സിനിമ ആന്ത്യന്തികമായി സംവിധായകന്റെ കലയാണെന്നാണ് പറയുക.ചില വിദേശ ചലച്ചിത്രമേളകളിലും നല്ല ചലച്ചിത്രത്തിനും നല്ല സംവിധായകനും രണ്ട് വാർഡുകൾപോലും കൊടുക്കാറില്ല.നല്ല സിനിമയെടുക്കുന്നയാൾ ഓട്ടോമറ്റിക്കായി നല്ല സംവിധായകനുമാവും.എന്നാൽ നമ്മുടെ നാട്ടിൽ അങ്ങനെയല്ല.ചലച്ചിത്രകാരന്റെ കൈയാപ്പുണ്ടെന്ന് പറയാൻ കഴിയുന്ന എത്ര ചിത്രങ്ങൾ നമുക്കുണ്ട്?വന്നുവന്ന് മോട്ടോർ മെക്കാനിക്കുകൾ വണ്ടി അസംബിൾ ചെയ്യുന്നപോലെ, ഓരോഭാഗങ്ങൾ ഒരോരുത്തരെ എൽപ്പിച്ച് മൊത്തം ഏകോപിപ്പിക്കേണ്ട ചുമതല മാത്രമായി സംവിധായകന്.

അതായത് മലയാളത്തിലെ ഡയറക്ടേഴ്‌സ് അനുനിമിഷം മരിച്ചുകൊണ്ടിരിക്കയാണെന്ന് ചുരുക്കം.ഇതിനിടയിലേക്കാണ് കൈയും വീശിക്കൊണ്ട്, കാഴ്ചയുടെ പുതിയ വ്യാകരണമൊരുക്കിക്കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരി കടന്നുവരുന്നത്.അദ്ദേഹത്തിന്റെ ശിഷ്യനായ ടിനു പാപ്പച്ചൻ അങ്കമാലി ഡയറീസിന്റെ ടീമിനെവെച്ച് ഒരുക്കിയ ചിത്രം കണ്ടപ്പോൾ മനസ്സുപറഞ്ഞു.'ഇതാണ് ഡയറക്ടേഴ്‌സ് മൂവി'. ശിഷ്യൻ ആശാനെ കടത്തിവെട്ടുമെന്ന് ചുരുക്കം.

അതിഗംഭീരമായ വിഷ്വലുകളിലൂടെയുള്ള ഈ പടത്തിന്റെ മേക്കിങ്ങ് നിങ്ങളെ കൊതിപ്പിക്കും.അവതരണ മികവുകൊണ്ട് കൈയടിക്കപ്പെടുന്ന ചിത്രങ്ങൾ നമുക്ക് അപുർവമാണെല്ലോ. പ്രതിഭയുള്ള, കൈക്കുറ്റുപ്പാട് തീർത്ത ഒരാൾക്കെ ഇതുപോലൊന്ന് സംവിധാനിക്കാനാവൂ. 

കൂട്ടത്തിൽ പറയട്ടെ, ഇതൊരു ബുജി മൂവിയുമല്ല.കാശുകൊടുത്ത് ടിക്കറ്റെടുക്കുന്ന പ്രേക്ഷകന്റെ ബുദ്ധിയെ വെല്ലുവിളിക്കുന്ന രംഗങ്ങളൊന്നും ഈ പടത്തിലില്ല.ബ്‌ളോക്ക് ബസ്റ്ററായ അങ്കമാലി ഡയറീസിലെ നായകൻ ആന്റണി വർഗീസിന്റെ അടക്കം കിടിലൻ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.അടുത്തകാലത്ത് മലയാളത്തിൽ വന്നിട്ടുള്ളിതിൽ പൗരുഷമുള്ള യുവ നടനാണ് ആന്റണി വർഗീസ്. പയ്യൻ കയറിവരും. വിനായകനും ചെമ്പൻവിനോദുമടക്കമുള്ള നടനനിരയും കത്തിക്കയറുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ മികച്ച ക്യാമറാനുള്ള പുരസ്‌കാരം നേടിയ ഗിരീഷ് ഗംഗാധരന്റെ ക്യാമറ ഇത്തവണയും അമ്പരപ്പിച്ചു. അതിലും പ്രകീർത്തിക്കപ്പെടേണ്ടത്, താരങ്ങളും കോടികളുടെ ബജറ്റുമില്ലാത്ത കൊച്ചുചിത്രങ്ങളും വൻതോതിൽ സ്വീകരിക്കപ്പെടുന്നുവെന്നതാണ്.നേരത്തെ 'സുഡാനി' സൃഷ്ടിച്ച തരംഗം മറക്കാനാവില്ല.

