- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിൽ വീണ് വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനൊപ്പം ഇറങ്ങി തിരിച്ചു; വിവാഹ ശേഷം അറിഞ്ഞത് ഭർത്താവിന്റെ വഴി വിട്ട ബന്ധങ്ങൾ; ചോദ്യ ചെയ്തപ്പോൾ കൊല്ലുമെന്ന് ഭീഷണിയും; ആ ഫോൺ കോൾ റിക്കോർഡ് ചെയ്തത് നിർണ്ണായകമായി; സ്വാതിശ്രീയുടെ ആത്മഹത്യക്ക് പിന്നിൽ ശ്യാംരാജ്
ചവറ: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിലാകുന്നതിന് കാരണം അവസാന ഫോൺ വിളി. ചവറ തോട്ടിനുവടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീ(22)യെയാണ് ഈ മാസം 12ന് കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് മാസം മുമ്പായിരുന്നു സ്വാതിശ്രീയുടെ വിവാഹം. പ്രണയവിവാഹമായിരുന്നു.
മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സ്വാതിശ്രീയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവ സമയത്ത് ശ്യാംരാജ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു.ശ്യാംരാജ് യുവതിയെ ഫോണിൽ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. അവസാനമായി തിരുവനന്തപുരത്ത് നിന്നും വിളിച്ച് വധ ഭീഷണി മുഴക്കിയ ശബ്ദം സ്വാതിയുടെ ഫോണിൽ റിക്കോർഡ് ചെയ്തിരുന്നത് പൊലീസിനു തുണയായി.
വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽത്തന്നെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നു. ഭർത്താവിനു വഴിവിട്ട ബന്ധങ്ങൾ ഉള്ളതായി മൊബൈൽ ഫോണിൽ നിന്നും മനസിലാക്കിയതിനെത്തുടർന്നാണ് പ്രശ്നങ്ങൾ ഉടലെടുത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ജനുവരി 12ന് രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതിൽ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേവലക്കര പാലയ്ക്കൽ തോട്ടുകര വീട്ടിൽ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. മരണത്തിൽ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിതാവ് പി.സി. രാജേഷ് ചവറ പൊലീസിൽ പരാതിയും നൽകിയിരുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്‌സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്ന സ്വാതി 2021 ജൂലൈയിൽ ഇയാളുമൊത്ത് വീടുവിട്ടിറങ്ങി വിവാഹിതയാവുകയായിരുന്നു. ആദ്യ നാളുകളിൽത്തന്നെ അസ്വാരസ്യങ്ങൾ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാൻ ആവാത്ത മാനസികാവസ്ഥയിലായിരുന്നു യുവതിയെന്നും പറയുന്നു.
ഭർത്താവ് ശ്യാംരാജ് സ്വാതിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഓരോ കാരണങ്ങൾ പറഞ്ഞു ദിവസവും സ്വാതിയെ മാനസികമായി തകർക്കാൻ ശ്യാംരാജ് ബോധപൂർവം ശ്രമിച്ചു. കഴിഞ്ഞ വർഷം ജൂലൈ 22നാണ് ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചത്.
അന്ന് മുതൽ ശ്യാംരാജിന്റെ മനോഭാവം ഇതായിരുന്നുവെന്ന് പൊലീസിന് വ്യക്തമായി. കരുനാഗപ്പള്ളി സ്പെഷ്യൽ തഹസീൽദാർ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് സ്വാതിയുടെ ബന്ധുക്കൾക്ക് വിട്ടുനൽകിയത്. സ്വാതിയുടെ തേവലക്കര പാലയ്ക്കലിലെ കുടുംബ വീട്ടിൽ വ്യാഴം വൈകിട്ട് മൃതദേഹം സംസ്‌കരിച്ചു.
മറുനാടന് മലയാളി ബ്യൂറോ