സർവകലാശാല, ഐ. ട്രിപ്പിൾ ഇ (IEEE) കേരള ഘടകം തുടങ്ങിയ സ്ഥാപനങ്ങൾ സമ്മേളനത്തിന് സഹായം നൽകും.