ഒരു ജയിൽ ചാട്ടക്കഥ

'സ്വാതന്ത്ര്യം അർധ രാത്രിയിൽ' എന്ന് കേൾക്കുമ്പോൾ ഓർമ്മവരിക, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ഡൊമിനിക് ലാപിയറും ലാരി കോളിൻസും ചേർന്നെഴുതിയ ' ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്' എന്ന വിഖ്യാത പുസ്തകമാണ്. എന്നാൽ രാജ്യസ്വാതന്ത്ര്യമല്ല വ്യക്തി സ്വാതന്ത്ര്യമാണ് ഈ പടത്തിന്റെ തീം.കോട്ടയം സബ് ജയലിലെ ചില തടവുകാർ അതിസാഹസികമായി തടവറ പൊളിച്ച് രക്ഷപ്പെടുന്ന കഥ.
ഫിലിം ഫെസ്റ്റിവലിലൂടെയൊക്കെ നാം കണ്ട പല ചിത്രങ്ങളുമായും ഈ പടത്തിന് സാമ്യം തോനുന്നുണ്ട്.പക്ഷേ കോപ്പിയടിയല്ല എന്ന് ഉറപ്പിച്ച് പറയാനും കഴിയും.'എസ്‌കേപ് ഫ്രം അൽകട്രാസ്' എന്ന ചിത്രം ഉദാഹരണം.മലയാളത്തിൽതന്നെ സീസൺ,മോസയിലെ കുതിരമീനുകൾ,സപ്തമശ്രീ തസ്‌ക്കര തുടങ്ങിയ ചിത്രങ്ങളുമായി ഈ പടം ബന്ധുത്വം പുതുക്കുന്നു.

പക്ഷേ അവക്കൊന്നും കഴിയാത്ത രീതിയിൽ സ്വാതന്ത്ര്യം എന്ന ആശയത്തെയും തടവറയെയും കൂട്ടിക്കെട്ടി സംവിധായകന്റെ കുഴമറിച്ചിലാണ് ഈ പടത്തെ ശ്രദ്ധേയമാക്കുന്നത്.ജയിലുകളെപ്പോലും പലപ്പോഴും പൈങ്കിളിവത്ക്കരിച്ചും കാൽപ്പനികവത്ക്കരിച്ചുമാണ് മലയാള ചിത്രങ്ങൾ ഇറങ്ങാറ്.മനുഷ്യൻ ഏറ്റവും കൊതിക്കുന്ന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥ സൃഷ്ടിക്കുന്ന ശൂന്യതയും മനുഷ്യത്വ ശോഷണവും എത്ര ഭീകരമാണെന്നും , എത്ര പരിഷ്‌ക്കരിച്ചാലും അടിസ്ഥാനപരമായി നമ്മുടെ തടവറകളുടെ സ്വഭാവം എന്താണെന്നും, ഈ ചിത്രം കാട്ടിത്തരുന്നുണ്ട്.സ്വാതന്ത്ര്യം തേടുന്ന മനുഷ്യൻ അതിനായി ഒരു പക്ഷേ എന്തും ചെയ്യുമെന്ന് വായിച്ചെടുക്കാം.

കോട്ടയത്തെ ഒരു ധനകാര്യസ്ഥാപനത്തിലെ മാനേജരായ ജേക്കബ് (ചിത്രത്തിൽ ആന്റണി വർഗീസ്) എന്ന യുവാവിന്റെ ജീവിതത്തിലൂടെയാണ് ചിത്രം കടന്നുപോവുന്നത്. ഒരു നല്ല കുടുംബത്തിൽ പിറന്നിട്ടും കുറ്റവാളിയായി ജയിലിലത്തെുന്ന ജേക്കബിന് എങ്ങനെയെങ്കിലും പുറത്ത് കടന്നേ മതിയാവൂ.അയാളെ കൊല്ലാനുള്ള ഒരു ടീം തന്നെ ജയിലേക്ക് വരുന്നുണ്ട്.പുറത്ത് അയാളുടെ പ്രണയിനിക്ക് ഭീഷണിയായി അതേ സംഘങ്ങളും.അതുകൊണ്ടുതന്നെ സഹതടവുകാരെ കൂട്ടിപ്പിടച്ച് ജയിൽചാട്ടത്തിനുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ജേക്കബ്.

കേട്ടാൻ അത്രയൊന്നും പുതുമ തോന്നാത്ത ഈ പ്രമേയത്തിലാണ് സംവിധാകന്റെ ടേക്കിങ്ങ് മികവ് കിടക്കുന്നത്. ആദ്യാവസാനം ഉദ്വേഗം അനുഭവപ്പെടുന്ന വിധത്തിൽ, വ്യത്യസ്തമായ ആംഗിളുകളിലൂടെയും ഫെയിമിലൂടെയുമാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും ഗംഭീരമായാണ് ഇവിടുത്തെ ജയിൽ ജീവിത ചിത്രീകരണം. കളർ ടോണാണ് ശ്രദ്ധേയം.മൊത്തത്തിലുള്ള ഡാർക്ക് ടോൺ ആണ് ഈ ചിത്രത്തിന്റെ സ്ഥായീഭാവം.

ഭൂരിഭാഗം രംഗങ്ങളും രാത്രിയിലാണുതാനും.അഡാർ മികവോടെയാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരക്കുന്നത്.മഴയത്തുള്ള സംഘട്ടന രംഗങ്ങളൊക്കെ കണ്ടാൽ നാം ക്രിസ്റ്റഫർ നോളന്റെ ചിത്രമാണോ കാണുന്നത് എന്ന് ഓർത്തുപോവും.നായകൻ പതിനഞ്ചുപേരെ ഒറ്റയടിക്ക് പഞ്ഞിക്കിട്ട് അമ്മിഞ്ഞപ്പാൽവരെ കക്കിക്കുന്ന ആക്ഷനാണ് ഇപ്പോഴും നമ്മുടെ കൊമേർഷ്യൽ സിനിമക്ക് പ്രിയം.അവിടെയാണ് ടിനുപാപ്പച്ചനെപ്പോലുള്ളവരുടെ പ്രസക്തിയും.

കാഴ്ചയുടെ പുതിയ ലോകം സമ്മാനിക്കുമ്പോഴും എഴുത്തിന്റെ പരിമതികൾ ചിത്രത്തിൽ പ്രകടമാണ്.ജയിൽചാട്ടത്തിലേക്ക് മറ്റുതടവുകാരെകൂടി കൊണ്ടുവരുന്നതിനുള്ള കാരണം വ്യക്തമാക്കാൻ ചിത്രത്തിന് കഴിയുന്നില്ല.കഥാന്ത്യത്തിൽ പതിവ് മലയാള സിനിമതന്നെ.തിരക്കഥയിൽ അൽപ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ഗംഭീരമായ ചലച്ചിത്ര അനുഭവമായിരുന്നു ഈ പടം. 

പക്ഷേ മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടതുമുണ്ട്.ജയിൽപുള്ളികളെ ന്യായീകരിക്കാനോ സാധൂകരിക്കാനോ,നായകനെപ്പോലും ക്‌ളീനാക്കാനോ ഉള്ള, പൊതുബോധത്തിൽ അടിയുറച്ച ഇമേജ് ബിൽഡിങ്ങിന് ഈ പടം ശ്രമിക്കുന്നില്ല.ഒരോ കഥാപാത്രത്തിന്റെ ഡീറ്റേയിൽസിലേക്ക് കാമറ പോകുന്നുമില്ല.

ടൈപ്പായില്ലെങ്കിൽ ആന്റണി സൂപ്പറാവും

അങ്കമാലി ഡയറീസിലെപ്പോലെതന്നെ കാസ്റ്റിങ്ങാണ് ഈ പടത്തിന് ഏറ്റവും വലിയ മുതൽക്കൂട്ടായത്.മോശമായി എന്ന് പറയാൻ ഒരാൾപോലുമില്ല.അങ്കമാലി ഡയറീസ് കഴിഞ്ഞ് ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം ആന്റണി വർഗീസ് അഭിനയിക്കുന്ന ഈ ചിത്രം, ഏറ്റവും കൂടുതൽ ഗുണം ചെയ്തത് അദ്ദേഹത്തിന് തന്നെയാണ്. എന്നാൽ അങ്കമാലിയിലെ വിൻസന്റ് പെപ്പെ എന്ന പ്രതിനായക സ്വഭാവമുള്ള നായകന്റെ അവശിഷ്ടങ്ങൾ ഈ കഥാപാത്രത്തിലും പ്രകടമാണ്.ടൈപ്പ് ആകുന്നതിന്റെ ദുസ്സൂചന കൂടിയാണെന്ന് ഇത് ആന്റണി തിരിച്ചറിയണം.മികച്ച കഥാപാത്ര തെരഞ്ഞെടുപ്പുകൾ ഉണ്ടാവുകയാണെങ്കിൽ, നിസ്സംശയം പറയാം മലയാള സിനിമ കാത്തിരിക്കുന്ന നടനാവും ആന്റണി.അദ്ദേഹത്തെ ശരീരഭാഷയാണ് ഏറ്റവും കൗതുകകരം.ഏറെക്കാലത്തിനുശേഷമാണ് പൗരുഷമുള്ള ഒരു യുവതാരത്തിന്റെ മുഖം സ്‌ക്രീനിൽ കാണുന്നത്.അൽപ്പം ഫെമിനൈൻ ടച്ചുള്ള നായകരാണ് പൊതുവെ നമുക്ക് ഉണ്ടാകാറുള്ളത്.ആന്റണിയുടെ കഥാപാത്രത്തിൻെ അനാട്ടമി അതിൽനിന്ന് ഭിന്നമാണ്.

വിനായകനും, ചെമ്പൻ വിനോദും, ടിറ്റോ വിൽസനും( അങ്കമാലി ഡയറീസിലെ യൂക്‌ളാമ്പി രാജൻ) മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്നു. വിനായകനെയും ചെമ്പൻ വിനോദിനെയും പ്രസന്റ് ചെയ്യുമ്പോൾ ഒരു സൂപ്പർതാരത്തിന് സമാനമായ കൈയടിയാണ് തീയേറ്ററിൽ ഉയരുന്നത്. ഇവരെക്കൂടാതെ 'അങ്കമാലി ഡയറീസി'ൽ അഭിനയിച്ച സിനോജ് അടക്കമുള്ള ഒട്ടുമിക്ക താരങ്ങളെയും ഈ ചിത്രത്തിൽ കാണാം. ബെറ്റി എന്ന നായികാകഥാപാത്രമായി പ്രത്യക്ഷപ്പെട്ട അശ്വതി മനോഹർ തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.പക്ഷേ നായികക്ക് ഈ പടത്തിൽ അധികമൊന്നും ചെയ്യാനില്ല.പക്ഷേ അഭിനേതാക്കളിൽ ആദിമധ്യാന്തം നിറഞ്ഞാടിയത് ഇടിവീരനായ ജയിലറായി എത്തുന്ന രാജേഷ് ശർമ്മയാണ്.ഇത് രാജേഷിന്റെ കരിയറിലെ ബ്രേക്ക് ആവട്ടെ.

പാട്ടും കാൽപ്പനികതയുമായി അധികം വെറുപ്പിക്കാത്തതിലും പ്രേക്ഷകർക്ക് നന്ദിയുണ്ട്.ജേക്‌സ് ബിജോയിലുടെ ഗാനം അത്രനന്നായി എന്ന് പറയാൻ കഴിയില്ല.എഡിറററായ ഷമീർമുഹമ്മദും,സംഘട്ടനം ചെയ്ത സുപ്രീം സുന്ദറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. പക്ഷേ സാങ്കേതിക വിഭാഗത്തിലെ സൂപ്പർ സ്റ്റാർ ക്യാമറാൻ ഗിരീഷ് തന്നെയാണ്.നല്‌ളൊരു ഡയറക്ടർ അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ട്.വൈകാതെ ഗിരീഷ് സ്വന്തമായൊരു ചിത്രവുമായത്തെുമെന്നും പ്രതീക്ഷിക്കാം.

വാൽക്കഷ്ണം: ചിത്രം എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നതിനും ഉത്തമ ഉദാഹരണമാണ് ഈ പടം.ഇടിവെട്ട് ടീസറിന്റെ അകമ്പടിയോടെ അവധിക്കാലത്തിന്റെ തുടക്കത്തിൽ തന്നെയത്തെിയ പടത്തിന് തീയേറ്റുകളിലും വൻ തിരക്കാണ്.അങ്കമാലി ഡയറീസിന്റെ താരപരിവേഷം ചൂഷണം ചെയ്യ്ത് വലിച്ചുവാരി അഭിനയിക്കാതെ നല്ല കഥാപാത്രത്തിനായി ഒരു വർഷം കാത്തിരുന്ന ആന്റണി വർഗീസിന്റെ പ്രൊഫഷണൽ രീതിയും അഭിനന്ദിക്കപ്പെടേണ്ടതാണ്.